ദുബൈ: മോട്ടോ൪ സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി യുവാവിന് 75 ലക്ഷം രൂപ (അഞ്ച് ലക്ഷം ദി൪ഹം) നഷ്ടപരിഹാരം. കൊല്ലം കരുനാഗപ്പള്ളി കല്ലേരി ഭാഗം ചിറയുടെ വടക്കേതിൽ ഷമീറിന് (25) നഷ്ടപരിഹാരം നൽകാനാണ് ദുബൈ കോടതി വിധിച്ചത്. ദുബൈ മുനിസിപ്പാലിറ്റിയിൽ ജീവനക്കാരനായിരുന്ന ഷമീറിന് 2010 നവംബ൪ പത്തിനാണ് ബൈക്കപകടത്തിൽ പരിക്കേറ്റത്. രാജസ്ഥാൻ സ്വദേശിയായ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ടയ൪ പൊട്ടി ബൈക്ക് മറിയുകയായിരുന്നു. തല റോഡിൽ ഇടിച്ച് അബോധാവസ്ഥയിലായ ഷമീറിനെ ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജസ്ഥാൻ സ്വദേശി കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു. സാരമായി പരിക്കേറ്റ ഷമീ൪ 33 ദിവസം ‘കോമ’ അവസ്ഥയിലയിരുന്നു. 93 ദിവസത്തിന് ശേഷം ഇദ്ദേഹത്തെ തുട൪ ചികിൽസക്ക് ഇന്ത്യയിലേക്ക് കൊണ്ടുപോയി. ഇതിന് മുമ്പ് ഷമീറിൻെറ അബൂദബി എയ൪പോ൪ട്ടിൽ ജോലി ചെയ്യുന്ന ബന്ധു നവാസ്, ദുബൈയിലെ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റ൪ ചെയ്യുകയായിരുന്നു. രണ്ട് മില്യൻ ദി൪ഹം ആവശ്യപ്പെട്ട് ദുബൈ സിവിൽ കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് അഞ്ച് ലക്ഷം ദി൪ഹം നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. എന്നാൽ തലക്കേറ്റ മാരകമായ പരിക്ക് ചികിൽസിച്ച് ഭേദമാക്കാൻ കഴിയുന്നതിൻെറ പരിമിതികളും ചികിൽസക്ക് ആവശ്യമായ ഭാരിച്ച ചെലവുകളും, വരുമാനമില്ലാതെ ശിഷ്ടകാലം കഴിയേണ്ടി വരുന്നതുമെല്ലാം ചൂണ്ടിക്കാട്ടി നഷ്ടപരിഹാര തുക വ൪ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ കോടതിയെ സമീപിക്കുമെന്ന് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.