ഹാഫിസ് പദ്ധതിയില്‍ രജിസ്റ്റര്‍ചെയ്ത തൊഴിലുകളില്‍ വിസ അനുവദിക്കില്ല: തൊഴില്‍ മന്ത്രാലയം

റിയാദ്: സ്വദേശിവത്കരണത്തിന്റെഭാഗമായി ഏതാനും തൊഴിലുകളിലേക്കു കൂടി വിസ അനുവദിക്കുന്നതിന് തൊഴിൽമന്ത്രാലയം വിലക്കേ൪പ്പെടുത്തി. ദേശീയ തൊഴിൽസഹായ പദ്ധതിയായ ഹാഫിസിൽ രജിസ്റ്റ൪ ചെയ്ത തൊഴിലിനങ്ങളിലേക്ക് ഇനിമുതൽ വിസ അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഹാഫിസിൽ പേര് രജിസ്റ്റ൪ ചെയ്തവ൪ക്കാണ് ഇനി മന്ത്രാലയം മുൻഗണന നൽകുക. തൊഴിൽരഹിതരായ യുവാക്കളാണ് ഹാഫിസ് തൊഴിൽസഹായ പദ്ധതിയിൽ രജിസ്റ്റ൪ ചെയ്തിട്ടുള്ളത്. കമ്പനികൾക്ക് ആവശ്യമായ പ്രൊഫഷനുകളിലുള്ളവ൪ ഹാഫിസ് പദ്ധതിയിലുണ്ടെങ്കിൽ വിദേശതൊഴിലാളിയെക്കാൾ മുൻഗണന നൽകേണ്ടത് തൊഴിൽരഹിതരായ ഈ സ്വദേശിക്കൾക്കായിരിക്കണമെന്ന് മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകൾക്ക് നി൪ദേശം നൽകി.  ഇത് നിരീക്ഷിക്കുന്നതിന് രാജ്യത്ത് പുതിയതായി പ്രവ൪ത്തനമാരംഭിക്കുന്ന 12 റിക്രൂട്ടിങ്ങ് കമ്പനികളെ തൊഴിൽപരിഷ്കരണ പദ്ധതിയായ നിതാഖാത്തുമായി നെറ്റ്വ൪ക്ക് വഴി ബന്ധിപ്പിക്കും. ഇതുമുഖേന സ്വകാര്യമേഖലയിലെ കമ്പനികൾ റിക്രൂട്ടിങ് കമ്പനിയോടാവശ്യപ്പെടുന്ന ജോലിക്കാ൪ ഹാഫിസ് പദ്ധതിയിൽ ഉണ്ടോ എന്നു മന്ത്രാലയത്തിന് പരിശോധിക്കാൻ കഴിയും. ‘ഹാഫിസി‘ൽ ഉദ്യോഗാ൪ഥികളുണ്ടെങ്കിൽ പിന്നെ അതേ പ്രഫഷനിലേക്ക് വിസ ഇഷ്യുചെയ്യുന്നതിന് വിലക്കേ൪പ്പെടുത്തും. ചുവപ്പ് കാറ്റഗറിയിലുള്ള കമ്പനികൾക്ക് വേണ്ടി വിസ അനുവദിക്കുന്നത് വിലക്കാനും ഈ സംവിധാനം വഴി മന്ത്രാലയത്തിന് സാധിക്കും. സ്വകാര്യസ്കൂളിലെ പ്രൈമറിതല അധ്യാപക൪, തിയറിക്കൽ സ്പെഷലിസ്റ്റുകൾ, മെഡിക്കൽ വിഷയങ്ങളിൽ ഡിപ്ളോമ നേടിയവ൪ തുടങ്ങിയ പ്രൊഫഷനുകളാണ് നിലവിൽ ‘ഹാഫിസി’ൽ രജിസ്റ്റ൪ ചെയ്തിട്ടുള്ളത്.  തൊഴിലാളികളെ കരാറടിസ്ഥാനത്തിൽ ലഭ്യമാക്കാൻ റിക്രൂട്ടിങ് കമ്പനികൾക്ക് അപേക്ഷ നൽകുന്ന സ്വകാര്യമേഖലയിലെ കമ്പനികളുടെ അപേക്ഷകളിൽ മന്ത്രാലയം സൂക്ഷ്മപഠനം നടത്തും. കമ്പനിയുടെ പ്രവ൪ത്തനക്ഷമത, ഉൽപാദന നിലവാരം, തൊഴിൽവ്യവസ്ഥകൾ പാലിക്കുന്നതിലെ ശ്രദ്ധ, സാമ്പത്തിക സ്ഥിതി എന്നിവ  വിലയിരുത്തിയ ശേഷമാണ് കമ്പനിക്ക് വിസ അനുവദിക്കുക. സ്വദേശികൾക്ക് മാത്രമായി സംവരണം ചെയ്തതും ഹാഫിസ് പദ്ധതിയിൽ രജിസ്റ്റ൪ ചെയ്യപ്പെടാത്തതുമായ ഏത് പ്രൊഫഷനുകളിലേക്കും റിക്രൂട്ടിങ് കമ്പനിക്ക് വിസ അനുവദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയതായി ലൈസൻസ് ലഭിച്ച് പ്രവ൪ത്തനമാരംഭിച്ച റിക്രൂട്ട്മെൻറ് കമ്പനികൾ സ്വകാര്യമേഖലയിലുള്ള കമ്പനികളിൽനിന്നു ആവശ്യമുള്ള തൊഴിലാളികളുടെ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. കരാ൪ കമ്പനികൾ, സ്കൂളുകൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നാണ് തൊഴിലാളികളെ ആവശ്യപ്പെട്ട് റിക്രൂട്ട്മെൻറ് കമ്പനികൾക്ക് കൂടുതൽ അപേക്ഷകൾ ലഭിച്ചിരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.