കവര്‍ച്ചക്കിരയായ മലയാളിയുടെ ഇഖാമയും രേഖകളും നാടകീയമായി തിരികെ കിട്ടി

ജുബൈൽ: പൊലീസ് വേഷത്തിലെത്തിയ സൗദി യുവാവിൻെറ കവ൪ച്ചക്കിരയായ മലയാളിയുടെ ഇഖാമയും വാഹനത്തിൻെറ ഇസ്തിമാറയും നാടകീയമായി തിരികെ കിട്ടി. ഹെ൪ഫി ഫുഡ് കമ്പനിയിലെ വാൻ സെയിൽസ്മാൻ പത്തനംതിട്ട കടമ്മനിട്ട സ്വദേശി ജോൺ തോമസിൻെറ രേഖകളാണ് മടക്കി കിട്ടിയത്. കഴിഞ്ഞ ദിവസം ദമ്മാമിൽ നിന്ന് വിൽപനക്കുള്ള സാധനങ്ങളുമായി ജുബൈലിലേക്ക് വരുന്നതിനിടെ ജെറി പെട്രോൾ സ്റ്റേഷന് സമീപം വെച്ചാണ് ജോൺ കവ൪ച്ചക്കിരയായയത്.  പിറകെ  വെള്ള കാംറി കാറിൽ വന്ന യുവാവ്  ജോണിനോട് വാഹനം നിറുത്താൻ ആവശ്യപ്പെടുകയും പരിശോധനക്കിടെ പണവും രേഖകളും അടങ്ങിയ പഴ്സുമായി കടക്കുകയുമായിരുന്നു. ജോൺ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കെ ഇന്നലെ ഹെ൪ഫിയുടെ ദമ്മാം ശാഖയിൽ എത്തിയ ഒരു പൊലീസുകാരൻ വഴിയിൽ നിന്നു കിട്ടിയതാണെന്ന് പറഞ്ഞ് പഴ്സും രേഖകളും കടയിൽ ഏൽപിച്ചു മടങ്ങി. വിവരം അറിയിച്ചതനെ തുട൪ന്ന് സ്ഥലത്തെത്തിയ ജോണിൻെറ സ്പോൺസ൪ അബൂ ബന്ദ൪ ഇഖാമയുമായി പരാതി നൽകിയ ശിയാദ് സ്റ്റേഷനിലെത്തി സംഭവം വിശദീകരിച്ചു. കേസന്വേഷണം പുരോഗമിക്കുന്നെന്നാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരമെന്ന് ജോൺ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 1000 റിയാലും ലൈസൻസും ഇനി ലഭിക്കാനുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വാഹനം തടഞ്ഞു നിറുത്തിയ 30 വയസു തോന്നിക്കുന്ന പൊലീസ് യുണിഫോം ധരിച്ച യുവാവ് ഇസ്തിമാറയും ലൈസൻസും ആവശ്യപ്പെടുകയായിരുന്നു. രണ്ടും കൊടുത്തപ്പോൾ അമിത വേഗത്തിലാണ് വണ്ടി ഓടിച്ചതെന്നും ഇത്തരം വാഹനം ഓടിക്കുന്നതിന് ഈ ലൈസൻസ് പോരെന്നും പിഴയടക്കണമെന്നും നി൪ദേശിച്ചു. വാഹനത്തിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി പിഴ രസീതി എഴുതാൻ തുടങ്ങുമ്പോൾ കഴിഞ്ഞ രണ്ട് വ൪ഷമായി താൻ ഈ ലൈസൻസിലാണ് വാഹനം ഓടിക്കുന്നതെന്ന് ജോൺ തോമസ് അറിയിച്ചു. അപ്പോഴേക്കും മെമ്മറി കാ൪ഡ് ഉണ്ടോ എന്ന് പരിശോധിക്കാൻ  കൈയിലുള്ള പഴ്സ് എടുക്കാൻ യുവാവ് ആവശ്യപ്പെട്ടു. യുണിഫോമും വാഹനത്തിനുള്ളിൽ വയ൪ലെസ് സെറ്റും തോക്കും എല്ലാം കണ്ടതിനാൽ ജോൺ തോമസ് പഴ്സ് കൈമാറി. ഇത് പരിശോധിക്കുന്നതിനിടെ ജോൺ തോമസിൻെറ വണ്ടി മുന്നിലേക്ക് മാറ്റിയിടാൻ യുവാവ് നി൪ദേശിച്ചു. ഇതിനായി ജോൺ വാനിലേക്ക് കയറുമ്പോൾ പഴ്സുമായി യുവാവ് കടക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.