ടി.പി വധം: സി.ബി.ഐ അന്വേഷണം ആവശ്യമില്ല -പി.ബി

ന്യൂദൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സി.പി.എം  പോളിറ്റ് ബ്യൂറോ. സി.ബി.ഐ അന്വേഷണം പാടില്ലെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായം അംഗീകരിച്ചാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻെറയും പി.ബി അംഗം സീതാറാം യെച്ചൂരിയുടെയും നിലപാടിന് വിരുദ്ധമായ തീരുമാനം ന്യൂദൽഹിയിൽ ഞായറാഴ്ച സമാപിച്ച പോളിറ്റ് ബ്യൂറോ കൈക്കൊണ്ടത്. സംസ്ഥാന നേതാക്കളെ കൂടി കേസിൽ പ്രതി ചേ൪ക്കാൻ നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ നീക്കമായാണ് സി.ബി.ഐ അന്വേഷണത്തെ പാ൪ട്ടി വിലയിരുത്തുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് വിശദീകരിച്ചു. ടി.പി വധകേസിൽ സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തിൻെറ അടിസ്ഥാനത്തിൽ തുട൪ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് കാരാട്ട് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിൻെറ കണ്ടെത്തലുകൾ കോടതിയിൽ സമ൪പ്പിക്കുകയാണ് ചെയ്യേണ്ടത്. സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭ്യമായ തെളിവുകൾ വെച്ച് കോടതി തീരുമാനിക്കട്ടെ. സി.പി.എം നേതാക്കളെ കുടുക്കാനുള്ള ബോധപൂ൪വമായ ശ്രമങ്ങൾ ഈ അന്വേഷണത്തിനിടയിൽ നടന്നിരുന്നു. അത് തുടരാനുള്ള ശ്രമമാണ് പുതിയ ആവശ്യത്തിന് പിന്നിലെന്നും കാരാട്ട് പറഞ്ഞു.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തെ പാ൪ട്ടി എതി൪ക്കണമെന്ന് പി.ബി യോഗത്തിൽ പിണറായി വിജയൻ ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വത്തിൻെറ നിലപാടിന് വിരുദ്ധമായി വി.എസ്  അച്യുതാനന്ദൻ സി.ബി.ഐ അന്വേഷണ ആവശ്യം ഉന്നയിച്ചതും സീതാറാം യെച്ചൂരി അനുകൂലമെന്ന തരത്തിൽ അഭിപ്രായം പ്രകടിപ്പിച്ചതും ഔദ്യാഗിക വിഭാഗം ശ്രദ്ധയിൽപെടുത്തി. സംസ്ഥാന പൊലീസ് സി.പി.എം നേതാക്കളെ കുടുക്കാനുള്ള  ശ്രമങ്ങൾ അന്വേഷണത്തിനിടെ നടത്തിയതും ച൪ച്ചയിൽ വന്നു. സി.പി.എം നേതാക്കളെയും പ്രവ൪ത്തകരെയും കള്ളകേസുകളിൽ കുടുക്കാനുള്ള ശ്രമം നടത്തി വരികയാണ് യു.ഡി.എഫ് സ൪ക്കാറെന്നും മൂന്ന് കൊലപാതക കേസുകളിലായി ഒരു ജില്ലാ സെക്രട്ടറിയെയും, രണ്ട് സംസ്ഥാന സമിതി അംഗങ്ങളെയും, ചില ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങളെയും പ്രതിയാക്കി കഴിഞ്ഞുവെന്നും ഔദ്യാഗിക വിഭാഗം ചൂണ്ടിക്കാട്ടി. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ആ൪.എം.പിയുടേതാണെന്നും അതിനാൽ അംഗീകരിക്കാനാവില്ലെന്നുമുള്ള സംസ്ഥാന ഘടകത്തിൻെറ നിലപാട്  ഭൂരിഭാഗം അംഗങ്ങളും സ്വീകരിച്ചതോടെ അന്വേഷണം വേണ്ടെന്ന അഭിപ്രായത്തിന് മേൽക്കൈ ലഭിക്കുകയായിരുന്നു.
ടി.പി വധത്തിൽ പാ൪ട്ടി ഉൾപെട്ടിട്ടില്ലെന്നും ശരിയായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നാണ് നേരത്തെ സ്വീകരിച്ച നിലപാടെന്നും പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവന ഓ൪മിപ്പിച്ചു. രാഷ്ട്രീയ സമ്മ൪ദത്തിനടിപ്പെട്ട് സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആ൪.എം.പി രംഗത്തുവന്നിരിക്കുന്നത്. പ്രതികളുടെ കൂട്ടത്തിൽ സി.പി.എം സംസ്ഥാന നേതാക്കളെ ഉൾപെടുത്തിയിട്ടില്ല എന്ന് പറഞ്ഞാണ് ആ൪.എം.പി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. അതിനാൽ വീണ്ടുമൊരു അന്വേഷണം നടത്താനുള്ള ആവശ്യത്തിന് പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണ്. പ്രത്യേക സംഘത്തിൻെറ അന്വേഷണത്തിൽ പ്രതികളാണെന്ന് കണ്ടെത്തിയിട്ടില്ലാത്ത സി.പി.എം സംസ്ഥാന നേതാക്കളെ കേസിൽ കുടുക്കുകയാണ് തന്ത്രം. ഇതിന് പിന്നിലുള്ള ദുരുദ്ദേശ്യവും ഗൂഢാലോചനയും തിരിച്ചറിയണമെന്ന് കേരളത്തിലെ ജനങ്ങളോട് പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു.
കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെഭാര്യ രമ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അതിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദൻ രംഗത്തെത്തിയത്. ഇക്കാര്യം പാ൪ട്ടി ച൪ച്ച ചെയ്തിട്ടില്ലെന്നു ചില കേന്ദ്ര നേതാക്കൾ പ്രതികരിച്ചെങ്കിലും ചന്ദ്രശേഖരൻ വധകേസ് തെളിയുന്നതിനായി ഏതന്വേഷണവും നടത്താമെന്ന് പി.ബി അംഗം സീതാറാം യെച്ചൂരിയും പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചത് വിവാദം കൊഴുപ്പിച്ചു.

സി.പി.എം എതി൪ക്കുന്നത് ഭയംമൂലം-കെ.കെ. രമ

വടകര:  ഭയംമൂലമാണ് സി.പി.എം പോളിറ്റ് ബ്യൂറോ സി.ബി.ഐ അന്വേഷണത്തെ എതി൪ക്കുന്നതെന്ന് ചന്ദ്രശേഖരൻെറ ഭാര്യ കെ.കെ. രമ. ചന്ദ്രശേഖരൻെറ കൊലപാതകത്തിനു പിന്നിൽ ചില ഉന്നത നേതാക്കൾ പ്രവ൪ത്തിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തണം. ഇതിനുവേണ്ടിയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. ഈ ആവശ്യത്തിൽനിന്ന് പിന്നോട്ടുപോകില്ല. സി.പി.എം നേതൃത്വം ഈ രീതിയിൽ പ്രതികരിക്കുമ്പോൾതന്നെ കാര്യങ്ങൾ വ്യക്തമാണെന്നും രമ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.