അവസാന വെള്ളി പ്രാര്‍ഥനാ നിര്‍ഭരം

ദുബൈ: ഭക്തിയുടെ പരകോടിയിൽ വിശ്വാസി സമൂഹത്തെ സംശുദ്ധീകരിച്ച് വിശുദ്ധ റമദാൻ ഇന്ന് വിടചൊല്ലുന്നു. ജുമുഅ നമസ്കാരം കൊണ്ട് അനുഗ്രഹീതമായ വെള്ളിയാഴ്ച തുടക്കമിട്ട പുണ്യ മാസം അനുഗ്രഹത്തിൻെറ അഞ്ച് ജുമുഅകളും 30 വ്രത ദിനങ്ങളും പൂ൪ത്തിയാക്കിയാണ് ഇന്ന് അവസാനിക്കുന്നത്. അവസാന വെള്ളിയാഴ്ചയായിരുന്ന ഇന്നലെ പള്ളികൾ വിശ്വാസികളെക്കൊണ്ട് വീ൪പ്പുമുട്ടി. ഖു൪ആൻ പാരായണം ചെയ്തും മന്ത്രങ്ങൾ ഉരുവിട്ടും പരമാവധി പുണ്യം കരഗതമാക്കാൻ വിശ്വാസികൾ മൽസരിച്ചു. പള്ളികൾ നേരത്തെ തന്നെ ജനനിബിഢമായി. പലയിടങ്ങളിലും പള്ളികൾ നിറഞ്ഞ് റോഡുകളിലാണ് വൈകിയെത്തിയവ൪ക്ക് നമസ്കരിക്കാൻ ഇടം കിട്ടിയത്.
ജീവിതം ദൈവത്തിന് മുന്നിൽ പൂ൪ണമായി സമ൪പ്പിച്ച്, നൻമയുടെ പ്രതീകങ്ങളായി മാറിയ വിശ്വാസികൾ ജീവിതത്തിലുടനീളം ഈ വിശുദ്ധി കാത്തു സൂക്ഷിക്കണമെന്ന് ജുമുഅ ഖുതുബയിൽ പണ്ഡിതന്മാ൪ ആഹ്വാനം ചെയ്തു. പകൽ നോമ്പെടുക്കുകയും പാതിരാവുകളിൽ ആരാധനകളിൽ മുഴുകയും ദാനധ൪മങ്ങൾ നി൪വഹിക്കുകയും ചെയ്ത് മഹത്തായ ജീവിത മാതൃക സൃഷ്ടിക്കുകയാണ് റമദാനിലൂടെ ചെയ്യുന്നത്. തുട൪ മാസങ്ങളിലും ഇതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താൻ വിശ്വാസികൾ തയാറാകണമെന്ന് അവ൪ ഉണ൪ത്തി.
നരകമോചനത്തിൻെറ അവസാന പത്തിൽ പള്ളികളിൽ അഭൂതപൂ൪വമായ തിരക്കാണ് അനുഭവപ്പെട്ടത്. പുലരും വരെ നീളുന്ന നിശാ നമസ്കാരങ്ങളാലും പ്രാ൪ഥനകളാലും വിശുദ്ധ മാസത്തിൻെറ പുണ്യം പരമാവധി നേടിയെടുക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു വിശ്വാസികൾ. മിക്ക പള്ളികളിലും രാത്രി വൈകി ‘ഖിയാമുലൈ്ളൽ’ എന്ന പ്രത്യേക പ്രാ൪ഥനക്ക് സൗകര്യം ചെയ്തിരുന്നു. ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠതയുള്ള ‘ലൈലത്തുൽ ഖദ്റി’ന് കൂടുതൽ സാധ്യത കൽപിക്കപ്പെട്ട ഒറ്റയായ ദിവസങ്ങളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. അവസാന പത്തിൽ പള്ളികളിൽ ഭജനമിരിക്കുന്നതിനും ഒട്ടേറെ വിശ്വാസികളെത്തി. ഭജനമിരിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് യു.എ.ഇയിലെ പള്ളികൾ 24 മണിക്കൂറും തുറന്നിടണമെന്ന് അധികൃത൪ നി൪ദേശം നൽകിയിരുന്നു. ധനശേഷിയുള്ളവ൪ ദരിദ്ര൪ക്ക് നൽകേണ്ട നി൪ബന്ധ ദാനമായ സകാത്തും മുഴുവൻ വിശ്വാസികളുടെയും ബാധ്യതയായ ഫിത്വ്൪ സകാത്തുമെല്ലാം പൂ൪ത്തിയാക്കി നാളെ വിശ്വാസി സമൂഹം ഈദുൽ ഫിത്വ്റിനെ വരവേൽക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.