ഹൈമ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരോടെ യാത്രാമൊഴി

മസ്കത്ത്: ജീവിതത്തിലേക്ക് പിച്ച വെക്കാൻ തുടങ്ങിയ പിഞ്ചോമനകളടക്കം ഹൈമ വാഹനാപകടത്തിൽ മരിച്ച പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ ഖുറം ആ൪.ഒ.പി. ആശുപത്രിയി മോ൪ച്ചറിയിൽ നിന്ന് ഒന്നിന് പിറകെ ഒന്നായി പുറത്തെടുക്കുമ്പോൾ അന്തിമോപചാരമ൪പ്പിക്കാൻ എത്തിയവരുടെ കണ്ണുനിറഞ്ഞു. ഒമ്പത് മൃതദേഹങ്ങൾ അടങ്ങിയ കാ൪ഗോപെട്ടികൾക്ക് മുന്നിൽ മയ്യത്ത് നമസ്കാരം നി൪വഹിക്കാൻ അണിചേ൪ന്നപ്പോഴും പല൪ക്കും കണ്ഠമിടറി. പെരുന്നാൾ ആഘോഷിച്ച് തീരും മുമ്പേ വിട പറഞ്ഞ മിത്രങ്ങൾക്കും കുടുംബാംഗങ്ങൾക്കും സ്വ൪ഗം നൽകി അനുഗ്രഹിക്കാൻ അവ൪ മനമുരുകി പ്രപഞ്ചനാഥനോട് പ്രാ൪ഥിച്ചു. നിറ കണ്ണുകളോടെയാണ് ഹൈമ വാഹനാപകടത്തിൽ മരിച്ചവ൪ക്ക് അവ൪ യാത്രാമൊഴിയേകിയത്.
ഖുറം ആശുപത്രി പരിസരത്ത് നടന്ന മയ്യിത്ത് നമസ്കാരങ്ങൾ എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് എൻ.എം. സ്വാദിഖ് സഖാഫി, ഉസ്മാൻ മുസ്ലിയാ൪ ബിദായ എന്നിവ൪ നേതൃത്വം നൽകി.
രാവിലെ തന്നെ നിസ്വ, ഹൈമ ആശുപത്രികളിൽ നിന്ന് മൃതദേഹങ്ങൾ ഖുറം ആശുപത്രിയിൽ എത്തിച്ചിരുന്നു.
അപകടത്തിൽ മരിച്ച കണ്ണൂ൪ സൗത്ബസാറിൽ പണ്ടാരവളപ്പിൽ ഷംസുദ്ദീൻെറയും ഖദീജയുടെയും മകൻ റിഷാൻെറ (25) മൃതദേഹമാണ് ആദ്യം നാട്ടിലേക്ക് കൊണ്ടുപോയത്. ഉച്ചക്ക് രണ്ടിന് മസ്കത്തിൽ നിന്ന് ഷാ൪ജ വഴി കോഴിക്കോട്ടേക്ക് പോകുന്ന എയ൪ ഇന്ത്യൻ എക്സ്പ്രസിൽ കയറ്റിവിട്ട മൃതദേഹം രാത്രി 7.20 ഓടെ കോഴിക്കോട് എത്തി.
വെള്ളിയാഴ്ച രാത്രി ഒമാൻ സമയം പത്തരക്ക് മസ്കത്തിൽ നിന്ന് പുറപ്പെടുന്ന ചെന്നെ-കൊച്ചി വിമാനത്തിലാണ് മലപ്പുറം തവനൂ൪ റോഡ് അണിമംഗലം വീട്ടിൽ മുസ്തഫ (37), ഭാര്യ റുഖിയ (30) മകൾ മുഹ്്സിന (ഒമ്പത്) എന്നിവരുടെ മൃതദേഹം കൊണ്ടുവരുന്നത്. ഈവിമാനം ശനിയാഴ്ച 1.20ന് കൊച്ചി വിമാനത്താവളത്തിലെത്തും. വെള്ളിയാഴ്ച രാത്രി ഒമാൻ 12.05ന് മുംബൈ വഴി കോഴിക്കോട്ടേക്ക് പോകുന്ന വിമാനത്തിലാണ് കണ്ണൂ൪ മട്ടന്നൂ൪ കുളങ്ങരകണ്ടി പുതിയപുരയിൽ ഖാലിദ് മൗലവി (33) ഭാര്യ സഫ്നാസ് (24), മക്കളായ മുഹമ്മദ് അസീം (ഏഴ്), മുഹമ്മദ് അനസ് (അഞ്ച്), ഫാത്തിമ (മൂന്ന്) എന്നിവരുടെ അഞ്ചു മൃതദേഹങ്ങൾ എത്തുക. ഈ വിമാനം ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.