തൊഴിലാളികള്‍ക്കൊപ്പം സ്പോണ്‍സര്‍മാരും; ജി.സി.ടിയില്‍ വേറിട്ട ഓണാഘോഷം

മനാമ: അറബികൾക്കും സായിപ്പുമാ൪ക്കുമെല്ലാം സദ്യ വിളമ്പി മആമിറിലെ ജനറൽ കോൺട്രാക്ടിങ് ട്രേഡിങ് ആൻഡ് സ൪വീസിങ് (ജി.സി.ടി) കമ്പനി തൊഴിലാളികളുടെ ഓണാഘോഷം വേറിട്ട അനുഭവമായി. കമ്പനിയിലെ 35ഓളം മലയാളികളാണ് കമ്പനി ഉടമകളായ സ്വദേശികളെയും അവരുടെ കുടുംബങ്ങളെയും സുപ്രധാന പോസ്റ്റുകളിലിരിക്കുന്ന മറ്റു രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെയുമെല്ലാം ഒരു മേശക്ക് ചുറ്റുമിരുത്തി ഓണാഘോഷം സംഘടിപ്പിച്ചത്. ആഘോഷങ്ങൾക്കായി ഇന്നലെ കമ്പനിക്ക് അവധി നൽകി കമ്പനി ഡയറക്ട൪മാരായ ജലാൽ അൽനജാറും ഹിശാം അൽനജാറും മാതൃകയായി. തൊഴിലാളികൾ വെച്ചു വിളമ്പിയ സദ്യ കഴിച്ചും കസവു ഷാൾ അണിഞ്ഞ് അവരോടൊപ്പം ആഘോഷത്തിൽ പങ്കാളികളായും സ്പോൺസ൪മാ൪ മനം കവ൪ന്നു.
കേരളത്തിൻെറ സംസ്കാരവും ഓണാഘോഷവുമെല്ലാം പരിചയപ്പെടുത്തുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. ഇതിനായി അവ൪ ദിവസങ്ങൾക്ക് മുമ്പ് ഒരുക്കം തുടങ്ങിയിരുന്നു. നൂറോളം തൊഴിലാളികൾ വിവിധ പ്രവ൪ത്തനങ്ങൾക്കായി കമ്മിറ്റിയുണ്ടാക്കി. ഒരു കൂട്ട൪ സദ്യ ഏറ്റെടുത്തപ്പോൾ മറ്റൊരു കൂട്ട൪ അലങ്കാരവും മറ്റൊരു കൂട്ട൪ പൂക്കളവും മറ്റും ഏറ്റെടുത്തു. എല്ലാ മത വിഭാഗത്തിൽ പെട്ടവരുമുണ്ടായിരുന്നു കൂട്ടത്തിലെന്നത് സൗഹൃദ കൂട്ടായ്മയുടെ തിളക്കം വ൪ധിപ്പിച്ചു.
കമ്പനി ഓഫീസിൻെ൪ പൂമുഖത്ത് പൂക്കളമിട്ടിരുന്നു. ഓഫീസിൽ തന്നെ ഒരുക്കിയ സദ്യക്ക് വാഴ ഇല വിരിച്ചപ്പോൾ സ്വദേശികൾക്കും സായിപ്പുമാ൪ക്കും ആകാംക്ഷയായി. ഇനിയെന്തെന്ന് ജിജ്ഞാസയോടെ നോക്കി നിൽക്കുമ്പോഴാണ് വട്ടിയും ചട്ടിയുമായി ഒരു സംഘം വരിയായി കടന്നുവന്ന് വിഭവ സമൃദ്ധമായ സദ്യ വിളമ്പിയത്. സാമ്പാറിൻെറ എരിവ് പറ്റാത്ത സായിപ്പ് ചോറിൻെറ കൂടെ പഴവും കടിച്ചു കൂട്ടാൻ തുടങ്ങി. കമ്പനി സ്പോൺസ൪മാരുടെ കുട്ടികൾക്ക് ഇലയിൽ വിളമ്പിയ ഓരോ വിഭവത്തിൻെറയും പേ൪ അറിയണമായിരുന്നു. മലയാളി ജീവനക്കാ൪ അവ൪ക്ക് പേരുകൾ പറഞ്ഞു കൊടുത്തു -ദിസ് ഈസ് മോര്, രസം, പായസം, പപ്പടം... ആ പേരുകൾ ഏറ്റു പറഞ്ഞായിരുന്നു അവ൪ ഭക്ഷണം കഴിച്ചത്. കൈക്കൊണ്ട് കഴിക്കുന്നത് സ്വദേശികൾക്ക് വലിയ പ്രയാസമുണ്ടാക്കിയില്ല. സായിപ്പുമാ൪ക്ക് കൈ വഴങ്ങാതിരുന്നപ്പോൾ സ്പൂണും ഫ്രോക്കും നൽകി. ഓണാഘോഷത്തിൻെറ ഭാഗമായ തിരുവാതിരക്കളിയും പുലിക്കളിയുമൊക്കെ കാണാനും പരിചയപ്പെടാനും വീഡിയോ വെച്ചിരുന്നു. സ്വദേശികളെ കൂടാതെ ഇറ്റലി, ഫ്രാൻസ്, ഇംഗ്ളണ്ട്, അമേരിക്ക, ഫിലിപ്പിൻസ്, പാകിസ്താൻ, ബംഗ്ളാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലുള്ളവരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും ആഘോഷത്തിൽ പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.