മനാമ: മലയാളി യുവതിയെ അക്രമിച്ച് വീണ്ടും കവ൪ച്ച. മനാമ യതീം സെൻററിന് സമീപം റോഡ് നമ്പ൪ 407ൽ താമസിക്കുന്ന പാലക്കാട് സ്വദേശി യോഗേഷ് ശ൪മയുടെ ഭാര്യയെ അക്രമിച്ചാണ് 80 ഗ്രാം തൂക്കം വരുന്ന താലിമാലയുമായി യുവാവ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. കഴിഞ്ഞ ദിവസം ഗുദൈബിയയിൽ മലയാളി യുവതിയെ അക്രമിച്ച് മാല പിടിച്ചു പറിക്കാൻ ശ്രമമുണ്ടായിരുന്നു. അക്രമിയെ പിന്നീട് യുവതിയുടെ ഭ൪ത്താവ് പിന്തുട൪ന്ന് പിടികൂടി പൊലീസിൽ ഏൽപിക്കുകയണ്ടായി.
യോഗേഷ് ശ൪മ ഓഫീസിലായിരുന്ന സമയത്താണ് യതീം സെൻററിന് സമീപം കുടുംബം താമസിക്കുന്ന ഫ്ളാറ്റിൻെറ താഴെ നിലയിൽ പിടിച്ചുപറി നടന്നത്. ശ൪മയുടെ ഭാര്യ കുട്ടിയെ പ്ളേസ്കൂളിലാക്കി തിരിച്ച് വീട്ടിലേക്ക് കയറുകയായിരുന്നു. ഗേറ്റ് തുറന്നയുടൻ അപരിചിതനായ യുവാവ് എത്തി കെട്ടിടത്തിൽ താമസിക്കുന്ന അഹ്മദ് എന്നയാളെക്കുറിച്ച് ചോദിച്ചു. തനിക്ക് അറിയില്ലെന്ന് പറഞ്ഞെങ്കിലും യുവാവ് മറ്റെന്തൊ സംശയമുള്ളപോലെ അഭിനയിച്ചു. യുവതി വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ചാടിവീണ് പെട്ടെന്ന് യുവതിയുടെ കഴുത്തിലെ മാല പിടിച്ചു പറിക്കുകയായിരുന്നു. യുവതി നിലവിളിക്കുകയും അലാറം മുഴക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും പരിസരത്തൊന്നും ആരുമില്ലാത്തതിരുന്നതിനാൽ അക്രമി ഓടി രക്ഷപ്പെട്ടു. പിന്നീട് വിവരം അറിഞ്ഞ് ഭ൪ത്താവ് എത്തി ഭാര്യയെ ആശ്വസിപ്പിക്കുകയും നഈം പൊലീസ് സ്റ്റേഷനിൽ സംഭവം റിപ്പോ൪ട്ട് ചെയ്യുകയും ചെയ്തു. എന്നാൽ, സംഭവം കേസാക്കുന്നത് പൊലീസുകാ൪ നിരുത്സാഹപ്പെടുത്തിയതായി യോഗേഷ് ശ൪മ പറഞ്ഞു.
യുവതി നിത്യവും ഇങ്ങനെ കുട്ടിയുമായി സ്കൂളിൽ പോകുന്നത് നിരീക്ഷിച്ചുകൊണ്ട് അക്രമം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ആറ് വ൪ഷമായി ബഹ്റൈനിലുള്ള കുടുംബത്തിന് അക്രമ സംഭവം കടുത്ത ഷോക്കായി.
അക്രമ സമയത്ത് കുട്ടി കൂടെ ഇല്ലാതിരുന്നതിൽ ആശ്വസിക്കുകയാണ് ഇപ്പോൾ കുടുംബം. അമ്മയെ ആക്രമിക്കുന്നത് കണ്ടിരുന്നെങ്കിൽ കുട്ടി കടുത്ത ഭീതിയിൽ അകപ്പെടുമായിരുന്നുവെന്ന് യോഗേഷ് ശ൪മ പറഞ്ഞു. സ്ത്രീകൾ ഒറ്റക്കും കുടുംബത്തോടൊപ്പവും യാത്ര ചെയ്യുമ്പോൾ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് അക്രമ സംഭവങ്ങൾ തെളിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.