റിയാദ്: വേനലവധി കഴിഞ്ഞ് സെപ്റ്റംബ൪ ഒന്നിന്·ശനിയാഴ്ച സൗദിയിൽ പുതിയ അധ്യയനവ൪ഷത്തിനു തുടക്കമാവും. പാഠപുസ്തകങ്ങൾ 90 ശതമാനവും വിതരണത്തിന് സ്കൂളുകളിൽ എത്തിക്കഴിഞ്ഞതായും അവശേഷിക്കുന്നത് ഒരാഴ്ചക്കുള്ളിൽ എത്തിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. റാശിദ് അയ്യാദ് വ്യക്തമാക്കി. പരിഷ്കരിച്ച പാഠ്യപദ്ധതി ഈ വ൪ഷം മുതൽ പൂ൪ണമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വ൪ഷങ്ങളിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി വിജയിച്ചു. പ്രൈമറി നാലാംതരം മുതലാണ് ഇംഗ്ളീഷ് സൗദി സ്കൂളുകളിൽ പഠിപ്പിക്കുന്നത്. അധ്യയനമാധ്യമങ്ങളിൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിൻെറ ഭാഗമായി രാജ്യത്തെ സ്കൂളുകളിൽ മൂവായിരത്തോളം സ്മാ൪ട്ട് ക്ളാസുകൾ സജ്ജമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. പുതിയ സ്കൂളുകൾക്കായി 650 കെട്ടിടങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. 250 കെട്ടിടങ്ങൾ ഏറ്റെടുക്കൽ പൂ൪ത്തിയായി വരുന്നു.
ശനിയാഴ്ച മുതൽ സ്വകാര്യസ്കൂളുകളിൽ 20 ശതമാനം സ്വദേശികൾക്ക് തൊഴിലുറപ്പ് നൽകണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഏകീകൃത വേതനവ്യവസ്ഥയും ഈ വ൪ഷം നടപ്പാക്കും. മാനേജ൪, അധ്യാപക൪, സഹാധ്യാപക൪, സൂപ൪വൈസ൪, ഗൈഡ്, ആക്ടിവിറ്റി ലീഡ൪, ലാബ് ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലാണ് 20 ശതമാനം സ്വദേശിവത്കരണം വിദ്യാഭ്യാസ മന്ത്രാലയം നിഷ്ക൪ഷിക്കുന്നത്.
സ്വദേശി അധ്യാപകരുടെ പ്രതിമാസ വേതനം 5600 റിയാലായി നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ 3100 റിയാൽ സ്വകാര്യ സ്കൂൾ മാനേജ്മെൻറും ബാക്കി 2500 റിയാൽ സ൪ക്കാ൪ ഫണ്ടിൽനിന്നുമാണ് അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.