ഗള്‍ഫില്‍ ഏറ്റവും കുറവ് വിവാഹമോചനം ഒമാനിലെന്ന് പഠനം

മസ്കത്ത്: ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറവ് വിവാഹമോചനവും അനുബന്ധ പ്രശ്നങ്ങളും നിലനിൽക്കുന്നത് ഒമാനിലാണെന്ന് പഠന റിപ്പോ൪ട്ട്. ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കുന്നത് കുവൈത്തിലാണ്. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ ഒമാനി സ്റ്റഡീസ് സെൻറ൪ മേധാവി ഡോ. അഹൂദ് ബിൻത് സഈദ് ആൽബലൂഷി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. വിവാഹനമോചനം എന്നത് രണ്ട് വ്യക്തികൾക്കിടയിലാണ് സംഭവിക്കുന്നത് എങ്കിലും അതിന് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ചില പ്രശ്നങ്ങൾക്ക് വിവാഹനമോചനം പരിഹാരമാണെങ്കിലും അവ കുടുംബാംഗങ്ങൾക്കിടയിലും സമൂഹത്തിലുമുണ്ടാക്കുന്ന വെല്ലുവിളികൾ നിരവധിയാണ്. വിവാഹ മോചനത്തിൻെറ ദൂഷ്യഫലങ്ങൾ പലതും ഉൾകൊള്ളാൻ ഒമാനി ജനതക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഡോ. അഹൂദ് വ്യക്തമാക്കുന്നു. അനുവദിച്ചതിൽ ഏറ്റവും വെറുക്കപ്പെട്ടത് എന്ന നിലയിലാണ് ഇസ്ലാമിക നിയമം വിവാഹമോചനത്തെ വിശേഷിപ്പിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ 2007 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ വിവാഹമോചനത്തിൻെറ തോത് വ൪ധിച്ചിരുന്നു. നൂറ് വിവാഹം നടക്കുമ്പോൾ അതിൽ 37.13 എണ്ണം വിവാഹമോചനത്തിൽ കലാശിക്കുന്ന കുവൈത്താണ് മോചന നിരക്കിൽ മുന്നിൽ. 34.76 വിവാഹവും പരാജയപ്പെടുന്ന ഖത്തറാണ് ഈ രംഗത്ത് രണ്ടാംസ്ഥാനത്ത്. യു.എ.ഇ.യിൽ നൂറ് വിവാഹങ്ങളിൽ 25.62 ബന്ധങ്ങൾ വേ൪പിരിയുന്നു. ബഹ്റൈയിൽ ഇതിൻെറ തോത് 24.05 ആണ്. സൗദിയിൽ ഇത് 20 ശതമാനം വരും. അതേസമയം ഒമാനിൽ 2010 ലെ കണക്കുപ്രകാരം നൂറ് വിവാഹങ്ങളിൽ 1.99 മാത്രമാണ് വിവാഹമോചനത്തിലെത്തുന്നത്. 2003ൽ ഇത് 2.2 ആയിരുന്നു.
സുൽത്താനേറ്റിൻെറ മുഴുവൻ മേഖലകളിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യ വ്യക്തമായത്. ഇതിനായി യൂനിവേഴ്സിറ്റിയിലെ സാമൂഹിക ശാസ്ത്രവകുപ്പിൻെറ സഹകരണം തേടിയിരുന്നു. ഓരോ ഗവ൪ണറേറ്റിലെയും വിലായത്തുകളിൽ ഇതിനായി പഠനം നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.