59 വയസിനിടെ 64 ശസ്ത്രക്രിയ; വിജയന്‍ വീണ്ടും ഓപറേഷന്‍ തിയേറ്ററിലേക്ക്

മസ്കത്ത്: 20 വ൪ഷം വിയ൪പ്പൊഴുക്കിയ ഒമാനിലേക്ക് വിജയൻ വീണ്ടും തിരിച്ചുവന്നിരിക്കുകയാണ് 14 വ൪ഷത്തെ ഇടവേളക്ക് ശേഷം. അപൂ൪വരോഗത്തിന് രോഗത്തിന് ശമനം തേടി ഇതുവരെ 64 വട്ടം ശസ്ത്രക്രിയക്ക് വിധേയനായ വിജയൻെറ സമ്പാദ്യമെല്ലാം ഓപറേഷൻ തിയേറ്ററുകളിൽ തീ൪ന്നിരിക്കുന്നു. ദിവസങ്ങൾക്കുള്ളിൽ നടക്കേണ്ട അടുത്ത ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ പഴയകാല സുഹൃത്തുക്കളുടെ കനിവ് തേടുകയാണ് ഈ 59കാരൻ.
1978 മുതൽ മസ്കത്തിൽ എ.സി. മെക്കാനിക്കായി ജോലിചെയ്തിരുന്ന ഈ തൃശൂ൪ അത്താണി സ്വദേശിക്ക് 17ാം വയസിലാണ് ‘നാസോഫൈറിഞ്ചൽ റീനോസ്പൊറീഡിയസ്’ എന്ന അപൂ൪വ രോഗത്തിൻെറ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. മൂക്കിൽ നിന്ന് തുട൪ച്ചയായി രക്തം വരുന്നതായിരുന്നു ആദ്യലക്ഷണം. പിന്നീട് മൂക്കിനകത്തും, വായിലും ശരീരത്തിൻെറ വിവിധ ഭാഗങ്ങളിലും സ്ട്രോബെറിയുടെ മാതൃകയിൽ മാംസം വളരാൻ തുടങ്ങി. വള൪ന്നുവരുന്ന മാംസ കഷണങ്ങൾ മുറിച്ചും കരിച്ചും നീക്കം ചെയ്യാനാണ് ഓരോവട്ടവും ശസ്ത്രക്രിയക്ക് വിധേയനാക്കുന്നത്. ആദ്യഘട്ടത്തിൽ വ൪ഷത്തിലൊരിക്കൽ ശസ്ത്രക്രിയ മതിയായിരുന്നുവെങ്കിൽ ഇപ്പോൾ രണ്ടര മാസം കൂടുമ്പോൾ വള൪ച്ച മുറിച്ചു നീക്കേണ്ടി വരുന്നു. മസ്കത്തിൽ ജോലി ചെയ്തിരുന്ന കാലത്ത് അൽനഹ്ദ ആശുപത്രി, സുൽത്താൻ ഖാബൂസ് ആശുപത്രി എന്നിവിടങ്ങളിൽ പലവട്ടം ശസ്ത്രക്രിയക്ക് വിധേയനായി. ചികിൽസ തുടരാനായി പിന്നീട് ജോലി ഉപേക്ഷിച്ച് 1998ൽ നാട്ടിലേക്ക് മടങ്ങി. കൃത്യമായ ചികിൽസ ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത രോഗത്തിന് നാട്ടിൽ തേടാത്ത ചികിൽസകളും, കാണാത്ത ഡോക്ട൪മാരും ഇല്ലെന്നായി. എറണാകുളം അമൃത ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോൾ ഗിന്നസ് ബുക്ക് അധികൃത൪ വിജയനെ കാണാനെത്തി. ഏറ്റവും കൂടുതൽ തവണ ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തി എന്ന നിലയിൽ വിവരങ്ങൾ ശേഖരിക്കാനായിരുന്നു അത്. ചലച്ചിത്രതാരം കലാഭവൻ മണിയുൾപ്പെടെ നിരവധി ഉദാരമനസ്കരുടെ സഹായത്തിലാണ് ഇതുവരെ ശസ്ത്രക്രിയകൾ നടത്തിയത്.  
കന്നുകാലിയെ കുളിപ്പിക്കുമ്പോഴോ, മുങ്ങി കുളിക്കുമ്പോഴോ ശരീരത്തിൽ പ്രവേശിച്ച വൈറസാണ് രോഗത്തിന് കാരണമെന്നാണ് ഡോക്ട൪മാരുടെ വിലയിരുത്തൽ. കന്നുകാലികളുമായി ബന്ധപ്പെട്ട ജോലി ചെയ്തിട്ടില്ലാതെ തനിക്ക് എങ്ങനെ ഈ അസുഖം വന്നുവെന്ന് വിജയനെന്ന പോലെ ഡോക്ട൪മാ൪ക്കും തിട്ടമില്ല. ജീവിതത്തിലൊരിക്കലും മാംസമോ, കോഴിമുട്ടയോ കഴിച്ചിട്ടില്ലാത്ത വെജിറ്റേറിയനുമാണ് വിജയൻ. രോഗകാരണം വൈദ്യശാസ്ത്രത്തിന് പിടികൊടുക്കാതെ പായുമ്പോഴും വള൪ന്നുവരുന്ന മാംസ കഷണങ്ങളെ മുറിച്ചുനീക്കാതെ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥവരും. അപ്പോൾ വീണ്ടും ലേസ൪ ശസ്ത്രക്രിയയിലൂടെ അവ മുറിച്ചു മാറ്റും. ഇപ്പോൾ തലച്ചോറിൽ രോഗത്തിൻെറ മൂലകാരണമായ ഭാഗം കണ്ടെത്തിയിരിക്കുന്നുവെന്നാണ് ഡോക്ട൪മാ൪ പറയുന്നത്. ഇതിനായി ദിവസങ്ങൾക്കുള്ളിൽ അടുത്ത ശസ്ത്രക്രിയക്ക് വിധേയനാകണം. ഓരോ ശസ്ത്രക്രിയക്കും 30,000 രൂപയിലേറെ വേണം. നാട്ടിൽ അഞ്ചര സെൻറ് സ്ഥലവും അതിൽ പണിതീരാത്ത വീടും കുറെ കടങ്ങളുമാണ് വിജയൻെറ സമ്പാദ്യം. രോഗം മൂലം വിവാഹം ഏറെ വൈകി. കുഞ്ഞുപിറക്കാൻ വീണ്ടും 13 വ൪ഷം കാത്തിരിക്കേണ്ടി വന്നു. ഏക മകന് ഇപ്പോൾ 15 വയസ്. നിരന്തരമായി ശസ്ത്രക്രിയക്ക് വിധേയനാകുന്നതിനാൽ ബോധംകെടുത്താനുള്ള മരുന്നുകളോട് ശരീരം പ്രതികരിക്കാതായിരിക്കുന്നു എന്നതാണ് ഇപ്പോൾ നേരിടുന്ന മറ്റൊരു വെല്ലുവിളി. ശസ്ത്രക്രിയ പുരോഗമിക്കുമ്പോൾ ചിലപ്പോൾ പൊടുന്നനെ ബോധം തിരിച്ചുവന്നെന്ന് വരും.
അപൂ൪വരോഗത്തിന് മുന്നിൽ വൈദ്യശാസ്ത്രം മുട്ടുമടക്കുമ്പോഴും വിജയൻ ശുഭാപ്തി വിശ്വാസത്തിലാണ് എന്നെങ്കിലുമൊരിക്കൽ തൻെറ രോഗത്തിനും മരുന്ന് കണ്ടെത്തുമെന്ന്. വിജയനെ സഹായിക്കാൻ താൽപര്യമുള്ളവ൪ക്ക് 93198447,  92901437 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. സുഹൃത്തുക്കൾ സന്ദ൪ശകവിസയിൽ ഒമാനിലെത്തിയ വിജയൻ ഈമാസം എട്ടിന് നാട്ടിലേക്ക് മടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.