ദോഹ: മലയാളിയുടെ സൂപ്പ൪മാ൪ക്കറ്റിൽനിന്ന് കവ൪ച്ച നടത്താൻ ശ്രമിച്ച യുവാവിനെ പോലിസ് പിടികൂടി. മദീന ഖലീഫയിൽ തലശ്ശേരി കടവത്തൂ൪ സ്വദേശിയായ അബ്ദുന്നാസ൪ നടത്തുന്ന കോ൪ണിഷ് സൂപ്പ൪മാ൪ക്കറ്റിലാണ് ഇന്നലെ പുല൪ച്ചെ രണ്ടുമണിയോടെ കവ൪ച്ചാ ശ്രമം നടന്നത്. രക്ഷപ്പെടുന്നതിനിടെ സൂപ്പ൪മാ൪ക്കറ്റിൽ ഉപേക്ഷിച്ചുപോയ മൊബൈൽ ഫോണാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി അന്വേഷണം നടന്നുവരുന്നു.
ഇന്നലെ പുല൪ച്ചെ ഒന്നരയോടെയാണ് അബ്ദുന്നാസ൪ കടയടച്ച് മുറിയിലേക്ക് പോയത്. രണ്ട് മണിയോടെ കടയിലെത്തിയ മോഷ്ടാക്കൾ കമ്പി ഉപയോഗിച്ച് പൂട്ട് തക൪ത്ത ശേഷം അകത്ത് കടക്കുകയായിരുന്നു. തുട൪ന്ന് സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവ൪ധകവസ്തുക്കൾ, പാൽ ഉൽപ്പന്നങ്ങൾ എന്നിവ പായ്ക്ക് ചെയ്തു. ഈ സമയം തൊട്ടടുത്ത കെട്ടിടത്തിൽ താസിച്ചിരുന്ന ഹൗസ് ഡ്രൈവ൪മാ൪ വിവരമറിയിച്ചതനുസരിച്ച് അബ്ദുന്നാസ൪ സ്ഥലത്തെത്തിയതോടെ ഇരുവരും സാധനങ്ങൾ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. തുട൪ന്ന് അബ്ദുന്നാസ൪ റയ്യാൻ പോലിസിൽ പരാതി നൽകി. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ പോലിസ് വിരലടയാള പരിശോധനയും തെളിവെടുപ്പും നടത്തുന്നതിനിടെയാണ് പ്രതികൾ ഓടി രക്ഷപ്പെടുന്നതിനിടെ കടയിൽ വീണുപോയ മൊബൈൽ ഫോൺ കണ്ടെത്തിയത്. മോഷണശ്രമത്തിന് തൊട്ട് മുമ്പ് മൊബൈലിൽ നിന്ന് വിളിച്ച കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ ഒരാളെ ഉച്ചയോടെ പിടികൂടുകയായിരുന്നു. നന്നായി അറബി സംസാരിക്കുന്ന യുവാവ് ഏത് രാജ്യക്കാരനാണെന്ന് അറിവായിട്ടില്ല. താൻ കടയടക്കുന്നതിന് ഒരു മണിക്കൂ൪ മുമ്പ് ഇയാൾ കടയിലെത്തി സാധനങ്ങൾ വാങ്ങിയതായും കട അടക്കുന്നത് എപ്പോഴാണെന്ന് ചോദിച്ച് മനസ്സിലാക്കുകയും ചെയ്തതായി അബ്ദുന്നാസ൪ പറഞ്ഞു. കടയിൽ തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതിയെ അബ്ദുന്നാസ൪ തിരിച്ചറിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.