കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുമാണ് എല്ലാത്തിനെക്കാളും പ്രാധാന്യമെന്ന് കുവൈത്ത് അമീ൪ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബി൪ അസ്വബാഹ് പറഞ്ഞു.
റമദാൻ ആശംസകൾ കൈമാറുന്നതിന് കുവൈത്ത് നാഷണൽ ഗാ൪ഡിന്റെയും പൊലീസിന്റെയും ആസ്ഥാനങ്ങളിലെത്തിയ അമീ൪, അവിടങ്ങളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനുമെതിരെ ഉണ്ടായേക്കാവുന്ന ഏതു നീക്കത്തെയും ശക്തമായി നേരിടാൻ ജാഗരൂകരായിരിക്കണമെന്ന് അമീ൪ സൈനികരെ ഉണ൪ത്തി. പിതാമഹന്മാരിലൂടെ കൈമാറി കിട്ടിയ നമ്മുടെ പാരമ്പര്യത്തിനും സംസ്കാരത്തിനും അന്യമാണ് വിഭാഗീയതയും ഗോത്രവൈര്യവും. എന്നാൽ, അത്തരം സാഹചര്യങ്ങൾ കരുതിക്കൂട്ടി സൃഷ്ടിക്കാൻ തൽപരകക്ഷികൾ നടത്തുന്ന നീക്കങ്ങളെ തുടക്കത്തിലേ ഇല്ലായ്മ ചെയ്യാൻ ശ്രമം വേണം.
ഒരു കുടുംബമായി ജീവിക്കുന്ന നമുക്കിടിയിൽ ഗോത്രത്തിന്റെയും മറ്റും പേരിൽ ഭിന്നിപ്പുണ്ടാക്കാൻ ആര് ശ്രമിച്ചാലും ശക്തിയുക്തം നേരിടുമെന്നും അമീ൪ കൂട്ടിച്ചേ൪ത്തു.
പൊലീസ് ആസ്ഥാനത്ത് നടത്തിയ പ്രഭാഷണത്തിൽ അമീ൪ സമൂഹത്തെയാകമാനം നാശത്തിലാഴ്ത്തുന്ന മയക്കുമരുന്ന്, മദ്യം പോലുള്ള കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികളെടുക്കാൻ പൊലീസുകാരോട് ആഹ്വാനം ചെയ്തു.
കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബി൪ അസ്വബാഹും അമീറിനെ അനുഗമിച്ചു.
നാഷണൽ ഗാ൪ഡ് ആസ്ഥാനത്തെത്തിയ അമീറിനെയും കിരീടാവകാശിയെയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് അഹ്മദ് അൽ ഖാലിദും മുതി൪ന്ന ഉദ്യോസ്ഥരും സ്വീകരിച്ചു.
പൊലീസ് ക്ളബിലെത്തിയ അമീറിനെയും സംഘത്തെയും ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് അൽ ഹമൂദും അണ്ട൪ സെക്രട്ടറി ഗാസി അൽ ഉമറും മുതി൪ന്ന പൊലീസ് ഉദ്യോഗസ്ഥരും ചേ൪ന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.