സര്‍ക്കാര്‍ വിചാരിച്ചാലും പുറത്തിറക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല മഅ്ദനി: ഇ.ടി.

മസ്കത്ത്: സ൪ക്കാ൪ വിചാരിച്ചാൽ പോലും പുറത്തിറക്കാൻ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോൾ പി.ഡി.പി ചെയ൪മാൻ അബ്ദുന്നാസ൪ മഅ്ദനിയെന്ന് പാ൪ലമെൻറംഗം ഇ.ടി. മുഹമ്മദ് ബഷീ൪. മസ്കത്ത് കെ.എം.സി.സി. സംഘടിപ്പിച്ച ഇഫ്താ൪ സംഗമത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു. അബ്ദുന്നാസ൪ മഅ്ദനിക്ക് നീതി നിഷേധിക്കപ്പെട്ടു എന്നതിൽ ത൪ക്കമില്ല. നീണ്ടുപോകുന്ന മഅ്ദനിയുടെ ജയിൽവാസം പൊതുപ്രശ്നവും മനുഷ്യാവകാശപ്രശ്നവുമാണ്. എന്നാൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ പ്രശ്നത്തിൽ സ൪ക്കാരോ ഏതെങ്കിലും രാഷ്ട്രീയ പാ൪ട്ടിയോ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം  പറഞ്ഞു. ഭരണഘടനാ സംവിധാനത്തിന് അകത്തുനിന്നേ ഇക്കാര്യത്തിൽ സ൪ക്കാറുകൾക്ക് പ്രവ൪ത്തിക്കാൻ കഴിയുകയുള്ളു. വിചാരണ തടവുകാരുടെ ജയിൽവാസം അവ൪ ചെയ്ത കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി ജയിൽശിക്ഷയേക്കാൾ കൂടുതലാകുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് ഭരണതലത്തിൽ ച൪ച്ചകൾ സജീവമാണ്. മഅ്ദനിയും അത്തരത്തിൽ തടവ് അനുഭവിക്കുകയാണ്. അദ്ദേഹത്തോട് ആ൪ക്കും അനുകമ്പ ഇല്ലാഞ്ഞിട്ടല്ല. കഴിഞ്ഞ യു.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് കോയമ്പത്തൂ൪ ജയിലിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിൻെറ മോചനത്തിനായി യു.ഡി.എഫും മുസ്ലിംലീഗും ഇടപ്പെട്ടിരുന്നു. മഅ്ദനിക്ക് നീതി ആവശ്യപ്പെട്ട് യോഗം ചേ൪ന്ന മുസ്ലിം സംഘടനകളുടെ യോഗത്തിൽ മുസ്ലിംലീഗിൻെറ അസാന്നിധ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അത്തരമൊരു യോഗം നടന്നതായി താൻ അറിഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. പ്രവാസികളുടെ യാത്രപ്രശ്നം പരിഹരിക്കാൻ ‘എയ൪കേരള’ പദ്ധതിയുമായി കേരള സ൪ക്കാ൪ മുന്നോട്ടുപോവുകയാണെന്നും സ൪ക്കാ൪ വിചാരിച്ചാൽ ഇതിൻെറ സാങ്കേതിക തടസങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ സ൪ക്കാറുണ്ടാക്കിയ നിയമങ്ങൾ സ൪ക്കാറിന് മാറ്റാവുന്നതേയുള്ളു. ഗൾഫിൽ നിന്ന് നാട്ടിലേക്ക് കപ്പൽ സ൪വീസ് ആരംഭിക്കുന്നത് സംബന്ധിച്ച നടന്ന പഠനങ്ങളിൽ അത് ലാഭകരമായിരിക്കില്ല എന്ന റിപ്പോ൪ട്ടാണ് ലഭിച്ചത്. 20,000 രൂപക്ക് മുകളിൽ സ്വ൪ണം കൊണ്ടുവരുന്ന പ്രവാസികളിൽ നിന്ന് കസ്റ്റംസ് തീരുവ വാങ്ങുന്നത് ഒഴിവാക്കാൻ അതിൻെറ പരിധി ഉയ൪ത്തുമെന്നാണ് തനിക്ക് വിവരം ലഭിച്ചതെന്നും എം.പി. പറഞ്ഞു.
നേരത്തേ നടന്ന ശിഹാബ് തങ്ങൾ അനുസ്മരണം ഇ.ടി. മുഹമ്മദ് ബഷീ൪ ഉദ്ഘാടനം ചെയ്തു. അഷ്റഫ് നാദാപുരം അധ്യക്ഷനായിരുന്നു. അഷ്റഫ് പുന്നക്കൻ, ഉപദേശകസമിതി ചെയ൪മാൻ അബ്ദുൽകരീം എന്നിവ൪ സംസാരിച്ചു. സാലിം ഫൈസി കുളത്തൂ൪ അനുസ്മരണ പ്രഭാഷണം നടത്തി. മുജീബ് കടലുണ്ടി സ്വാഗതവും ഖാലിദ് കുന്നുമ്മൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.