പാസ്പോര്‍ട്ട് കൂടുതല്‍ വേഗത്തില്‍ പുതുക്കി നല്‍കാന്‍ നടപടിയെന്ന് എംബസി

ദോഹ: ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ പാസ്പോ൪ട്ടുകൾ കൂടുതൽ വേഗത്തിൽ പുതുക്കി നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഇന്ത്യൻ എംബസി അധികൃത൪ അറിയിച്ചു. വേഗത്തിൽ പാസ്പോ൪ട്ട് പുതുക്കി നൽകുന്നതിനുള്ള തടസ്സങ്ങൾ പഠിച്ച് പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണെന്നും വൈകാതെ നിലവിലുള്ള അവസ്ഥക്ക് മാറ്റമുണ്ടാകുമെന്നും ഫസ്റ്റ് സെക്രട്ടറി പി.എസ് ശശികുമാ൪ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു.
വിവിധ ഗൾഫ് രാജ്യങ്ങളിൽ വ്യത്യസ്ഥ കാലയളവിനുള്ളിലാണ് ഇപ്പോൾ പാസ്പോ൪ട്ട് പുതുക്കി നൽകുന്നത്. പാസ്പോ൪ട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ ഖത്ത൪ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലെല്ലാം പുറം ഏജൻസിക്ക് നൽകിയിരിക്കുകയാണ്. പാസ്പോ൪ട്ട് വേഗത്തിൽ പുതുക്കിക്കിട്ടുന്നതിന് ഒരു പരിധിവരെ ഈ നടപടി സഹായിച്ചിരുന്നു.  ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പാസ്പോ൪ട്ട് പുതുക്കി ലഭിക്കാൻ കാലതാമസം നേരിടുന്നതായി ചില൪ പരാതിപ്പെടുന്നുണ്ട്. എന്നാൽ, മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ നിലവിൽ ആറ് പ്രവൃത്തി ദിവസങ്ങൾക്കകം പാസ്പോ൪ട്ട് പുതുക്കി നൽകാറുണ്ടെന്ന് ശശികുമാ൪ പറഞ്ഞു. കൂടുതൽ വേരിഫിക്കേഷൻ നടപടികളോ മറ്റ് നൂലാമാലകളോ ഉള്ള പാസ്പോ൪ട്ടുകളുടെ പുതുക്കൽ നടപടികൾക്ക് മാത്രമേ ഇതിൽ കൂടുതൽ സമയം എടുക്കാറുള്ളൂ. എന്നാൽ, നിലവിലുള്ള ആറ് ദിവസത്തെ സമയപരിധി തന്നെ കുറച്ചുകൊണ്ട് ഏറ്റവും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പാസ്പോ൪ട്ട് ലഭ്യമാക്കാനുള്ള നടപടികളാണ് ഇപ്പോൾ എംബസി സ്വീകരിച്ചുവരുന്നത്.
ഇതിന് കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും ആവശ്യമാണെങ്കിൽ പരിശോധിച്ച ശേഷം ഏ൪പ്പെടുത്തും. ചില ഗൾഫ് രാജ്യങ്ങളിൽ അവിടെ നിന്നെടുത്ത പാസ്പോ൪ട്ടുകൾ പുതുക്കി നൽകാൻ കുറച്ചുസമയവും നാട്ടിൽ നിന്നെടുത്ത പാസ്പോ൪ട്ടുകൾക്ക് ആഴ്ചകൾ തന്നെയും എടുക്കാറുണ്ട്.  എന്നാൽ, എവിടെ നിന്നെടുത്ത പാസ്പോ൪ട്ടും നിലവിലുള്ളതിനേക്കാൾ ചുരുങ്ങിയ ദിവസം കൊണ്ട് പുതുക്കി നൽകാനാണ് ശ്രമമെന്നും ശശികുമാ൪ വിശദീകരിച്ചു.
പാസ്പോ൪ട്ട് സേവനം പുറം ഏജൻസിക്ക് നൽകാനുള്ള പ്രാഥമിക നടപടികൾക്ക് ഖത്തറിലെ ഇന്ത്യൻ എംബസിയും തുടക്കമിട്ടിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പിന്നീട് കാര്യമായ പുരോഗതിയുണ്ടായില്ല. പുറം ഏജൻസിക്ക് നൽകാനുള്ള നീക്കം പൂ൪ണമായി ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, എംബസിയിൽ നിന്ന് തന്നെ  പാസ്പോ൪ട്ട് സേവനം കൂടുതൽ വേഗത്തിലും ലളിതമായും ലഭ്യമാക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്.
ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലെല്ലാം പാസ്പോ൪ട്ട് സേവനം പുറം ഏജൻസിയെ ഏൽപ്പിച്ചിരിക്കുകയാണ്. ബഹ്റൈനിൽ പരമാവധി നാല് ദിവസവും കുവൈത്തിൽ മൂന്നു ദിവസവും സൗദിയിൽ രണ്ടാഴ്ചയും ഒമാനിൽ അഞ്ച് ദിവസവുമാണ് പാസ്പോ൪ട്ട് പുതുക്കി ലഭിക്കാൻ എടുക്കുന്ന സമയം. കുവൈത്തിലും സൗദിയിലും രണ്ട് ഔ്സോഴ്സിംഗ് കേന്ദ്രങ്ങൾ വീതം പ്രവ൪ത്തിക്കുന്നുണ്ട്.
യു.എ.ഇയിൽ അവിടെ നിന്നെടുത്ത പാസ്പോ൪ട്ടുകൾ മൂന്ന് ദിവസം കൊണ്ട് പുതുക്കി ലഭിക്കുമ്പോൾ നാട്ടിൽ നിന്നെടുത്തവക്കാകട്ടെ ഒന്നരമാസകം വരെ എടുക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.