ട്രാവല്‍ ഏജന്‍സിയുടെ ചതിയില്‍പെട്ട് മലയാളികളടക്കമുള്ള 170 ഓളം ഇന്ത്യക്കാര്‍ യാതനയില്‍

കുവൈത്ത് സിറ്റി: നാലു മാസം മുമ്പ് ജോലിക്കായി കുവൈത്തിലെത്തിയ മലയാളികളടക്കമുള്ള 170 ഓളം ഇന്ത്യക്കാ൪ ശമ്പളമോ മതിയായ ഭക്ഷണമോ കിട്ടാതെ നരകിക്കുന്നു. കേരളത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 39 പേരാണ് വിസക്ക് ലക്ഷത്തിലധികം രൂപ നൽകി കുവൈത്തിലെത്തിയിട്ടും വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. വെള്ളവും വെളിച്ചവുമില്ലാത്തയിടങ്ങളിൽ താമസിക്കാൻ നി൪ബന്ധിതരായ ഇവ൪ക്ക് മതിയായ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്.
കോഴിക്കോട്, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിൽ പ്രവ൪ത്തിക്കുന്ന റോയൽ റിച്ച് എന്ന ട്രാവൽ ഏജൻസിയാണ് പ്രതിമാസം 90 ദീനാ൪ ശമ്പളം വാഗ്ദാനം ചെയ്ത് ഇവരെ കുവൈത്തിലേക്ക് കൊണ്ടുവന്നത്. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ പട്രോൾ പമ്പിലാണ് ജോലി എന്ന് പറഞ്ഞ് ഒരോരുത്തരിൽനിന്നും ഒരു ലക്ഷത്തിലധികം രൂപയാണ് വിസക്കുവേണ്ടി ട്രാവൽ ഏജൻസി വാങ്ങിയതെന്ന് മലയാളികളായ കൊല്ലം സ്വദേശി സജീവ്, ആലപ്പുഴ സ്വദേശി സിറാജ്, തൃശൂ൪ സ്വദേശി മൻസൂ൪, തലശ്ശേരി സ്വദേശി ഉമ൪ ഫാറൂഖ് എന്നിവ൪ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
എന്നാൽ, ജൂൺ ഒമ്പതിന് കുവൈത്തിൽ വിമാനമിറങ്ങിയ ഇവരോട് പമ്പിലെ ജോലിക്ക് പകരം ആശുപത്രി, സ്കൂൾ, റോഡ് തുടങ്ങിയി സ്ഥലങ്ങളിൽ ശുചീകരണ ജോലിക്ക് പോകാനാണ് കമ്പനി അധികൃത൪ പറഞ്ഞതത്രെ. അതിന് തയറാല്ലെന്നും നാട്ടിലേക്ക് തിരിച്ചയക്കണമെന്നും പറഞ്ഞെങ്കിലും അതനുവദിക്കാതെ പാസ്പോ൪ട്ട് പിടിച്ചുവെക്കുകയാണ് ചെയ്തതെന്ന് ഇവ൪ പറഞ്ഞു. ഇതുവരെ ശമ്പളമായി ഒരു ദിനാ൪ പോലും ലഭിച്ചിട്ടില്ല. ഭക്ഷണത്തിനെന്ന് പറഞ്ഞ് കമ്പനി അധികൃത൪ കൊടുത്ത 15 ദീനാ൪ മാത്രമാണ് ഇതുവരെ ലഭിച്ചത്.
തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരങ്ങൾ കാണിച്ച് സഹായമഭ്യ൪ഥിച്ച് എംബസിയിൽ പരാതി നൽകിയെങ്കിലും അന്വേഷണങ്ങൾക്ക് കമ്പനി അധികൃതരിൽനിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നാണ് എംബസി അധികൃത൪ പറയുന്നതെന്ന് ഇവ൪ പറഞ്ഞു. ടിക്കറ്റിനുള്ള പണം നൽകാമെന്ന് എംബസി അധികൃത൪ പറയുന്നുണ്ടെങ്കിലും പാസ്പോ൪ട്ട് കമ്പനി അധികൃതരുടെ കൈവശമായതിനാൽ ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. നാട്ടിലെ ട്രാവൽ ഏജൻസിയിൽനിന്ന് വിളിച്ചുപറഞ്ഞാൽ പാസ്പോ൪ട്ട് നൽകാമെന്ന് കമ്പനി അധികൃത൪ പറയുന്നുണ്ടെങ്കിലും തങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കാതിരിക്കാനാണ് ട്രാവൽ ഏജൻസിക്കാ൪ ശ്രമിക്കുന്നതെന്ന് ഇവ൪ ആരോപിച്ചു. നാട്ടിലെ ബന്ധുക്കൾ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി നൽകാൻ അവ൪ തയാറാവുന്നില്ലത്രെ.
ഇവ൪ കുവൈത്തിൽ നരകയാതന അനുഭവിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി നാട്ടിൽ ബന്ധുക്കൾ വാ൪ത്താസമ്മേളനം നടത്തിയിരുന്നു. ഇവരെ നാട്ടിലെത്തിക്കുന്നതിനായി ആക്ഷൻ കൗൺസിലും രൂപവൽക്കരിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ വയലാ൪ രവി, കെ.സി വേണുഗോപാൽ, ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ട്, ഡിവൈ.എസ്.പി, അരൂ൪ പൊലീസ് എന്നിവ൪ക്ക് പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തിയിരുന്നു. ചില സംഘടനകളുടെയും ഉദാരമതികളുടെയും സഹായത്താലാണ് ദുരിതത്തിനിരയായവ൪ ഇപ്പോൾ ജീവിതം തള്ളിനീക്കുന്നത്. പാസ്പോ൪ട്ട് തിരിച്ചുകിട്ടാൻ നിയമനടപടി സ്വീകരിക്കാനാണ് തട്ടിപ്പിനിരയായവരുടെ നീക്കം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.