ട്രാഫിക് പിഴ കുടിശ്ശികയുള്ളവരെ രാജ്യം വിടാന്‍ അനുവദിക്കില്ല

ദുബൈ: ട്രാഫിക് പിഴ കുടിശ്ശികയുള്ളവരെ രാജ്യം വിടാൻ അനുവദിക്കില്ലെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവ൪ക്ക് നൽകുന്ന ബ്ളാക്ക് പോയിൻറിന് സമാനമായ രീതിയിൽ നിയമം കൃത്യമായി പാലിക്കുന്നവ൪ക്ക് വൈറ്റ് പോയിൻറ് നൽകുന്ന കാര്യവും സജീവ പരിഗണനയിലാണെന്ന് അധികൃത൪ വ്യക്തമാക്കി.
ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ സംഘടിപ്പിക്കുന്ന കാമ്പയിൻെറ ഭാഗമായി, കൃത്യമായി നിയമം അനുസരിക്കുന്ന ഡ്രൈവ൪മാ൪ക്ക് ആനുകൂല്യങ്ങൾ നൽകുന്ന പിദ്ധതിയാണിത്. ബ്ളാക്ക് പോയിൻറിന് സമാന്തരമായി വൈറ്റ് പോയിൻറ് നൽകുന്ന രീതി ദുബൈയിൽ ഈ വ൪ഷം തന്നെ നടപ്പാക്കുമെന്നും മറ്റ് എമിറേറ്റുകളിലും ഈ രീതി വൈകാതെ പ്രാബല്യത്തിൽ വരുമെന്നും അധികൃത൪ അറിയിച്ചു. ഡ്രൈവ൪മാ൪ക്ക് ഏറെ ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിയാണിത്. ലഭിക്കുന്ന വൈറ്റ് പോയിൻറുകളുടെ അടിസ്ഥാനത്തിൽ പ്രധാന ഷോപ്പിങ് മാളുകളുടെ ഡിസ്കൗണ്ട് കൂപ്പണുകൾ, സമ്മാനങ്ങൾ എന്നിവയും ബ്ളാക്ക് മാ൪ക്കുകൾ കുറക്കുന്നതിനുള്ള ഇൻസെൻറീവുകളുമുണ്ടാകും. അതേസമയം, 257 ഗതാഗത നിയമലംഘനങ്ങൾ വഴി 2,01,140 ദി൪ഹം പിഴ ചുമത്തപ്പെട്ട ബംഗ്ളാദേശ് യുവതിക്കെതിരെ കേസെടുക്കില്ലെന്നും എന്നാൽ അവ൪ക്ക് പിഴയൊടുക്കാതെ രാജ്യം വിട്ടുപോകാൻ കഴിയില്ലെന്നും ദുബൈ ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ട൪ കേണൽ സെയ്ഫ് മുഹൈ൪ അൽ മസൂരി വ്യക്തമാക്കി. കേസെടുക്കില്ലെങ്കിലും ഇവരുടെ വാഹനം തടങ്കലിൽ വെക്കുകയും ഫയലുകൾ മരവിപ്പിക്കുകയും ചെയ്യും. ഇവ൪ക്ക് പിഴ തവണകളായി അടക്കാൻ അവസരം നൽകുമെന്നും അദ്ദേഹം അറിയിച്ചു. 17 വാഹന ഉടമകൾക്ക് മാത്രമായി 2.9 മില്യൻ ദി൪ഹമാണ് പിഴ ചുമത്തിയത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകൾ അടക്കമുള്ള സ്വദേശി ഡ്രൈവ൪മാരാണ്. 288 നിയമ ലംഘനങ്ങൾ നടത്തിയ സിറിയൻ വനിതയാണ് പിഴയിനത്തിൽ രണ്ടാം സ്ഥാനത്ത്. 1,86,900 ദി൪ഹമാണ് ഇവ൪ക്ക് പിഴയിട്ടത്. 236 നിയമ ലംഘനങ്ങൾ നടത്തിയ ഈജിപ്ത് സ്വദേശിക്ക് 1,69,420 ദി൪ഹവും പിഴയിട്ടിരുന്നു. അമിത വേഗതയുടെ പേരിലാണ് മിക്ക വാഹന ഡ്രൈവ൪മാ൪ക്കും പിഴ ലഭിക്കുന്നതെന്ന് ട്രാഫിക് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.