ഖുന്‍ഫുദയില്‍ മലയാളി ഏണിയില്‍ നിന്നു വീണു മരിച്ചു

ജിദ്ദ: ജോലി സ്ഥലത്തു സാധനങ്ങളുടെ സ്റ്റോക്കെടുക്കുന്നതിനിടെ ഏണിയിൽ നിന്നു വീണു പരിക്കേറ്റ് മലയാളി മരിച്ചു. ഖുൻഫുദയിലെ അൽഹസ്മി അലൂമിനിയം കമ്പനിയിൽ ജീവനക്കാരനായ മലപ്പുറം പെരിന്തൽമണ്ണ പൊന്ന്യാകുറിശ്ശി നോ൪ത്തിലെ പരേതനായ ഇടവുമ്മൽ ഹംസയുടെ മകൻ സെയ്താലിക്കുട്ടി എന്ന നാണിപ്പ (48)യാണ് മരണപ്പെട്ടത്. ശനിയാഴ്ച കമ്പനിയുടെ ഹോൾസെയിൽ ഗോഡൗണിൽ സ്റ്റോക്കെടുത്തു കൊണ്ടിരിക്കെ ഏണിയിൽ നിന്നു തെന്നി വീഴുകയായിരുന്നു. തലയടിച്ചു വീണ് ബോധം നഷ്ടപ്പെട്ട സെയ്താലിക്കുട്ടിയെ ഉടനെ മഖ്വ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നു വിദഗ്ധ ചികിൽസക്കായി അൽബാഹ കിങ് ഫഹദ് ആശുപത്രിയിലേക്കു മാറ്റി. അതീവഗുരുതരാവസ്ഥയിൽ  കഴിഞ്ഞിരുന്ന സെയ്താലിക്കുട്ടി തിങ്കളാഴ്ച മരണമടഞ്ഞു.
ജിദ്ദയിൽ 22 വ൪ഷം ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. ഖുൻഫുദയിലെ കമ്പനി ജോലിയിലേക്കു മാറിയ ശേഷം 12 ദിവസം മുമ്പാണ് നാട്ടിൽ പോയി തിരിച്ചെത്തിയത്. പുതിയ ജോലിയിൽ പ്രവേശിച്ച് രണ്ടു നാളുകൾക്കകമാണ് അത്യാഹിതം. മാതാവ്: നബീസ ഹജ്ജുമ്മ. ഭാര്യ: സമീന. മക്കൾ: ഹനീൻ സിതാര, നഹ്ല ഷെറിൻ, നസ്ല ഷെറിൻ, റഷ ഫാത്തിമ. സഹോദരങ്ങൾ: ഇ.കെ. റഷീദ് (സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪, പെരിന്തൽമണ്ണ) ആമിന, പരേതയായ സൈന, സുബൈദ, മുംതാസ് റജുല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.