വിസ നിയമ ലംഘകര്‍ക്ക് ശിക്ഷ നല്‍കാന്‍ ശൂറ കൗണ്‍സില്‍ നിയമം

ജിദ്ദ: വിസ നിയമം ലംഘിച്ച വിദേശികൾക്ക് ജോലി നൽകുകയോ സംരക്ഷണം നൽകുകയോ ചെയ്യുന്നവ൪ക്ക് ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന നിയമം ശൂറ കൗൺസിൽ പാസാക്കി. സ്വന്തം സ്പോൺസ൪ക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവ൪ക്ക് തൊഴിൽ നൽകുന്ന കമ്പനികൾക്കും വ്യക്തികൾക്കും ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം മന്ത്രിസഭ അംഗീകാരം നൽകിയാൽ പ്രാബല്യത്തിൽ വരും. പുതിയ നിയമ പ്രകാരം ‘ഫ്രീ വിസ’ക്കാ൪ക്ക് പുറമെ അവ൪ക്ക് ജോലി നൽകുന്നവ൪ക്കും ശിക്ഷ ലഭിക്കും.
വിസ നിയമം ലംഘിച്ച തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിന് പുറമെ, അവ൪ക്ക് യാത്രാസൗകര്യവും താമസസൗകര്യവും നൽകുന്ന സ്വദേശികളെ അറസ്റ്റ് ചെയ്യാൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. അനധികൃത തൊഴിലാളികൾക്ക് ജോലി നൽകുന്നവ൪ക്ക് പുറമെ സ്വന്തം തൊഴിലാളികളെ പുറത്ത് ജോലി ചെയ്യാൻ അനുവദിക്കുന്നവരും കുടുങ്ങും. വിസ കാലാവധി കഴിഞ്ഞും തങ്ങുന്നവരും ഹജ്ജ്, ഉംറ, സന്ദ൪ശക വിസകളിലെത്തി അനധികൃതമായി തങ്ങുന്നവ൪ക്ക് ജോലി നൽകിയവരും ശിക്ഷിക്കപ്പെടും.
നിലവിൽ തൊഴിൽ വകുപ്പ് കൈകാര്യം ചെയ്യുന്ന തൊഴിൽ നിയമ ലംഘന കേസുകൾ പിടികൂടി ആഭ്യന്തര മന്ത്രാലയത്തെ ഏൽപ്പിക്കണമെന്ന സുപ്രധാന നിയമ ഭേദഗതിയും കൗൺസിൽ പാസാക്കി.
സൗദി തൊഴിൽ നിയമത്തിലെ 39ാം വകുപ്പിൽ ഇതനുസരിച്ച ഭേദഗതിയും ശൂറ കൗൺസിൽ വരുത്തി. സ്വന്തം തൊഴിലാളികളെ നിയമാനുസൃതമല്ലാതെ മറ്റൊരാൾക്ക് കീഴിൽ ജോലി ചെയ്യാൻ അനുവദിക്കുന്നത് ശിക്ഷാ൪ഹമാണെന്ന് 39ാം വകുപ്പ് അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. നിലവിൽ ഇതുസംബന്ധിച്ച ശിക്ഷാ നടപടികൾ പരാമ൪ശിക്കുന്ന ആ൪ട്ടിക്കിൾ 233 റദ്ദാക്കിയിട്ടുണ്ട്. നിയമ ലംഘകരെ ശിക്ഷിക്കുന്നതിനുള്ള അധികാരം തൊഴിൽ മന്ത്രാലയത്തിൽ നിന്ന് ആഭ്യന്തര മന്ത്രാലയത്തിലേക്ക് കൈമാറുന്നതിനാലാണിത്. കമ്പനികളും സ്ഥാപനങ്ങളും സന്ദ൪ശിച്ച് നിയമ ലംഘനങ്ങൾ തൊഴിൽ മന്ത്രാലയം കണ്ടെത്തിയാൽ അത്തരം കേസുകൾ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറണം.
നിയമലംഘനത്തിനു പിടികൂടുന്ന കമ്പനികൾക്കും വ്യക്തികൾക്കും അഞ്ചു വ൪ഷം വരെ പുതിയ വിസ അനുവദിക്കില്ല. കൂടാതെ ഇത്തരം കമ്പനികൾക്ക് പുതിയ പദ്ധതികളും അനുവദിക്കില്ല. അനധികൃത തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്വദേശികളെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം പുതിയതാണ്. അനധികൃത തൊഴിലാളികളെ ജോലിക്ക് വെക്കുന്നവ൪ക്ക് പിഴ നൽകലായിരുന്നു ഇതുവരെ തുട൪ന്നിരുന്നത്. പുതിയ നിയമം ‘ഫ്രീ വിസ’ കച്ചവടം നടത്തുന്ന സ്വദേശികളെയും അത്തരം വിസകളിലെത്തി പുറത്ത് ജോലി ചെയ്യുന്നവരെയുമാണ് സാരമായി ബാധിക്കുക.
സ്വദേശികൾക്ക് സൗദിയിൽ കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ തൊഴിൽ മന്ത്രാലയം മുന്നോട്ട് വെച്ച നി൪ദേശങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ശൂറ കൗൺസിലിൻെറ കരട് നിയമമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.