വെമ്പടി: കുച്ചിപ്പുടിയുടെ കമലദളം

ചെന്നൈ:  50കളിൽ ആന്ധ്രയിലെ കൃഷ്ണ ജില്ലയിൽ വിജയവാഡയിൽനിന്ന് 32 കി.മീറ്റ൪ അകലെയുള്ള കുച്ചിപ്പുടി ഗ്രാമത്തിലും പരിസരങ്ങളിലും ഒതുങ്ങിനിന്നതായിരുന്നു കുച്ചിപ്പുടിയെന്ന  നൃത്തരൂപം. ഇതിനെ ഇന്ത്യയുടെ ശാസ്ത്രീയ നൃത്തമായി വള൪ത്തിയെടുക്കുകയും അതിന് ആഗോളതലത്തിൽ സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്തുവെന്നതാണ് വെമ്പടി ചിന്നസത്യം എന്ന അതുല്യ പ്രതിഭക്ക് ചരിത്രത്തിൽ ഇടം നൽകുന്നത്.
ബി.സി രണ്ടാം നൂറ്റാണ്ടിൽ ശ്രീകാകുളത്തെ ശതവാഹന രാജവംശത്തിൻെറ കാലത്ത് ദേവദാസികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന നൃത്തരൂപത്തിൻെറ തുട൪ച്ചയായാണ് കുച്ചിപ്പുടിയെ വൈദികബ്രാഹ്മണ സമൂഹം പരമ്പരാഗതമായി നിലനി൪ത്തിപ്പോന്നത്. ഗ്രാമത്തിലെ നാട്യമേളകളിൽ അവതരിപ്പിച്ചിരുന്ന ഈ നൃത്തത്തിന് കലാപം, യക്ഷഗാനം എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് ഉണ്ടായിരുന്നത്. ഒരു സംഭവത്തെ കേന്ദ്രീകരിച്ച് കുറച്ചു കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന നൃത്തനാടകമാണ് കലാപം. സമ്പൂ൪ണ കഥയും ധാരാളം കഥാപാത്രങ്ങളുമാണ് യക്ഷഗാനത്തിൻെറ സവിശേഷത.
സ്വാതന്ത്ര്യസമരകാലത്ത് രാജ്യസ്നേഹവുമായി ബന്ധിപ്പിച്ച് കുച്ചിപ്പുടി നൃത്തത്തിൽ പുതിയ പരീക്ഷണങ്ങൾ നടക്കുമ്പോഴാണ് പാരമ്പര്യമായി കിട്ടിയ നൃത്തച്ചുവടുകളുമായി വെമ്പടി ചിന്നസത്യം വേദികളിലെത്തിയത്. വേദാന്തം ലക്ഷ്മിനാരായണശാസ്ത്രി, തടേപ്പള്ളി പെരയ്യശാസ്ത്രി എന്നിവരായിരുന്നു ആദ്യകാല ഗുരുനാഥന്മാ൪. പിന്നീട് മൂത്ത സഹോദരൻ വെമ്പടി പെഡ്ഡസത്യത്തിൽനിന്ന് നൃത്തം പഠിച്ചു.
പാരമ്പര്യത്തിൻെറ സത്ത നിലനി൪ത്തിക്കൊണ്ടുതന്നെ ചിന്നസത്യം കുച്ചിപ്പുടിയിൽ കൊണ്ടുവന്ന പുതുമകൾ ആസ്വാദകരെ ഏറെ ആക൪ഷിച്ചു. നാട്യശാസ്ത്രത്തിലെ നിയമങ്ങൾക്കനുസരിച്ച് നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തിയ അദ്ദേഹം സംഗീതത്തിലും പരിഷ്കാരങ്ങൾ വരുത്തി. ആന്ധ്രയുടെ അതിരുകൾക്കപ്പുറത്ത് സ്വന്തം നൃത്തരൂപത്തിൻെറ ഖ്യാതി എത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് 60കളിൽ അദ്ദേഹം ചെന്നൈയിലെത്തിയത്.
1963ൽ അഡയാറിലെ വാടകക്കെട്ടിടത്തിൽ  കുച്ചിപ്പുടി ആ൪ട്ട് അക്കാദമിക്ക് തുടക്കം കുറിക്കുമ്പോൾ 12 വിദ്യാ൪ഥികളാണുണ്ടായിരുന്നത്. കുറച്ചുകാലത്തിനുശേഷം അക്കാദമിക്കായി ആ൪.എ.പുരത്ത് സ്ഥലം വിലക്കുവാങ്ങി. ഇവിടെ കെട്ടിടം നി൪മിക്കാനായി ഇന്ത്യയൊട്ടുക്ക് കുച്ചിപ്പുടി നൃത്തപരിപാടികൾ സംഘടിപ്പിച്ച് ധനസമാഹരണം നടത്തി. 1990ൽ വിപുലമായ നൃത്തമണ്ഡപങ്ങൾ, ലൈബ്രറി, ഹോസ്റ്റലുകൾ എന്നീ സൗകര്യങ്ങളോടെ അക്കാദമി സ്വന്തം കെട്ടിടത്തിൽ പ്രവ൪ത്തനമാരംഭിച്ചു.കലയുടെ പൊതുതത്ത്വങ്ങൾ, പ്രയോഗിക പരിശീലനം, സംഗീതം, സംസ്കൃതപഠനം എന്നിവ ഉൾപ്പെടെ നൃത്തവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഉൾക്കൊള്ളിച്ച് നാലു വ൪ഷത്തെ ഡിപ്ളോമ കോഴ്സാണ് ഇവിടെ നടത്തുന്നത്. കഴിവുള്ള ന൪ത്തക൪ക്ക് സ്കോള൪ഷിപ്പുകളും സൗജന്യ പഠനസൗകര്യവും നൽകുന്നു. അരനൂറ്റാണ്ടിനിടെ 8000ത്തിലേറെ പേ൪ ഇവിടെനിന്ന് ചിന്നസത്യത്തിൻെറ ശിക്ഷണത്തിൽ നൃത്താഭ്യസനം പൂ൪ത്തീകരിച്ചു. ഇവരിൽ പലരും അറിയപ്പെടുന്ന കുച്ചിപ്പുടി അധ്യാപകരാണ്. ഹൈദരാബാദ്, വിശാഖപട്ടണം, കൊൽക്കത്ത, മുംബൈ, ന്യൂദൽഹി, അമേരിക്കയിലെ വാഷിങ്ടൺ , ഷികാഗോ, ന്യൂയോ൪ക്, അത്ലാൻറ, പിറ്റ്സ്ബ൪ഗ് തുടങ്ങി ഇന്ത്യയിലും വിദേശത്തും ചിന്നസത്യത്തിൻെറ ശിഷ്യഗണങ്ങൾ സ്വന്തമായി കുച്ചിപ്പുടി പഠനകേന്ദ്രങ്ങൾ നടത്തിവരുന്നു.  180ലേറെ സോളോ ഇനങ്ങളും 15 നൃത്തനാടകങ്ങളും വെമ്പടി ചിന്നസത്യം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ശ്രീപാദപാരിജാതം, അ൪ധനാരീശ്വരം, ചണ്ഡാളിക, ഹരവിലാസം, കിരാടാ൪ജുനീയം, ക്ഷീരസാഗരമദനം, രാമായണം, രുഗ്മിണീ കല്യാണം, ശ്രീകൃഷ്ണപാരിജാതം, ശ്രീനിവാസകല്യാണം തുടങ്ങിയവ അദ്ദേഹത്തിൻെറ നൃത്തനാടകങ്ങളിൽ ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.