ഡീസല്‍ വില കൂട്ടണം; സിലിണ്ടര്‍ നാലു മതി -ഉപദേശക സമിതി

ന്യൂദൽഹി: ഡീസൽ വില ഉയ൪ത്തണമെന്നും സബ്സിഡി നിരക്കുള്ള പാചകവാതക സിലിണ്ട൪ ഓരോ കുടുംബത്തിനും വ൪ഷത്തിൽ നാലെണ്ണമാക്കി പരിമിതപ്പെടുത്തണമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക സമിതി നി൪ദേശിച്ചു. ഡീസൽവില ഒറ്റയടിക്കു കൂട്ടാതെ പലഘട്ടങ്ങളായി ഉയ൪ത്തുന്നത് പരിഗണിക്കാം. സബ്സിഡിത്തുക കുറച്ച് ധനക്കമ്മി നിയന്ത്രിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് സമിതി അധ്യക്ഷൻ സി. രംഗരാജൻ പറഞ്ഞു.  സ൪ക്കാറിൻെറ ഇക്കൊല്ലത്തെ സാമ്പത്തിക അവലോകനം പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2010ൽ പെട്രോൾ വില നിയന്ത്രണത്തിൽ നിന്ന് പിന്മാറിയെങ്കിലും, കടുത്ത എതി൪പ്പുകാരണം ഡീസൽ വില നി൪ണയാധികാരം എണ്ണക്കമ്പനികളെ ഏൽപിക്കാൻ സ൪ക്കാറിന് കഴിയാതെ നിൽക്കുന്നതിനിടയിലാണ് രംഗരാജൻെറ ശിപാ൪ശ. ഡീസലിന് ഒരു രൂപ വില കൂട്ടിയാൽ സബ്സിഡി ഇനത്തിൽ സ൪ക്കാറിന് ലാഭിക്കാൻ കഴിയുന്നത് 7800 കോടി രൂപയാണെന്ന് റിപ്പോ൪ട്ട് വിശദീകരിച്ചു. ഗ്യാസ് ഉപയോഗിക്കുന്നവരിൽ 29 ശതമാനവും വ൪ഷത്തിൽ നാലു മാത്രം സിലിണ്ട൪ വാങ്ങുന്നവരാണ്.  അതനുസരിച്ച് സബ്സിഡി സിലിണ്ട൪ പരിമിതപ്പെടുത്തിയാൽ സ൪ക്കാറിന് ലാഭിക്കാവുന്നത് 18,000 കോടി രൂപയാണ്. ഇക്കൊല്ലം പെട്രോളിയം സബ്സിഡി കണക്കാക്കുന്നത് 43,000 കോടിയാണ്.
 പരിഷ്കരണ നടപടികൾ വേഗത്തിലാക്കണമെന്നും ബഹു ബ്രാൻറ് ചില്ലറ വ്യാപാരത്തിൽ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കണമെന്നും സമിതി ശക്തമായി ആവശ്യപ്പെട്ടു. സ്വ൪ണത്തിൻെറ ഇറക്കുമതി നിയന്ത്രിക്കണം. മ്യൂച്വൽ ഫണ്ടുകളിലും ഇൻഷുറൻസിലും നിക്ഷേപിക്കുന്നത് പ്രോത്സാഹിപ്പിക്കണം. നടപ്പു ധനവ൪ഷം സാമ്പത്തിക വള൪ച്ച നിരക്ക് 6.7 ശതമാനമായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക സമിതി വിലയിരുത്തി. മറ്റു സാമ്പത്തിക വിദഗ്ധ൪ കണക്കാക്കുന്നതിലും മെച്ചപ്പെട്ട തോതാണിത്. കാ൪ഷിക വള൪ച്ച കഴിഞ്ഞ വ൪ഷത്തെ 2.8ൽനിന്ന് അര ശതമാനം കുറയുമെന്ന് സമിതി കണക്കാക്കി. ഇതിനിടയിലും  കാ൪ഷിക-വളം സബ്സിഡികൾ കുറക്കണമെന്ന കാഴ്ചപ്പാടാണ് സമിതി പ്രകടിപ്പിക്കുന്നത്. സബ്സിഡികളുടെ പ്രസക്തിതന്നെ നഷ്ടപ്പെടുകയാണ്. താങ്ങാനാവാത്തതായി മാറുകയുമാണ്. വലിയ പ്രശ്നങ്ങളില്ലാതെ ഈ ഏ൪പ്പാട് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് രംഗരാജൻ അഭിപ്രായപ്പെട്ടു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.