ദോഹ: പ്രവാസി തൊഴിലാളികൾ തങ്ങളുടെ ഖത്ത൪ ഐ.ഡി കാ൪ഡോ നിയമാനുസൃതമായാണ് ജോലി ചെയ്യുന്നതെന്ന് തെളിയിക്കുന്ന മറ്റ് രേഖകളോ എപ്പോഴും കൈവശം സൂക്ഷിക്കണമെന്നും അല്ലെങ്കിൽ അനധികൃത താമസത്തിന് പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ സെ൪ച്ച് ആൻറ് ഫോളോ അപ് വകുപ്പ് ഡയറക്ട൪ കേണൽ നാസ൪ അൽ സെയിദ് പറഞ്ഞു.
സെ൪ച്ച് ആൻറ് ഫോളോ അപ് വകുപ്പ് അടുത്തിടെ നടത്തിയ വ്യാപക പരിശോധനയിൽ ഒട്ടേറെ തൊഴിലാളികളെ പിടികൂടുകയുണ്ടായി. ഇവരിൽ പലരും നിയമാനുസൃതം ജോലി ചെയ്യുന്നവരാണെങ്കിലും ഐ.ഡി കാ൪ഡോ മറ്റ് രേഖകളോ കൈയ്യിലുണ്ടായിരുന്നില്ല. ഒരു തൊഴിലാളിയെ സ്വന്തം കമ്പനി മറ്റൊരു കമ്പനിയിൽ നിയമാനുസൃതം ജോലി ചെയ്യാൻ അനുവദിച്ചാലും ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരത്തോടുകൂടിയതും കാലാവധിയുള്ളതുമായി കരാ൪ ഈ തൊഴിലാളിക്കുണ്ടായിരിക്കണം.
ഈ വ൪ഷം ഇതുവരെ തൊഴിലാളികളിൽ നിന്ന് 445 പരാതികൾ സെ൪ച്ച് ആൻറ് ഫോളോ അപ് വകുപ്പിന് കിട്ടിയിട്ടുണ്ടൈന്ന് കേണൽ നാസ൪ അറിയിച്ചു. ഇവയിൽ ഭൂരിഭാഗവും ബന്ധപ്പെട്ട തൊഴിലുമടകളുമായി ച൪ച്ച ചെയ്ത് രമ്യമായി പരിഹരിച്ചിട്ടുണ്ട്. ശേഷിക്കുന്ന പരാതികൾ കോടതിയുടെ പരിഗണനക്ക് വിട്ടിരിക്കുകയാണ്.
291 വഴിവണിഭക്കാരെയാണ് അടുത്തിടെ റെയ്ഡിൽ പിടികൂടിയത്. ഇവരൊന്നും വിസയോ ലൈസൻസോ ഇല്ലാതെയാണ് തെരുവ് കച്ചവടം നടത്തിയിരുന്നത്. താമസനിയമം ലംഘിക്കുന്നതിന് പിടിയിലാകുന്ന തൊഴിലാളികളെ കോടതിവിധിയുണ്ടായ ശേഷം മാത്രമേ നാട്ടിലേക്ക് കയറ്റിവിടൂ എന്നും കോടതിവിധിക്കെതിരെ അപ്പീൽ നൽകാൻ തൊഴിലാളികൾക്ക് അവസരമുണ്ടെന്നും കേണൽ നാസ൪ അൽ സെയിദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.