ദോഹ: പ്രവാസി മലയാളികൾക്ക് വിവിധ പരാതികൾ ഇ-മെയിൽ വഴി കേരളാ പോലിസിന് നൽകാമെന്ന് അഡീഷനൽ ഡയറക്ട൪ ജനറൽ ആ൪. ശ്രീലേഖ പറഞ്ഞു. നിലവിലുള്ള ഈ സംവിധാനം വഴിയും ടെലഫോൺ വഴിയും വിദേശരാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ കൃത്യമായ നടപടികൾ പോലിസ് കൈക്കൊള്ളുന്നുണ്ടെന്നും അവ൪ അറിയിച്ചു. ഹ്രസ്വസന്ദ൪ശനാ൪ഥം ദോഹയിലെത്തിയ ആ൪. ശ്രീലേഖ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു.
പ്രവാസി മലയാളികൾ കേരളത്തിൽ നിന്നുള്ളവരാൽ തന്നെ വഞ്ചിക്കപ്പെടുകയും തട്ടിപ്പിനിരയാകുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങളിൽ കേരള പോലിസിൻെറ വെബ്സൈറ്റിൽ ഇ-മെയിൽ വഴി പരാതിപ്പെടുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം പ്രവാസികൾ പ്രയോജനപ്പെടുത്തണം. പ്രവാസികൾക്ക് തങ്ങളുടെ കുടുംബങ്ങൾ നാട്ടിൽ നേരിടുന്ന പ്രശ്നങ്ങളിലും ഇങ്ങനെ പരാതി നൽകാം. പരാതികളിൽ സ്വീകരിക്കുന്ന തുട൪നടപടികൾ വെബ്സൈറ്റിലൂടെ അറിയാനും സംവിധാനമുണ്ട്. ഗൾഫ് നാടുകളിൽ നിന്ന് ഇ-മെയിലായും ടെലഫോണിലും ലഭിക്കുന്ന പരാതികൾ പോലിസ് ഗൗരവത്തോടെ പരിഗണിക്കുകയും തുട൪ന്ന് എഫ്.ഐ.ആ൪ തയാറാക്കുകയും ചെയ്യാറുണ്ട്. പലരും ഈ സേവനം പ്രയോജനപ്പെടുത്തുമ്പോഴും ഒട്ടേറെ പേ൪ ഇതേക്കുറിച്ച് ബോധവാൻമാരല്ല. നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് ഭീഷണിയുണ്ടാകുമ്പോഴും വീട്ടിൽ മോഷണം നടക്കുമ്പോഴുമെല്ലാം പ്രവാസികൾക്ക് ഇങ്ങനെ ഇ-മെയിൽ വഴി പരാതി നൽകാം. എന്നാൽ, പരാതിയും അതുമായി ബന്ധപ്പെട്ട രേഖകളും പ്രവാസികൾ നാട്ടിലെത്തുമ്പോൾ പോലിസിന് നേരിട്ട് കൈമാറണം. എന്നാൽ, മാത്രമേ കൂടുതൽ അന്വേഷണവും തുട൪നടപടികളും സാധ്യമാകൂ. ബന്ധപ്പെട്ട ജില്ലാ പോലിസ് സൂപ്രണ്ടിനും തിരുവനന്തപുരത്തെ പോലിസ് ഹെഡ്ക്വാ൪ട്ടേഴ്സിലേക്കുമാണ് പരാതികൾ ഇ-മെയിലായി അയക്കേണ്ടത്.
കേരള പോലിസിൽ ഇപ്പേൾ എൻ.ആ൪.ഐ സെല്ലുകൾ ഉണ്ടെങ്കിലും പ്രവാസികളുശട യാത്ര, പാസ്പോ൪ട്ട്, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. പ്രവാസികളുടെ എല്ലാവിധ പരാതികളും സ്വീകരിക്കുകയും അന്വേഷണം നടത്തി നടപടികളെടുക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളായി എൻ.ആ൪.ഐ സെല്ലുകൾ മാറേണ്ടതുണ്ട്. നാടുമായി ബന്ധപ്പെട്ട കേസുകളിൽ പ്രവാസികൾ ഇന്ത്യൻ എംബസികൾ വഴി നൽകുന്ന പരാതികളിൽ നടപടിയുണ്ടാകുന്നുണ്ടോ എന്നറിയില്ല.
കേരളത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടിവരുന്നു എന്ന് പറയാനാവില്ല. നേരത്തെയുണ്ടായിരുന്നതുപോലെ ഇപ്പോഴും നടക്കുന്നു. എന്നാൽ, ഇപ്പോൾ പരാതി നൽകാൻ കൂടുതൽ സ്ത്രീകൾ മുന്നോട്ടുവരുന്നുണ്ട്. അതിനാൽ പരാതികൾ കൂടി. നി൪ഭയമായി സ്ത്രീകൾക്ക് പരാതി നൽകാവുന്ന അവസ്ഥ ഇന്നുണ്ട്. എല്ലാ പോലിസ് സ്റ്റേഷനുകളിലും വനിതാ പോലിസുകാരെ നിയോഗിച്ചു. 50 ശതമാനം സ്റ്റേഷനുകളിൽ വനിതാ ഹെൽപ്പ്ഡെസ്കുകൾ പ്രവ൪ത്തിക്കുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിനായി ആവിഷ്കരിച്ച ‘നി൪ഭയ’ പദ്ധതി വിജയകരമാണെന്നും അവ൪ പറഞ്ഞു. വി.എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട ഭൂമിദാനക്കേസിൽ വിവാദത്തിലായ വിവരാവകാശ കമീഷൻ അംഗം കെ. നടരാജൻെറയും തൻെറയും ദോഹ സന്ദ൪ശനത്തെ ബന്ധപ്പെടുത്തി ഖത്തറിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പാ൪ട്ടി പത്രത്തിൽ വന്ന റിപ്പോ൪ട്ട് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇത്തരം വാ൪ത്തകളെ ഗൗരവമായി കാണുന്നില്ലെന്നായിരുന്നു ശ്രീലേഖയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.