എല്ലാം വിഫലം; ശഹരൂര്‍ മരണത്തിനു വഴങ്ങി

ദമ്മാം: ആയിരങ്ങളുടെ പ്രാ൪ഥനക്കൊപ്പം റഫീഖും ശാഹിദയും കണ്ണിമ ചിമ്മാതെ കാത്തുവെച്ച പൊന്നുമോൻെറ ജീവൻ ഒടുവിൽ മരണം കീഴടക്കി. മരണത്തിൻെറ നൂൽപാലത്തിൽ നിന്ന് ജീവിതത്തിലേക്ക് പിഞ്ചുമകനെ തിരികെ എത്തിക്കാനുള്ള മലയാളി ദമ്പതികളുടെ ശ്രമം വിഫലമായി.  ഒരു വ൪ഷത്തിലധികം വെൻറിലേറ്ററിൻെറ സഹായത്തോടെ ജീവനുവേണ്ടി പൊരുതിയ, ദമ്മാമിലെ ലേഡീസ് മാ൪ക്കറ്റിലെ തുണിക്കടയിൽ ജോലി ചെയ്യുന്ന കണ്ണൂ൪ തലശ്ശേരി പായേരി വീട്ടിൽ റഫീഖ്-ശാഹിദ ദമ്പതികളുടെ നാലാമത്തെ മകൻ ശഹ്രൂ൪ പ്രവാസികളുടെ കൂടി നൊമ്പരമായിരുന്നു. ജനിച്ചപ്പോൾ തന്നെ ഹൃദയത്തിലേക്കുള്ള രക്തധമനികളുടെ തകരാറിനെ തുട൪ന്ന് സ്വതന്ത്രമായി ശ്വാസം കഴിക്കാനാവാതെ ബുദ്ധിമുട്ടിയ കുഞ്ഞിന് ചെലവേറിയ സങ്കീ൪ണമായ ശസ്ത്രക്രിയയാണ് പരിഹാരമായി ഡോക്ട൪മാ൪ നി൪ദേശിച്ചത്. നാട്ടിൽ അതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ വിസ കാലാവധി തീരാറായതിനാൽ റഫീഖിനും കുടുംബത്തിനും ദമ്മാമിലേക്കു മടങ്ങേണ്ടിവന്നു. മടക്കയാത്രയിൽ ദമ്മാം എയ൪പോ൪ട്ടിൽ വെച്ച് കുട്ടിക്ക് ശ്വാസതടസ്സമുണ്ടാവുകയും അധികൃത൪ തന്നെ ഖതീഫ് സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുട൪ന്നിങ്ങോട്ട് ഏതാണ്ട് മുഴുവൻ സമയവും വെൻറിലേറ്ററിൻെറ സഹായത്താലാണ് ശഹ്രൂറിൻെറ ജീവൻ പിടിച്ചുനിറുത്തിയത്.  
ശഹ്രൂരിനെ കുറിച്ച് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച വാ൪ത്തയുടെ അടിസ്ഥാനത്തിൽ ജീവൻ രക്ഷിക്കാൻ നിരവധി പേ൪ പിന്തുണയുമായി വന്നു. സാമൂഹികപ്രവ൪ത്തകരായ ഷാജി വയനാട്, ജവാദ് മൗലവി എന്നിവരുടെ സഹായത്തോടെ ദമ്മാം അമീറിൻെറ മുന്നിലെത്തിയ ഈ ദമ്പതികൾക്ക് അനുകൂലമായി റിയാദിലെ അമീ൪ സുൽത്താൻ ആശുപത്രിയിൽ കുട്ടിക്ക് സൗജന്യ ശസ്ത്രക്രിയ നടത്താൻ ഉത്തരവായി. എന്നാൽ ഇതിനു വന്ന കാലതാമസം കാരണം രണ്ട് മാസം മുമ്പ് കുട്ടിയെ നാട്ടിലേക്ക് കൊണ്ടുപോവുകയും ബംഗളൂരുവിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കുകയുമായിരുന്നു. അമീ൪ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽഅസീസിൻെറ കാരുണ്യം ലഭിച്ചെങ്കിലും ഇത്തരത്തിൽ പല രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ സൗജന്യ ശസ്ത്രക്രിയക്കായി ഊഴം കാത്തിരിക്കുന്നതിനാൽ അടിയന്തരമായി അത് നടത്താൻ സാധിക്കാതെ വന്നു. എതാണ്ട് ഒരു വ൪ഷത്തിലധികം നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് ശഹ്രൂറിനെ നാട്ടിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. സഫ മെഡിക്കൽ സെൻറ൪ ഡയറക്ട൪ മുഹമ്മദ് കുട്ടി കോഡൂ൪ കുട്ടിയോടൊപ്പം നാട്ടിലേക്ക് പോകാൻ നഴ്സിനെയും മറ്റും നൽകി. തലശ്ശേരി മാഹി കൂട്ടായ്മകളും സഹായിച്ചു.
കാത്തിരിപ്പിനും പ്രാ൪ഥനകൾക്കും ഒടുവിൽ ശഹ്രൂ൪ സുഖം പ്രാപിച്ചുവരുന്ന വാ൪ത്ത ഏവരേയും സന്തോഷിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിക്ക് ശക്തമായ പനി അനുഭവപ്പെടുകയും കുട്ടിയെ വീണ്ടും ബംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ തലശ്ശേരി പയ്യരി മസ്ജിദിൽ ശഹരൂറിനെ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.