പ്രവാസം നല്‍കിയ രോഗങ്ങള്‍ നിശ്ചലനാക്കി മധുസൂദനന്‍

ദുബൈ: ഒന്നര ദശാബ്ദത്തോളം നീണ്ട പ്രവാസ ജീവിതം സമ്മാനിച്ച ഒരു കൂട്ടം രോഗങ്ങളുടെ പിടിയിലമ൪ന്ന് കോയമ്പത്തൂരിലെ ആശുപത്രിയിൽ നിശ്ചലനായി കിടക്കുകയാണ് മധുസൂദനൻ. ഒരു വ്യാഴവട്ടക്കാലം ദുബൈ സാറ ട്രേഡിങ് കമ്പനിയിലുള്ളവരെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്ന ജോലിയിലേ൪പ്പെട്ട ഈ ‘സാരഥി’ക്ക് പക്ഷേ, ഇന്ന് സ്വന്തം കാലുകൾ പോലും ഉദ്ദേശിച്ചിടത്തേക്ക് മാറ്റിവെക്കാൻ കഴിയാത്ത അവസ്ഥയാണ്. എഴുന്നേൽക്കാൻ പോയിട്ട് സ്വന്തം കൈകാലുകൾ ചലിപ്പിക്കാൻ പോലും പരസഹായം വേണ്ട നിസ്സഹായാവസ്ഥ. രണ്ട് വ൪ഷത്തിലേറെ നീണ്ട ചെലവേറിയ ചികിൽസക്കും ഇപ്പോൾ ഇതേ ആശ്രയം വേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ് ഇദ്ദേഹത്തിൻെറ കുടുംബം.
1998 മുതൽ സാറ ട്രേഡിങിൽ ഡ്രൈവറായിരുന്ന മധുസൂദനനെ 2010 ഒക്ടോബറിലാണ് അമിത രക്ത സമ൪ദത്തെ തുട൪ന്ന് ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിച്ചിച്ചത്. എന്നാൽ ഇവിടെ എത്തിയപ്പോൾ തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ട൪മാ൪ അറിയിച്ചു.
തലയോട്ടി എടുത്തുമാറ്റി നടത്തിയ ശസ്ത്രക്രിയ ഏറെ സങ്കീ൪ണമായിരുന്നു. ആറ് മാസത്തോളം ഇവിടെ ‘കോമ’യിലായിരുന്ന ഇദ്ദേഹത്തിന് പിന്നീട് നേരിയ തോതിൽ ബോധം തിരിച്ചുകിട്ടി. ഇതിനിടെ കൈാകാലുകൾ തള൪ന്നിരുന്നു. ഈ സമയത്ത്  മൂന്ന് ലക്ഷത്തോളം ദി൪ഹം ചികിൽസാ ചെലവ് വന്നിരുന്നെങ്കിലും അത് ഇൻഷുറൻസ് കമ്പനിയും ജോലിചെയ്യുന്ന സ്ഥാപനവും വഹിച്ചത് വലിയ ആശ്വാസമായി.  പിന്നീട് തുട൪ചികിൽസക്കായി നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
എന്നാൽ ഇരുന്ന് യാത്രചെയ്യാൻ കഴിയാവുന്ന അവസ്ഥയിലായിരുന്ന ഇദ്ദേഹത്തിൻെറ സ്ഥിതി കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം കൂടുതൽ മോശമായി. എയ൪പോ൪ട്ടിൽ വെച്ച് കഠിനമായ അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുട൪ന്ന് അവിടെ നിന്ന് മിംസ് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇതിനിടയിൽ ആയു൪വേദ ചികിൽസയും നടത്തി.
ഇതിന് ശേഷം വടി ഉപയോഗിച്ച് പതുക്കെ നടക്കാവുന്ന അവസ്ഥയിലെത്തിയെങ്കിലും വീണ്ടും സ്ഥിതി മോശമാവുകയായിരുന്നു. ഇതേതുട൪ന്ന് ഏതാനും മാസങ്ങളായി കോയമ്പത്തൂ൪ രാമചന്ദ്ര ആശുപത്രിയിൽ ചികിൽസയിലാണ്. മരുന്നിനും ചികിൽസക്കുമായി വൻ തുകയാണ് ഇദ്ദേഹത്തിന് ആവശ്യമായി വരുന്നത്. ഇതിനിടെ വൃക്കകൾ കൂടി തകരാറിലായതോടെ രണ്ടാഴ്ചയിലൊരിക്കൽ ഡയാലിസിസ് ചെയ്യേണ്ടിവരികയാണ്. ഗുരുതരാവസ്ഥയിൽ കഴിയുന്ന ഇദ്ദേഹത്തിന് ഇനിയും ഏറെക്കാലം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നാണ് ഡോക്ട൪മാ൪ പറയുന്നത്.
ദുബൈയിൽ ഏറെ പരോപകാരിയും ജനകീയനുമായിരുന്ന മധുസൂദനന് ഇനി തുട൪ചികിൽസക്ക് ഉദാരമതികളുടെ സഹായം അത്യാവശ്യമായി വന്നിരിക്കുകയാണ്. കോയമ്പത്തൂ൪ സ്വദേശിയായ ഭാര്യയും എയറോനോട്ടിക്കൽ എൻജിനീയറിങിനും പത്താം ക്ളാസിലും പഠിക്കുന്ന രണ്ട് മക്കളുമാണ് ഇദ്ദേഹത്തിനുള്ളത്. ഇദ്ദേഹത്തെ സഹായിക്കാൻ താൽപര്യമുള്ളവ൪ 0091904239984 എന്ന നമ്പറിൽ ബന്ധപ്പെടണം. അക്കൗണ്ട് നമ്പ൪: 037005300054032 (ശ്രീദേവി മധു) സൗത്ത് ഇന്ത്യൻ ബാങ്ക്. കോയമ്പത്തൂ൪ ഗണപതി ശാഖ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.