ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കുമെന്ന ഭീഷണി: ഉന്നത അടിയന്തര സമിതി യോഗം ചേര്‍ന്നു

കുവൈത്ത് സിറ്റി:  കുവൈത്ത് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചരക്കുഗതാഗതത്തിന്റെ സമുദ്ര പാതയായ ഹോ൪മുസ് കടലിടുക്ക് അടക്കുമെന്ന ഇറാന്റെ ഭീഷണിയെ തുട൪ന്നുള്ള സാഹചര്യം വിലയിരുത്താൻ ഉന്നത അടിയന്തര സമിതിയുടെ യോഗം ചേ൪ന്നു. വാണിജ്യ- വ്യവസായ മന്ത്രി അനസ് അൽ സാലിഹിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അണ്ട൪ സെക്രട്ടറിയെ കൂടാതെ കയറ്റുമതി വകുപ്പ്, കുവൈത്ത് കോ-ഓപറേറ്റീവ് യൂനിയൻ, കുവൈത്ത് ഫിനാൻസ്, കുവൈത്ത് ഫുഡ് കമ്പനി എന്നിവയുടെ ബന്ധപെട്ട ഉന്നതാധികാരികളും പങ്കെടുത്തു.
ആണവ വിഷയത്തിൽ തങ്ങൾക്കെതിരെയുള്ള ഉപരോധം ശക്തമാക്കുമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ഭീഷണിയെ തുട൪ന്നാണ് തങ്ങളുടെ അധീനതയിലുള്ള ഹോ൪മുസ് കടലിടുക്ക് അടക്കുമെന്ന നിലപാട് ഇറാൻ പ്രഖ്യാപിച്ചത്. പ്രധാന കപ്പൽ പാതയായ ഹോ൪മുസ് അടക്കുന്നത് ഭക്ഷ്യ സാധനങ്ങളുൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കുവൈത്ത് ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളെ സാരമായി ബാധിച്ചേക്കുമെന്ന വിലയിരുത്തലിനെ തുട൪ന്നാണ് ഉന്നതതല യോഗം കൂടിയത്.
പ്രധാന വരുമാനമായ രാജ്യത്തെ പെട്രോളിയം ഉൽപന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി  ചെയ്യുന്നത് ഹോ൪മുസ് പാത വഴിയാണെന്നതും വിഷയത്തിന്റെ ഗൗരവം വ൪ധിപ്പിക്കുന്നു. അതേസമയം, വിഷയം കൂടുതൽ രൂക്ഷമാവുകയും കടലിടുക്ക് അടച്ചിടുന്ന സാഹചര്യം ഉണ്ടാവുകയുമാണെങ്കിൽ കരുതിയിരുപ്പ് ഭക്ഷ്യശേഖരമുള്ളതിനാൽ തൽക്കാലത്തേക്ക് പ്രശ്നമാകില്ലന്നാണ്  കരുതുന്നതെന്ന് സമിതി വിലയിരുത്തി.
ഹോ൪മുസിന് മുമ്പ് പ്രത്യേകം ഗോഡൗണുകൾ സ്ഥാപിച്ച് സാധനങ്ങൾ അവിടെ സ്റ്റോക്ക് ചെയ്യുകയും തുട൪ന്ന് ബോട്ടുകൾ വഴി രാജ്യത്തെത്തിക്കുകയും ചെയ്യുന്ന പദ്ധതിയെ കുറിച്ചും ആലോചിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.