‘കടം വീടിയില്ലെങ്കിലും വേണ്ടിയില്ല; ഇനിയും പിടിച്ചു നില്‍ക്കാനാകില്ല സാര്‍...’

മനാമ: ‘ആറു വ൪ഷമായി സാ൪ നാട്ടിൽ പോയിട്ട്. വിസക്ക് കൊടുക്കാൻ കടം വാങ്ങിയ പണം തിരിച്ചു നൽകാനാണ് ഇത്രയും നാൾ കുടുംബത്തെ തനിച്ചാക്കി ഇവിടെ കഷ്ടപ്പെട്ടത്. കട ബാധ്യത തീ൪ന്നില്ലെങ്കിലും ഇനിയും പിടിച്ചു നിൽക്കാനാകില്ല സാ൪. നാട്ടിൽ ഒറ്റക്ക് കഴിയുന്ന കുടുംബത്തിന് നിരവധി പ്രശ്നങ്ങളാണ്. അതുകൊണ്ട് തങ്ങളെ നാട്ടിൽ അയക്കാൻ നടപടി സ്വീകരിക്കണം’ -തമിഴ്നാട് സ്വദേശികളായ കൃഷ്ണമൂ൪ത്തി പെരിയ സ്വാമിയും സെന്തിൽ സുബ്രഹ്മണ്യനും ഇന്ത്യൻ എംബസിയുടെ ഓപൺ ഹൗസിൽ കെഞ്ചി. സാമൂഹിക പ്രവ൪ത്തകനായ ബഷീ൪ അമ്പലായിയാണ് ഇവരെ ഓപൺ ഹൗസിൽ എത്തിച്ചത്.
കള്ളകു൪ചി സ്വദേശിയായ കൃഷ്ണമൂ൪ത്തി 2006ലാണ് ബഹ്റൈനിൽ എത്തുന്നത്. ശിവഗംഗയിലെ സെന്തിൽ 2007ലും. വട്ടിപ്പലിശക്ക് കടം വാങ്ങി ഒരു ലക്ഷം രൂപ വിസക്ക് നൽകിയാണ് ക്ളീനിങ് കമ്പനിയിൽ ജോലി സമ്പാദിച്ചത്. തുടക്കത്തിൽ 50 ദിനാറായിരുന്നു മാസ ശമ്പളം. രണ്ട് വ൪ഷമായി 75 ദിനാ൪ ലഭിക്കുന്നുണ്ട്. ഭക്ഷണം ഇതിൽനിന്ന് കഴിയണം. ഒരു ദിവസം ലീവായാൽ അഞ്ച് ദിനാ൪ ശമ്പളത്തിൽനിന്ന് കുറക്കുമത്രെ. പലപ്പോഴും ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് പട്ടിണി കിടന്ന് പണം മിച്ചം വെച്ചാണ് ഇവ൪ കുടുംബത്തിന് അയച്ചുകൊടുക്കാറുള്ളത്.
കൃഷ്ണമൂ൪ത്തിക്ക് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. ഒറ്റക്ക് താമസിക്കുന്ന കുടുംബത്തെ നിരവധി പേ൪ ദ്രോഹിക്കുന്നുണ്ട്. അടുത്ത കാലത്ത് ഇവരുടെ കുടിലിന് അക്രമികൾ തീവെച്ചു. എല്ലാം സഹിച്ച് കഴിയുന്ന കുടുംബം കൃഷ്ണമൂ൪ത്തിയോട് നാട്ടിലേക്ക് വരാൻ നി൪ബന്ധിക്കുന്നുണ്ടെങ്കിലും കമ്പനി തങ്ങളെ അയക്കുന്നില്ലെന്ന് കൃഷ്ണമൂ൪ത്തി പറഞ്ഞു. സെന്തിലിന് ഭാര്യയും രണ്ട് ആൺകുട്ടികളുമാണ് നാട്ടിലുള്ളത്. ഒരു കുട്ടിയുടെ കൈയ്യിൽ തിളച്ച വെള്ളം മറിഞ്ഞ് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. നാട്ടിൽ പോകണമെന്ന് പറയുമ്പോഴെല്ലാം അടുത്ത മാസമെന്ന് പറഞ്ഞ് കമ്പനി നീട്ടിക്കൊണ്ടുപോവുകയാണെന്ന് ഇരുവരും പരാതിപ്പെട്ടു. മൂന്ന് മാസം മുമ്പ് ഇവരുടെ വിസ കാലാവധി കഴിയുകയും ചെയ്തു.
അതി ദയനീയമാണ് ഈ തമിഴ് യുവാക്കളുടെ അവസ്ഥ. മറ്റൊരു ജോലി തേടാനുള്ള അറിവും കഴിവും ഇവ൪ക്കില്ല. ഭക്ഷണം പോലും ഉപേക്ഷിച്ച് കുടുംബത്തെ പോറ്റാൻ പാടുപെടുന്ന ഇവ൪ക്ക് നാട്ടിൽ പോകാനുള്ള സാഹചര്യംഎന്നേ ഒരുക്കേണ്ടതായിരുന്നു. ആറു വ൪ഷമായി തുടരുന്ന തങ്ങളുടെ ദുരിതത്തിന് ഇനിയെങ്കിലും അറുതിയാകുമെന്ന പ്രതീക്ഷയിലാണ് എംബസി ഓപൺ ഹൗസിൽനിന്ന് ഇവ൪ പിരിഞ്ഞുപോയത്. നാല് മാസം മുമ്പും ഇവ൪ എംബസിയിൽ ഈ ആവശ്യവുമായി വന്നിരുന്നു. നാട്ടിൽ ഇപ്പോഴും കട ബാധ്യത ഉണ്ടെങ്കിലും എത്രയും വേഗം കുടുംബത്തിൻെറ സംരക്ഷണത്തിന് നാട്ടിൽ എത്താനാണ് യുവാക്കൾ ആഗ്രഹിക്കുന്നത്. ഇതിന് എംബസിയുടെ സഹായത്തോടെ നടപടി ഉണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.