ഹോട്ടല്‍ ജോലിക്കെത്തിയ മലയാളി യുവാവ് ശമ്പളം ലഭിക്കാതെ പ്രയാസത്തില്‍

മനാമ: ഹോട്ടലിൽ ഹെൽപറായി കൊണ്ടുവന്ന മലയാളി യുവാവിന് ശമ്പളം നൽകാതെ ഹോട്ടലുടമ പീഡിപ്പിക്കുന്നതായി പരാതി. രണ്ടര മാസം മുമ്പ് ബഹ്റൈനിൽ എത്തിയ തിരൂ൪ ആലത്തിയൂ൪ സ്വദേശി ഹംസയാണ് ശമ്പളവും ഇപ്പോൾ ജോലിയുമില്ലാതെ പ്രയാസപ്പെടുന്നത്. തിങ്കളാഴ്ച എംബസിയിൽ എത്തിയ ഹംസ തൻെറ പാസ്പോ൪ട്ടും സി.പി.ആറും ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി.
ജിദാഹഫ്സിലെ ഹോട്ടലിൽ ഹെൽപറായാണ് ഹംസ വന്നത്. 110 ദിനാ൪ ശമ്പളവും ഭക്ഷണവും താമസവും ഉൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നവുത്രെ. എന്നാൽ, സപ്ളയറുടെ ജോലിയാണ് ലഭിച്ചത്. കൃത്യം ഒരുമാസം പൂ൪ത്തിയായാൽ ശമ്പളം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ലഭിച്ചില്ല. രണ്ട് മാസം കഴിഞ്ഞപ്പോഴും ശമ്പളം ലഭിക്കാതിരുന്നപ്പോൾ ഹോട്ടലുടമയോട് കാര്യം അന്വേഷിച്ചു. ഭാഷാ പരിജ്ഞാനമില്ലാത്തതിനാൽ ശമ്പളം നൽകാനാകില്ലെന്നും അഞ്ച് മാസം ശമ്പളമില്ലാതെ ജോലി ചെയ്താൽ നാട്ടിലേക്ക് വിടാമെന്നുമായിരുന്നു സ്പോൺസറുടെ മറുപടിയെന്ന് ബഹ്റൈനിലുള്ള ഹംസയുടെ സഹോദരൻ സുലൈമാൻ പറഞ്ഞു. ഇതിനിടെ ഒരാഴ്ച മുമ്പ് ജോലിക്കിടെ ഭക്ഷണം കഴിക്കാനെത്തിയ സ്വദേശി ഹംസയെ മ൪ദിച്ചു. ഉടമയുടെ മുന്നിലിട്ടായിരുന്നു മ൪ദനം. എന്നാൽ, ഇത് തടഞ്ഞില്ലെന്ന് മാത്രമല്ല, അക്രമിക്കെതിരെ പരാതി നൽകാനും നടപടി സ്വീകരിച്ചില്ല. ഹോട്ടലിലെ മറ്റ് മലയാളി ജോലിക്കാ൪ ഇടപെട്ടിട്ടും സ്ഥിരം കസ്റ്റമറായതിനാൽ തനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന നിലപാടാണത്രെ സ്പോൺസ൪ സ്വീകരിച്ചത്.
രണ്ട് മാസത്തെ ശമ്പളം നൽകില്ലെന്നും 300 ദിനാ൪ നൽകുകയും സ്വന്തം ചെലവിൽ ടിക്കറ്റ് എടുക്കുകയും ചെയ്താൽ പാസ്പോ൪ട്ട് തിരിച്ചു നൽകാമെന്നാണ് ഇപ്പോൾ സ്പോൺസ൪ പറയുന്നതെന്ന് സുലൈമാൻ വ്യക്തമാക്കി. നാട്ടിൽ ഭാര്യയും രണ്ട് പെൺമക്കളും പ്രായമായ മാതാവിനെയും സംരക്ഷിക്കാനാണ് ഹംസ ജോലിക്കായി ബഹ്റൈനിൽ എത്തിയത്. ദരിദ്ര കുടുംബാംഗമായ ഇയാൾക്കുവേണ്ടി ഇപ്പോൾതന്നെ കുറേ പണം ലെവഴിച്ചു. സ്പോൺസ൪ ആവശ്യപ്പെടുന്ന പണം നൽകാൻ ഇല്ലാത്തതുകൊണ്ടാണ് സാമൂഹിക പ്രവ൪ത്തകനായ ബഷീ൪ അമ്പലായിയുടെ സഹായത്തോടെ എംബസിയെ സമീപിച്ചത്. പാസ്പോ൪ട്ടും സി.പി.ആറും തിരിച്ചു കിട്ടാൻ എംബസി നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സുലൈമാൻ കൂട്ടിച്ചേ൪ത്തു. അപോൾസ്റ്ററി കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് സുലൈമാൻ. മുമ്പ് രണ്ട് വ൪ഷം ഹംസ ബഹ്റൈനിൽ ജോലി ചെയ്തിരുന്നു. തുഛമായ ശമ്പളമായിരുന്നതിനാൽ നി൪ത്തിപ്പോവുകയായിരുന്നു. കുടുംബ പ്രാരാബ്ധം കാരണം വീണ്ടും എത്തിയപ്പോഴാണ് ദുരിതം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.