സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ്: മുങ്ങിയ മലയാളി പിടിയിലായെന്ന് സൂചന

ദോഹ: സൂപ്പ൪മാ൪ക്കറ്റിൻെറ മറവിൽ ദോഹയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളി യുവാവ് നാട്ടിൽ പിടിയിലായെന്ന് സൂചന. മലപ്പുറം പൊന്നാനി കരിങ്കല്ലത്താണി അയ്നിച്ചിറ ചെങ്ങനാത്ത് വീട്ടിൽ ആബിദ് മുഹമ്മദാണ് (32) വ്യാജ പാസ്പോ൪ട്ടിൽ ദുബൈയിൽ നിന്ന് ഖത്തറിലെത്തി തട്ടിപ്പ് നടത്തി മുങ്ങിയത്. ഏതാനും ദിവസങ്ങളായി നാട്ടിൽ കഴിഞ്ഞിരുന്ന ഇയാൾ ഇന്നലെ പെരുമ്പടപ്പ് പോലിസിൻെറ പിടിയിലായതായാണ് അറിയുന്നത്. എന്നാൽ, ഇതുവരെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.  തട്ടിപ്പിനിരയായ വ്യാപാരികൾ ഇയാൾക്കെതിരെ ഖത്തറിലെ ഇന്ത്യൻ എംബസിയിലും കേരള മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മലപ്പുറം എസ്.പി എന്നിവ൪ക്കും പരാതി നൽകിയിരുന്നു.
മൈദറിൽ അൽ ശംസി എന്ന പേരിൽ തുടങ്ങാനിരിക്കുന്ന സൂപ്പ൪മാ൪ക്കറ്റിലേക്കും സ്വന്തം ഉടമസ്ഥതയിലുള്ള കാറ്ററിംഗ് കമ്പനിയിലേക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച ് വിതരണക്കമ്പനികളിൽ നിന്ന് വാങ്ങിക്കൂട്ടിയ സാധനങ്ങൾ ദോഹയിൽ തന്നെ കുറഞ്ഞവിലക്ക് മറിച്ചുവിറ്റ ശേഷം പണവുമായി ഇയാൾ കടക്കുകയായിരുന്നു.  ഗ്യാരണ്ടി ചെക്കും സ്പോൺസറുടെ ഒപ്പുള്ള ക്രെഡിറ്റ് ആപ്ളിക്കേഷൻ ഫോമും ഈടു നൽകിയാണ് പല വ്യാപാരികളിൽ നിന്നായി ലക്ഷങ്ങളുടെ സാധനങ്ങൾ വാങ്ങിയത്. ഇവ മൈദറിൽ തന്നെയുള്ള ഒരു ഗോഡൗണിൽ സൂക്ഷിച്ച ശേഷം മറിച്ചുവിൽക്കുകയും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നേപ്പാളിലേക്ക് പോകണമെന്ന് സ്പോൺസറെ തെറ്റിദ്ധരിപ്പിച്ച് എക്സിറ്റ്പെ൪മിറ്റ് കൈക്കലാക്കി ഖത്ത൪ വിടുകയുമാണ് ചെയ്തത്.
ഹാഫിസ് മുഹമ്മദ് എന്ന പേരിൽ തൃശൂ൪, വടക്കേക്കാട്,  കൊച്ചന്നൂ൪, കിഴക്കുംതറയിൽ എന്ന വിലാസത്തിൽ  2006ൽ കൊച്ചിയിൽ നിന്നെടുത്ത പാസ്പോ൪ട്ടിലാണ് ഇയാൾ ഖത്തറിലെത്തിയത്. എന്നാൽ, ഈ പാസ്പോ൪ട്ട് വ്യാജമാണെന്നും സ്വദേശം പൊന്നാനിയാണെന്നും യഥാ൪ഥ പേര് ആബിദ് എന്നാണെന്നും തട്ടിപ്പിനിരയായ വ്യാപാരികൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചന്നൂരോ പരിസരത്തോ  ഈ വിലാസത്തിൽ ഹാഫിസ് മുഹമ്മദ് എന്നൊരാളില്ലെന്ന് അവിടെ നിന്ന് ഖത്തറിലുള്ള പ്രവാസികളും വ്യക്തമാക്കിയിരുന്നു. ഇയാൾക്കെതിരെ സ്പോൺസ൪ ജമാൽ അൽ കുവാരി റയ്യാൻ പോലിസിലും പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ, പോലിസ് വലയിലായ ആബിദിനെ രക്ഷിക്കാൻ പ്രദേശത്തെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയതായും പറയപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.