റിയാദ്: ഹജ്ജ് കാലത്ത് പുണ്യ നഗരങ്ങളിൽ പാചകത്തിന് ലിക്വിഡ് ഗ്യാസ് സിലിണ്ട൪ (എൽ.പി.ജി) ഉപയോഗിക്കുന്നതിന് ഈ വ൪ഷവും വിലക്ക് ഏ൪പ്പെടുത്തി. സൗദി ഹജ്ജ് ഉന്നത സമിതി അധ്യക്ഷൻ കൂടിയായ ആഭ്യന്തരമന്ത്രി അമീ൪ അഹ്മദ് ബിൻ നായിഫ് അബ്ദുൽ അസീസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തീ൪ഥാടകരുടെ സുരക്ഷ മുൻനിറുത്തി തീപിടിത്തം ഒഴിവാക്കാനുള്ള മുൻകരുതൽ എന്ന നിലക്കാണ് ഈ നിയന്ത്രണമെന്നും നിയമം ലംഘിക്കുന്നവ൪ക്കെതിരെ ക൪ശനനടപടിയെടുക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മിനാ, അറഫ, മുസ്ദലിഫ എന്നീ പുണ്യ നഗരികളിൽ നിയമം ബാധകമായിരിക്കുമെന്ന് സൗദി സിവിൽ ഡിഫൻസ് മേധാവി ജനറൽ സഅദ് ബിൻ അബ്ദുല്ല അത്തുവൈജിരി പറഞ്ഞു. ഹജ്ജ്സംഘങ്ങൾ, പുണ്യനഗരിയിലുള്ള സ൪ക്കാ൪ സ്ഥാപനങ്ങൾ, ചാരിറ്റി വകുപ്പുകൾ, ഹജ്ജ് സേവനത്തിലുള്ളവ൪ എന്നിവ൪ ആഭ്യന്തരമന്ത്രാലയത്തിൻെറ നിയമം പാലിച്ചിരിക്കണം. നിയമം ലംഘിച്ച് ഗ്യാസ് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി പ്രത്യേകസംഘം പുണ്യനഗരിയിൽ നിരീക്ഷണം നടത്തും. സിലിണ്ട൪ പിടിച്ചെടുക്കുന്നതിന് പുറമെ 30,000 റിയാൽ പിഴയും തടവും ശിക്ഷ വിധിക്കുകയും ചെയ്യും.
മുൻ വ൪ഷങ്ങളിലും പാചക ഗ്യാസ് ഉപയോഗത്തിന് പുണ്യനഗരിയിൽ വിലക്ക് ഏ൪പ്പെടുത്തിയിരുന്നു. തീപിടിത്തം തടയാൻ ഈ തീരുമാനം സഹായകമായിട്ടുണ്ടെന്നാണ് അനുഭവമെന്നു സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു.
പുണ്യനഗരിയിലേക്ക് ഗ്യാസ് സിലിണ്ട൪ കൊണ്ടുവരുന്നത് തന്നെ ശിക്ഷാ൪ഹമാണെന്നതിനാൽ ഗ്യാസ് ഉപയോഗിച്ചില്ലെങ്കിലും സിലിണ്ട൪ കൊണ്ടുവരുന്നത് ശ്രദ്ധയിൽ പെട്ടാൽ ശിക്ഷ ലഭിക്കും. തീ൪ഥാടകരുടെ സുരക്ഷ ലക്ഷ്യമാക്കി നടപ്പാക്കിയ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും അധികൃത൪ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.