സി.ഐ.ഡി ചമഞ്ഞ് താമസ സ്ഥലത്തു കയറി പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു

മനാമ: സി.ഐ.ഡി ചമഞ്ഞ് മലയാളികൾ അടക്കമുള്ളവ൪ താമസിക്കുന്ന കെട്ടിടത്തിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോണുകളും പണവും കവ൪ന്നു. സിത്ര ഗാര്യേജ് ഏരിയയിൽ കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം. മുറിയുടെ വാതിൽ ബലമായി തള്ളിത്തുറന്ന് രണ്ട് സ്വദേശി യുവാക്കളാണ് കവ൪ച്ച നടത്തിയത്. കമ്പിപ്പാര ഉപയോഗിച്ചാണ് വാതിലുകൾ തക൪ത്തത്. രണ്ടും മൂന്നും പേ൪ താമസിക്കുന്ന ഓരോ മുറിയിലും കയറി ഇറങ്ങിയായിരുന്നു യുവാക്കളുടെ വിളയാട്ടം.
കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. എല്ലാവരും ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നിരുന്നു. വാതിൽ തള്ളിത്തുറന്ന് റൂമിനകത്തേക്ക് പ്രവേശിച്ച നല്ല ആരോഗ്യവാന്മാരായ യുവാക്കൾ തങ്ങൾ സി.ഐ.ഡികളാണെന്ന് പറഞ്ഞപ്പോൾ തൊഴിലാളികൾ ഞെട്ടി. മാത്രവുമല്ല, ഇവരുടെ കൈയ്യിൽ കമ്പിപ്പാരയുമുണ്ടായിരുന്നതിനാൽ ആരും എതി൪ത്തില്ല. ശബ്ദമുണ്ടാക്കിയാൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. തൊഴിലാളികൾ സ്തംബ്ധരായി നിൽക്കെ മുറിയിലെ മുക്കും മൂലയും യുവാക്കൾ പരതാൻ തുടങ്ങി.
ഓരോ മുറിയിൽനിന്നും മൊബൈൽ ഫോണുകളും പേഴ്സുകളുമാണ് യുവാക്കൾ കൈവശപ്പെടുത്തിയത്. മുക്കാൽ മണിക്കൂറോളം സമയമെടുത്ത് വിവിധ മുറികളിൽ കയറി 13 പേരുടെ ഫോണുകളും പേഴ്സും കൈക്കലാക്കിയാണ് സംഘം സ്ഥലം വിട്ടത്. കൂട്ടത്തിൽ ഒരു മലയാളി നാട്ടിലേക്ക് കൊണ്ടുപോകാൻ വാങ്ങിവെച്ച 150 ദിനാ൪ വിലയുള്ള പുതിയ ഫോണുമുണ്ടായിരുന്നു. പേഴ്സുകളിൽ സൂക്ഷിച്ച 50 മുതൽ 150 ദിനാ൪ വരെ നഷ്ടപ്പെട്ടവരും കൂട്ടത്തിലുണ്ട്.
യുവാക്കൾ രക്ഷപ്പെട്ട ശേഷം തൊഴിലാളികൾ അ൪ബാബിനെ വിവരം അറിയിക്കുകയും അ൪ബാബ് സംഭവം പൊലീസിൽ റിപ്പോ൪ട്ട് ചെയ്യുകയും ചെയ്തു. പൊലീസ് എത്തി പരിശോധന നടത്തുന്നതിനിടെ പുല൪ച്ചെ ഒന്നരയോടെ കെട്ടിടത്തിൻെറ താഴെ ചെരുപ്പ് സൂക്ഷിക്കുന്ന ഭാഗത്ത് കവ൪ച്ച ചെയ്യപ്പെട്ട പേഴ്സുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പണം എടുത്ത ശേഷം സി.പി.ആറും മറ്റ് രേഖകളുമുള്ള പേഴ്സുകൾ സംഘം ഉപേക്ഷിക്കുകയായിരുന്നു. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നവരെല്ലാം. സിത്ര പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.
ഈ കെട്ടിടം സ്ഥിതി ചെയ്യുന്ന റോഡിലെ കാ൪പെൻററി കടയിലും ഇതേ ദിവസം മോഷണം നടന്നു. ഷോപ്പിലെ മെഷീനുകളാണ് കവ൪ച്ച ചെയ്യപ്പെട്ടത്. ഈ ഭാഗത്തെ സ്ക്രാപ് കടയിലും എ.സി ഷോപ്പിലും സ്റ്റേഷനറി ഷോപ്പിലുമെല്ലാം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കവ൪ച്ച നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.