മക്ക: ആഭ്യന്തര ഉംറ തീ൪ഥാടനരംഗത്ത് സ്വദേശികൾക്കും വിദേശികൾക്കും പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നതു സംബന്ധിച്ച് ഹജ്ജ് മന്ത്രാലയം പഠനം നടത്തിവരികയാണെന്ന് വകുപ്പു മന്ത്രി ഡോ. ബന്ദ൪ അൽഹിജാ൪ അറിയിച്ചു. മക്കയിൽ വിവിധ ഉംറ സേവന സ്ഥാപനങ്ങൾ സന്ദ൪ശിക്കുന്നതിടെയാണ് ഹജ്ജ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ആഭ്യന്തര ഉംറ തീ൪ഥാടരുടെ എണ്ണം സൂക്ഷ്മമായി അറിയാൻ സാധിക്കുന്നില്ല. രാജ്യത്ത് ഇപ്പോഴുള്ള വിദേശ ഉംറ തീ൪ഥാടകരുടെ എണ്ണം ആറ് ലക്ഷം കവിയില്ല. മുത്വവ്വഫ് സ്ഥാപനങ്ങളിലേക്ക് ഉംറ സേവനം മാറ്റുന്ന കാര്യം മന്ത്രി നിഷേധിച്ചു. ഇങ്ങനെയൊരു ഉദ്ദേശ്യം മന്ത്രാലയത്തിനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ സഫ൪ മാസം മുതൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് മന്ത്രാലയത്തിനു കീഴിൽ ഉംറ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. 48 ലക്ഷം ഉംറ തീ൪ഥാടക൪ക്ക് മികച്ച സേവനങ്ങൾ നൽകിയ മന്ത്രാലയത്തിൻെറ ഇതുവരെയുള്ള പ്രവ൪ത്തനങ്ങൾ വിജയകരമാണ്. മൊത്തം 58 ലക്ഷം ഉംറ വിസകൾ ഇഷ്യൂ ചെയ്തിട്ടുണ്ട്. 48 ലക്ഷത്തിലധികമാളുകൾ പുണ്യഭൂമിയിലെത്തി. അവശേഷിക്കുന്നവരുടെ വിസ നടപടികൾ ലോകത്തിൻെറ വിവിധ ഭാഗങ്ങളിലെ കോൺസുലേറ്റുകളിൽ നടന്നുവരികയാണ്. നിശ്ചിത സമയത്ത് പോകാതെ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടെന്ന് ഹജ്ജ് മന്ത്രി പറഞ്ഞു. മക്കയിലും മദീനയിലും നിലവിൽ ധാരാളം പദ്ധതികൾ നടപ്പിലാക്കി വരുന്നതിനാൽ അടുത്ത വ൪ഷം ഉംറ തീ൪ഥാടകരുടെ എണ്ണം കുറക്കാൻ പറ്റുമോ എന്ന കാര്യം ഹജ്ജ് ഉന്നതാധികാര സമിതി പഠിച്ചുവരികയാണ്. ഹറം വികസനം, മക്ക വികസനം, മക്ക ഗേറ്റുകളുടെ വികസനം, കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള വികസനം എന്നിങ്ങനെ നിരവധി പദ്ധതികളാണ് ഇപ്പോൾ നടപ്പിലാക്കിവരുന്നതെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.