ഷാര്‍ജയില്‍ മലയാളിയുടെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ

ഷാ൪ജ: ഷാ൪ജയിൽ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരുമകൻ ലിയോ ഫിലിപ്പിൻെറ ഉമസ്ഥതയിലുള്ള കെമിക്കൽ ഫാക്ടറിയിൽ വൻ അഗ്നിബാധ. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഷാ൪ജ വ്യവസായ മേഖല രണ്ടിൽ അൽ സഫീ൪ മെഡിക്കൽ സെൻററിനും കോഹിനൂ൪ ബേക്കറിക്കും സമീപത്തുള്ള അൽ ഖൊവാഹി൪ കെമിക്കൽ ഫാക്ടറിയിൽ തിങ്കളാഴ്ച ഉച്ചക്ക് 1.45ഓടെയാണ് തീപിടിത്തമുണ്ടായത്. ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻെറ ഭ൪ത്താവ് ലിയോ ഫിലിപ്പിൻെറ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.
പെയിൻറ് നി൪മാണത്തിനും ഫൈബ൪ ഗ്ളാസ് നി൪മാണത്തിനും ഉപയോഗിക്കുന്ന രാസപദാ൪ഥങ്ങൾ നി൪മിക്കുന്ന ഫാക്ടറിയാണിത്. ഇതുമൂലം തീ വേഗത്തിൽ പട൪ന്നുപിടിച്ചു. ആകാശത്തേക്ക് തീ ഗോളങ്ങൾ ഉയ൪ന്നത് സമീപവാസികളെ പരിഭ്രാന്തരാക്കി. ഫാക്ടറിയോട് ചേ൪ന്നുള്ള നാല് ഗോഡൗണുകളിലേക്കും തീ പട൪ന്നതോടെ ആകാശം പുകപടലങ്ങൾ കൊണ്ട് നിറഞ്ഞു. മേഖലയാകെ കറുത്തിരുണ്ടു. തീയും പുകയും വളരെ അകലെ നിന്ന് പോലും കാണാൻ കഴിയുമായിരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ ഇതിന് സമീപത്തായി താമസിക്കുന്നുണ്ട്. തീ നാളങ്ങൾ കണ്ട് പരിഭ്രാന്തരായ ഇവ൪ കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങി നിന്നു.
ഉച്ചവിശ്രമ സമയമായതിനാൽ ജീവനക്കാരിൽ മിക്കവരും ഭക്ഷണം കഴിക്കാൻ പുറത്തുപോയിരുന്നു. ഇതുമൂലം വൻ ദുരന്തമാണ് ഒഴിവായത്.
സിവിൽ ഡിഫൻസ് ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പൂ൪ണമായും അണച്ചപ്പോൾ വൈകീട്ട് നാലര കഴിഞ്ഞു. 28 വ൪ഷമായി ഇവിടെ പ്രവ൪ത്തിക്കുന്ന സ്ഥാപനമാണിത്. മലയാളികളടക്കം 75ലേറെ പേ൪ ജോലി ചെയ്യുന്നുണ്ട്. വൈദ്യുതി ഷോ൪ട്ട് സ൪ക്യൂട്ടിനെ തുട൪ന്നാണ് തീ പിടിത്തമുണ്ടായതെന്ന് സംഭവസമയത്ത് കമ്പനിയിൽ ഉണ്ടായിരുന്ന ചെയ൪മാനും ലിയോ ഫിലിപ്പിൻെറ പിതാവുമായ തിരുവല്ല പുല്ലാട് ഒവനാലിൽ ഒ.സി ഫിലപ്പോസ് മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു. ഓഫിസ് രേഖകളും ജീവനക്കാരുടെ പാസ്പോ൪ട്ടും മറ്റുള്ളവയും കൃത്യസമയത്ത് നീക്കം ചെയ്തതിനാൽ അവ കത്തി നശിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ ഫോറൻസിക് വിദഗ്ധ൪ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. നിരവധി വെയ൪ഹൗസുകളും കച്ചവട കേന്ദ്രങ്ങളും പ്രവ൪ത്തിക്കുന്ന ഭാഗത്തുണ്ടായ അഗ്നിബാധ പ്രദേശവാസികളെയും സിവിൽ ഡിഫൻസിനെയും പൊലീസിനെയും ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ, കൃത്യസമയത്ത് തന്നെ ഷാ൪ജ, അജ്മാൻ, ദുബൈ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്ന് സിവിൽ ഡിഫൻസുകാ൪ രക്ഷാപ്രവ൪ത്തനത്തിനെത്തി തീ പടരുന്നത് തടഞ്ഞതിനാൽ വൻ അപകടമാണ് വഴിമാറിയതെന്ന് ഇവിടെ ഗ്രോസറി നടത്തുന്ന കോഴിക്കോട് സ്വദേശി സലാം പറഞ്ഞു. ഷാ൪ജ സിവിൽ ഡിഫൻസ് ഡയറക്ട൪ ജനറൽ ബ്രിഗേഡിയ൪ അബ്ദുല്ല സഈദ് അൽ സുവൈദി അപകടസ്ഥലത്തെത്തി രക്ഷാപ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകി. പാരാമെഡിക്കൽ, ആംബുലൻസ് സന്നാഹങ്ങളും മേഖലയിൽ വിന്യസിച്ചിരുന്നു. സംഭവത്തെ തുട൪ന്ന് ഷാ൪ജയിലെ പ്രധാന നിരത്തായ വ്യവസായ മേഖല ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിവിടങ്ങളിലും അനുബന്ധ റോഡുകളിലും വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. പൊലീസെത്തിയാണ് മിക്ക സ്ഥലത്തും ഗതാഗതം നിയന്ത്രിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.