ദോഹ: ഖത്തറിൽ സ്വന്തമായി കമ്പനി തുടങ്ങി സ്വദേശിയുടെ ചതിയിൽപ്പെട്ട തമിഴ്നാട് സ്വദേശി നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതത്തിൽ. പ്രമേഹം മൂ൪ഛിച്ച ഇദ്ദേഹത്തിൻെറ കാൽവിരലുകൾ മുറിച്ചുമാറ്റണമെന്നും വിഗദ്ധ ചികിൽസ വേണമെന്നും ഡോക്ട൪മാ൪ നി൪ദേശിച്ചിട്ടും തൻെറ മേൽ കെട്ടിവെക്കപ്പെട്ട ചെക്ക് കേസ് തമിഴ്നാട് തിരുച്ചിറിപ്പള്ളി സ്വദേശിയായ അൻവറുദ്ദീൻ ഇമാം ഷാ (51) എന്ന നിരപരാധിയുടെ യാത്ര മുടക്കിയിരിക്കുകയാണ്. സ്വദേശിയുടെ ചതിയിൽ സമ്പാദ്യവും കമ്പനിയും നഷ്ടപ്പെട്ട ഇദ്ദേഹം നാട്ടിലെത്താൻ സഹായിക്കണമെന്ന പരാതിയുമായി കഴിഞ്ഞദിവസം ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസിലെത്തി.
നല്ലൊരു ജീവിതം സ്വപ്നം കണ്ട് അധ്വാനിച്ച അൻവറുദ്ദീൻെറ ഇന്നത്തെ അവസ്ഥ ആരുടെയും കരളലിയിക്കുന്നതാണ്. പഴുത്തുപൊട്ടിയ കാൽ വിരലുകൾ കൂട്ടിക്കെട്ടിവെച്ച് നടക്കാൻ പ്രയാസപ്പെടുന്ന ഇദ്ദേഹത്തെ യൂത്ത് ഫോറം പ്രവ൪ത്തകരാണ് എംബസിയിലെത്തിച്ചത്. നാട്ടിൽ വാഹന മെക്കാനിക്കായിരുന്ന അൻവറുദ്ദീൻ 2007ൽ ഹിലാലിലെ വീട്ടിൽ ഡ്രൈവറായാണ് ഖത്തറിലെത്തിയത്. മൂന്നുവ൪ഷം കഴിഞ്ഞ് അവധിക്ക് പോയി വന്നു. ഈ സമയത്ത് മറ്റൊരു സ്പോൺസറെ കണ്ടെത്തി കുറച്ചുകൂടി മെച്ചപ്പെട്ട ജോലി ചെയ്യാനും റിലീസ് നൽകാമെന്നും വീട്ടുടുമയാണ് പറഞ്ഞത്. അങ്ങനെ മറ്റൊരു സ്വദേശിയെ കണ്ടെത്തി അദ്ദേഹത്തിന് കീഴിൽ അൻവറുദ്ദീൻെറ പേരിൽ മൈദറിൽ അൽ അതിയ്യ അൽ അസ്മ എന്ന കൺസ്ട്രകഷ്ൻ കമ്പനി തുടങ്ങി. മലയാളി സുഹൃത്ത് വായ്പയായി നൽകിയ തുക കൂടി ചേ൪ത്ത് 70,000 റിയാലായിരുന്നു മുടക്കുമുതൽ. കമ്പനിക്ക് അനുവദിച്ച വിസയിൽ 11 നേപ്പാളികളെയും ഒമ്പത് തമിഴ്നാട്ടുകാരെയും ജോലിക്ക് കൊണ്ടുവന്നു. പ്രതിമാസം അയ്യായിരം റിയാൽ വാടകക്ക് കമ്പനിക്ക് വേണ്ടി മൈദറിൽ ഓഫീസും എടുത്തു. ഇതിന് കെട്ടിടമുടമക്ക് മുൻകൂറായി 12 മാസത്തെ ചെക്ക് ഒപ്പിട്ട് നൽകി. തുട൪ച്ചയായി ജോലികൾ ഏറ്റെടുത്ത് ചെയ്യാൻ ആരംഭിച്ചതോടെ പദ്ധതി ഉടമകളിൽ നിന്ന് സ്വദേശി നേരിട്ട് പണം കൈപ്പറ്റാൻ തുടങ്ങി. അൻവറുദ്ദീനോ തൊഴിലാളികൾക്കോ പ്രതിഫലമായി ഒന്നും നൽകിയില്ല. ശമ്പളം കിട്ടാതായതോടെ തൊഴിലാളികളുടെ നാട്ടിലുള്ള ബന്ധുക്കൾ ഇദ്ദേഹത്തിൻെറ വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതോടെ നാട്ടിലുള്ള സ്ഥലവും സ്വ൪ണവുമെല്ലാം വിറ്റ് ഒമ്പത് തൊഴിലാളികളുടെയും വീട്ടിൽ കൃത്യമായി ശമ്പളമെത്തിച്ചു. കമ്പനിയുമായി അൻവറുദ്ദീന് ഒരു ബന്ധവുമില്ലെന്നാണ് സ്വദേശി തൊഴിലാളികളോട് പറഞ്ഞത്.
ചെയ്യുന്ന ജോലിയുടെ പണമെല്ലാം നേരിട്ട് വാങ്ങിച്ചെടുക്കുന്ന സ്വദേശി, ഓഫീസ് കെട്ടിടത്തിൻെറ ഉടമക്ക് വാടക നൽകിയില്ല. മൂന്ന് ചെക്കുകൾ തുട൪ച്ചയായി മടങ്ങിയതോടെ കെട്ടിടമുടമ നൽകിയ കേസിൽ അൻവറുദ്ദീൻ ജയിലിലായി. പുതിയ വിസ നൽകാമെന്ന വാഗ്ദാനം സ്വദേശി ലംഘിച്ചു. ഇതിനിടെ ഹൗസ് ഡ്രൈവറുടെ വിസയുടെ കാലാവധി കഴിയുകയും ചെയ്തു. മലയാളി സുഹൃത്താണ് പാസ്പോ൪ട്ട് ഈടുവെച്ച് അൻവറുദ്ദീനെ ജാമ്യത്തിലിറക്കിയത്. ഈ സമയത്ത് കമ്പനി തനിക്ക് എഴുതി നൽകണമെന്നും വാടകയും കേസുമടക്കമുള്ള ബാധ്യതകളെല്ലാം താൻ തീ൪ക്കാമെന്നും സ്വദേശി അറിയിച്ചു. എന്നാൽ, ആദ്യം ബാധ്യതകൾ തീ൪ത്ത് രേഖകളും പാസ്പോ൪ട്ടും തൻെറ പണവും തിരിച്ചുനൽകണമെന്നായിരുന്നു അൻവറുദ്ദീൻെറ ആവശ്യം. തുട൪ന്ന് ഇയാളെ സ്വദേശിയും ബന്ധുക്കളും ചേ൪ന്ന് മൂന്നുദിവസത്തോളം മുറിയിലടച്ചിട്ട് ക്രൂരമായി മ൪ദിച്ച് ചില പേപ്പറുകളിൽ ഒപ്പിട്ടുവാങ്ങി. 5000 റിയാൽ കൈപ്പറ്റി കമ്പനി അൻവറുദ്ദീൻ വിട്ടുകൊടുത്തതായി പിന്നീട് ഇതിൽ എഴുതിച്ചേ൪ത്തു. തുട൪ന്ന് എംബസിയിൽ പരാതി നൽകി. ഇതിനിടെ തൻെറ മാതാവും രണ്ട് മക്കളും മരണപ്പെട്ടെങ്കിലും നാട്ടിൽ പോകാനായില്ല. പ്രമേഹം വല്ലാതെ മൂ൪ഛിച്ചിരിക്കുന്നു. വിരലുകൾ ഇപ്പോൾ മുറിച്ചുമാറ്റിയില്ലെങ്കിൽ പിന്നീട് കാല് മുറിക്കേണ്ടിവരുമെന്നാണ് ഡോക്ട൪മാ൪ അറിയിച്ചിരിക്കുന്നത്. പാസ്പോ൪ട്ട് സി.ഐ.ഡിയിൽ ഏൽപ്പിച്ചെന്നാണ് സ്പോൺസ൪ പറഞ്ഞിരുന്നത്. എന്നാൽ, എംബസിയിൽ നിന്നുള്ള രേഖകളുമായി സി.ഐ.ഡിയിൽ അന്വേഷിച്ചപ്പോഴാണ് പാസ്പോ൪ട്ട് അവിടെ ഇല്ലെന്ന് അറിയുന്നത്. ഏഴ് മാസത്തോളം കമ്പനി അൻവറുദ്ദീൻെറ പേരിലായിരുന്നു. ജോലിയും ശമ്പളവുമില്ലാത്തതിനാൽ ഈ സമയത്തൊന്നും വാടക കൊടുത്തിരുന്നില്ല. ഓരോ മാസവും കെട്ടിടമുടമ ചെക്കുകൾ ബാങ്കിൽ ഹജരാക്കിയിരുന്നു. അങ്ങനെ അയ്യായിരം റിയാൽ വീതമുള്ള ഏഴ് ചെക്കുകൾ മടങ്ങിയതോടെ അൻവറുദ്ദീന് യാത്രാനിരോധം വന്നു. ഇതുമൂലം എമ൪ജൻസി ഔ്പാസിൽ പോകാനുള്ള സാധ്യതകളും മങ്ങി.
ചില നേപ്പാളി സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് ഇപ്പോൾ അൻവറുദ്ദീൻെറ താമസവും ഭക്ഷണവും. തന്നെ പുറത്തുകണ്ടാൽ കെട്ടിടമുടമ പോലിസിൽ ഏൽപ്പിക്കുമെന്ന് ഇയാൾ പറയുന്നു. സമ്പാദ്യമെല്ലാം നഷ്ടമായി. രോഗങ്ങൾ മൂ൪ഛിച്ചു. ആരോഗ്യം ക്ഷയിച്ചു. പട്ടിണിയും ദാരിദ്ര്യവുമായി കുടുംബം വാടകവീട്ടിൽ. എങ്കിലും അൻവറുദ്ദീന് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണമെന്നോ നിയമയുദ്ധത്തിനിറങ്ങി ആരെയെങ്കിലും തോൽപ്പിക്കണമെന്നോ ആഗ്രഹമില്ല. എങ്ങനെയും നാട്ടിലെത്തി കുടുംബത്തെ കാണാനും ചികിൽസ നടത്താനും അവസരമുണ്ടാക്കണമെന്നായിരുന്നു അൻവറുദ്ദീൻെറ ആവശ്യം.
ഓപൺഹൗസിൽ അംബാസഡറും മറ്റ് അധികൃതരുമായി സംസാരിച്ചതിനെത്തുട൪ന്ന് താൽക്കാലിക സഹായമായി 300 റിയാൽ അനുവദിക്കുകയും ചികിൽസക്കായി ആസ്റ്റ൪ മെഡിക്കൽ സെൻററിലേക്ക് കത്തു നൽകുകയും ചെയ്തു. എന്നാൽ, ഭക്ഷണമോ താമസസൗകര്യമോ നൽകാനാവില്ലെന്നാണ് എംബസി അറിയിച്ചിരിക്കുന്നതെന്ന് അൻവറുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.