നിതാഖാത്ത്: നാല് വിഭാഗം തൊഴിലുകളില്‍ പരിഷ്കരണം

റിയാദ്: സ്വദേശിവത്കരണം ലക്ഷ്യംവെച്ച് തൊഴിൽമന്ത്രാലയം രൂപം നൽകിയ നിതാഖാത്ത് പദ്ധതിയിലുൾപ്പെട്ട നാല് വിഭാഗം തൊഴിലുകളിൽ പരിഷ്കരണം വരുത്തി. നിലവിലെ കാറ്റഗറിയിൽ നിന്ന് പുതിയ തൊഴിലുകളെ വേ൪പ്പെടുത്തി സ്വതന്ത്രവിഭാഗങ്ങളാക്കി പ്രത്യേക സ്വദേശി അനുപാതം നിശ്ചയിക്കുകയാണ് പുതിയ പരിഷ്കാരത്തിലൂടെ തൊഴിൽ മന്ത്രാലയം ചെയ്തിരിക്കുന്നത്. മാ൪ബിൾ, ഗ്രാനൈറ്റ് എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ, നഗരാതി൪ത്തിക്ക് പുറമെയുള്ള ഗതാഗതം, ചരക്ക് നീക്കം തുടങ്ങിയ വിഭാഗങ്ങളിലാണ് പരിഷ്കരണം വരുത്തിയത്. മാ൪ബിൾ, ഗ്രാനൈറ്റ് എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകൾ നിലവിൽ നി൪മാണവിഭാഗത്തിലാണ് ഉണ്ടായിരുന്നത്. നഗര ഗതാഗതവും ചരക്ക്നീക്കവും നിലവിൽ ഒറ്റ കാറ്റഗറിയിലാണ്. അവ വേ൪പ്പെടുത്തി സ്വതന്ത്രമായ രണ്ട് വിഭാഗങ്ങളാക്കിയാണ് പുതിയ പരിഷ്കരണമനുസരിച്ച് നിതാഖാത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  പരിഷ്കരണത്തോടെ ഈ നാല് വിഭാഗങ്ങൾക്കും സ്വതന്ത്രമായ സ്വദേശി അനുപാതമാണ് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്. ഈ കാറ്റഗറിയിലുൾപ്പെട്ട സ്ഥാപനങ്ങൾ അവയുടെ നിശ്ചിത സ്വദേശി അനുപാതം പൂ൪ത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് തൊഴിൽമന്ത്രാലയം വിജ്ഞാപനത്തിൽ ആവശ്യപ്പെട്ടു. നിതാഖാത്തിൻെറ പ്രായോഗിക പ്രയാസങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന ഉടമകളുടെ അപേക്ഷകൾ പ്രത്യേക സമിതികൾക്ക് കൈമാറും. സമിതികൾ പഠനം നടത്തിയ ശേഷം സമ൪പ്പിക്കുന്ന റിപ്പോ൪ട്ട് വിലയിരുത്തിയാണ് മന്ത്രാലയം നിതാഖാത്ത് പദ്ധതിയിൽ പരിഷ്കരണങ്ങൾ വരുത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.