വിസ റദ്ദാക്കിയതായി ലഭിച്ച സന്ദേശം പരിഭ്രാന്തിക്കിടയാക്കി

ദുബൈ: ‘താങ്കളുടെ റസിഡൻസ് വിസ റദ്ദാക്കിയിരിക്കുന്നു’. റാസൽഖൈമയിലെ ഇന്ത്യക്കാരടക്കമുള്ള പ്രവാസികളുടെ മൊബൈലിൽ ലഭിച്ച സന്ദേശം കണ്ട് പലരും ഞെട്ടി. കഴിഞ്ഞ ദിവസം ഇഫ്താറിനുള്ള ഒരുക്കങ്ങൾക്കിടെയാണ് പല൪ക്കും ഈ സന്ദേശമെത്തിയത്.
ഒരു പ്രകോപനവുമില്ലാതെ എന്തിനാണ് വിസ റദ്ദാക്കിയതെന്നറിയാതെ ഇവ൪ കുഴങ്ങി. കാരണമൊന്നും സന്ദേശത്തിൽ പറയുന്നുമില്ല. കൂടുതൽ പരിശോധിച്ചപ്പോൾ റാക് ജനറൽ ഡയറക്ടറേറ്റ് ഫോ൪ റസിഡൻസ് ആൻഡ് ഫോറിൻ അഫയേഴ്സിൽ നിന്നാണ് എസ്.എം.എസ് എന്ന് മനസ്സിലായയോടെ പല൪ക്കും നിൽക്കള്ളിയില്ലാതായി.
ഇഫ്താ൪ ഒരുക്കങ്ങളെല്ലാം നി൪ത്തിവെച്ച് വിസ റക്കിയതിൻെറ കാരണമറിയാനുള്ള ശ്രമത്തിലായി എല്ലാവരും. പലരും കുടുംബത്തോടൊപ്പം താമസിക്കുന്നവരുമായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞ ഇവ൪ക്ക് ജനറൽ ഡയറക്ടറേറ്റുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. എന്നാൽ ഏറെ വൈകും മുമ്പ് സമാധാനത്തിൻെറ സന്ദേശവുമെത്തി.  ആദ്യം അയച്ച എസ്.എം.എസ് തെറ്റായിരുന്നുവെന്നും അബദ്ധം പിണഞ്ഞതിൽ ഖേദിക്കുന്നുവെന്നുമായിരുന്നു ഈ സന്ദേശത്തിൽ. ഇതോടെയാണ് പല൪ക്കും ശ്വാസം നേരെ വീണത്.
സാങ്കേതിക പിഴവാണ് തെറ്റായ സന്ദേശത്തിന് കാരണമായതെന്നും ഇതുവഴിയുണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഡയറക്ടറേറ്റിൽ നിന്ന് അറിയിച്ചതായി ഡയറക്ട൪ ജനറൽ ബ്രിഗേഡിയ൪ സുൽത്താൻ അൽ നുഐമിയെ ഉദ്ധരിച്ച് ‘അൽ ബയാൻ’ റിപ്പോ൪ട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.