ടാക്സി ഡ്രൈവര്‍മാരുടെ സേവനം വിലയിരുത്താന്‍ എസ്.എം.എസ് സംവിധാനം

ദുബൈ: ടാക്സി ഡ്രൈവ൪മാരുടെ സേവനം വിലയിരുത്തുന്നതിനും പ്രവ൪ത്തനം മെച്ചപ്പെടുത്തുന്നതിനും ദുബൈ ടാക്സി കോ൪പറേഷനും റോഡ്സ് ആൻറ് ട്രാൻസ്പോ൪ട്ട് അതോറിറ്റിയും സംയുക്തമായി എസ്.എം.എസ് സംവിധാനം ഏ൪പ്പെടുത്തി. ഡ്രൈവ൪മാരുടെ പ്രവ൪ത്തനം തത്സമയം വിലയിരുത്തുന്ന ‘ശുക്റൻ’ എന്ന പദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്.
ഡ്രൈവറുടെ പ്രവ൪ത്തനം തൃപ്തികരമാണെന്ന് തോന്നുന്ന ഉപഭോക്താവിന് 6555 എന്ന നമ്പറിലിലേക്ക് എസ്.എം.എസ് അയക്കാം.ടാക്സിയുടെ സൈഡ് നമ്പറും സഞ്ചരിച്ച സമയവും അഭിപ്രായവും രേഖപ്പെടുത്തിയാണ് എസ്.എം.എസ് അയക്കേണ്ടത്. ഈ അഭിപ്രായങ്ങൾ ഡ്രൈവറുടെ റെക്കോ൪ഡിൽ രേഖപ്പെടുത്തും. അഭിപ്രായങ്ങൾ സ്വരൂപിച്ച് ഡ്രൈവ൪മാരെ ആദരിക്കുകയും അവാ൪ഡ് നൽകുകയും ചെയ്യും. ഡ്രൈവ൪മാരുടെ പ്രവ൪ത്തനം നിരന്തരം വിലയിരുത്തുകയും പ്രകടനം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. ഇത്തരം പ്രവ൪ത്തനങ്ങളിലൂടെ ഉപഭോക്താക്കളുടെ സംതൃപ്തി വ൪ധിക്കുന്നതിനനുസരിച്ച് കൂടുതൽ വരുമാനമുണ്ടാക്കാമെന്നാണ് കോ൪പറേഷൻ പ്രതീക്ഷിക്കുന്നത്.
ഡ്രൈവ൪മാരുടെ ഉപഭോക്താക്കളോടുള്ള പെരുമാറ്റം പ്രത്യേകം നിരീക്ഷിക്കും. ഉപഭോക്താക്കളിൽ നിന്ന് ഏറ്റവും കുറവ് പരാതി ലഭിക്കുന്ന ഡ്രൈവ൪ക്കായിരിക്കും അവാ൪ഡ് നി൪ണയത്തിൽ മുൻഗണന. അപകട നിരക്ക്, ട്രാഫിക് നിയമലംഘനങ്ങൾക്ക് ലഭിച്ച പിഴ, ഉണ്ടാക്കിയ വരുമാനം എന്നീ മാനദണ്ഡങ്ങളും പരിഗണിക്കും. പ്രവ൪ത്തനം വിലയിരുത്തി എക്സലൻറ്, വെരിഗുഡ്, ഗുഡ്, ആക്സപ്റ്റഡ് എന്നിങ്ങനെ നാലു ഗ്രേഡുകൾ ഡ്രൈവ൪മാ൪ക്ക് നൽകും.
‘ശുക്റൻ’ എന്ന പദ്ധതിയനുസരിച്ച് ഡ്രൈവ൪മാരുടെ പ്രവ൪ത്തനം ടാക്സി കോ൪പറേഷൻ തന്നെ വിലയിരുത്തും. കോ൪പറേഷൻ സി.ഇ.ഒ, ഡയറക്ട൪മാ൪, മാനേജ൪മാ൪, ഉദ്യോഗസ്ഥ൪ എന്നിവ൪ക്ക് കൂപ്പണുകൾ വിതരണം ചെയ്യും. ഡ്രൈവ൪മാരെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവ൪ക്ക് പ്രത്യേക ബോക്സിൽ നിക്ഷേപിക്കാം. വാഹനത്തിൻെറയും ഡ്രൈവറുടെയും വൃത്തി, കളഞ്ഞുകിട്ടിയ സാധനങ്ങൾ തിരിച്ചേൽപിക്കുന്നതിലുള്ള ശുഷ്കാന്തി, ജോലിയോടുള്ള കൂറ് എന്നിവ പ്രത്യേകം പരിഗണിക്കും. കൂപ്പണിൻെറ ഒരുഭാഗത്ത് ഡ്രൈവറുടെ പേര്, വാഹന നമ്പ൪, കൂപ്പൺ നൽകാനുള്ള കാരണം എന്നിവ രേഖപ്പെടുത്തും. മാസത്തിലൊരിക്കൽ നടക്കുന്ന നറുക്കെടുപ്പിൽ ആദ്യ മൂന്ന് സ്ഥാനത്തെത്തുന്നവ൪ക്ക് കോ൪പറേഷൻ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ 2500, 1500, 1000 ദി൪ഹം സമ്മാനമായി നൽകും.
ടാക്സി ഡ്രൈവ൪മാ൪ക്കായി നിരവധി പരിശീലന പരിപാടികളും മത്സരങ്ങളും വിനോദയാത്രകളും കോ൪പറേഷൻ നിരന്തരം സംഘടിപ്പിച്ചുവരുന്നുണ്ട്. 31 രാജ്യങ്ങളിൽ നിന്ന് 8000ലധികം ടാക്സി ഡ്രൈവ൪മാരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.