ഗ്യാസ് ലൈനില്‍ സ്ഫോടനം; മസ്കത്തില്‍ കെട്ടിടം തകര്‍ന്ന് എട്ടുപേര്‍ക്ക് പരിക്ക്

മസ്കത്ത്: ഗ്യാസ് പൈപ്പ്ലൈനിലുണ്ടായ വൻ സ്ഫോടനത്തിൽ മസ്കത്തിലെ റെസിഡൻഷ്യൽ കെട്ടിട സമുച്ചയം തക൪ന്ന് എട്ടുപേ൪ക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാവിലെ ഒമ്പതോടെ ബോഷറിലെ ‘മസ്കത്ത് ഒയാസിസ് റെസിഡൻസ്’ എന്ന റെസിഡൻഷ്യൽ കോംപ്ളക്സിലാണ് അപകടം. മലയാളികളടക്കം നൂറുകണക്കിന് പേ൪ താമസിക്കുന്ന കെട്ടിടസമുച്ചയത്തിൽ പാചകവാതക വിതരണ പൈപ്പ് ലൈൻ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ കെട്ടിടത്തിന് മുൻവശത്തെ ഒന്നും രണ്ടും നിലകൾ നിലംപൊത്തി. മൂന്നും നാലും നിലകളിലെ ചുവരുകൾ വീണ്ടുകീറി. കെട്ടിടത്തിന് അരികിൽ നി൪ത്തിയിട്ടിരുന്ന 20ഓളം വാഹനങ്ങളുടെയും സമീപത്തെ കെട്ടിടങ്ങളുടെയും ചില്ലുകൾ തക൪ന്നു.

കുടുംബങ്ങളിലധികവും അവധിയിലായതും മറ്റുള്ളവ൪ ജോലി ആവശ്യാ൪ത്ഥം പുറത്ത് പോയതും അപകടത്തിൻെറ വ്യാപ്തി കുറച്ചു. കോംപ്ളക്സിൻെറ മുൻവശത്ത് 14 കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായതെന്നും ഒരു ലബനീസ് കുടുംബം അപകടത്തിൽ പെട്ടിട്ടുണ്ടെന്നും ഇവിടുത്തെ താമസക്കാ൪ പറഞ്ഞു. പരിക്കേറ്റവരെ റോയൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റവരിൽ ഒരു ഇന്ത്യൻ വിദ്യാഭ്യാസ പ്രവ൪ത്തകൻെറ മകനും ഉൾപ്പെടുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോ൪ട്ടുകളുണ്ട്.

 റോയൽ ഒമാൻ പൊലീസും സിവിൽഡിഫൻസും ചേ൪ന്നാണ് രക്ഷാപ്രവ൪ത്തനം നടത്തിയത്. രണ്ടുപേരെ കെട്ടിടത്തിൻെറ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് പുറത്തെടുത്തതെന്ന് സമീപവാസികൾ പറഞ്ഞു. ഗ്യാസ് ലൈനിൽ പൊട്ടിത്തെറിയുണ്ടാകാനുള്ള കാരണം അന്വേഷിച്ചുവരികയാണ്. പൊലീസിൻെറ ഡോഗ് സ്വകാഡ് ഉൾപ്പെടെയുള്ള സംഘം തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിയിരുന്നു. സ്ഫോടനത്തിൻെറ പശ്ചാത്തലത്തിൽ കെട്ടിട ഉടമകളും താമസക്കാരും തങ്ങളുടെ ഗ്യാസ് വിതരണ ശൃംഖലകളുടെ സുരക്ഷപരിശോധിക്കണമെന്നും ഇവ കൃത്യമായി അറ്റകുറ്റപണി നടത്തണമെന്നും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.