ഭക്തിയുടെ നിറവില്‍ ആദ്യ റമദാനും ജുമുഅയും

കുവൈത്ത് സിറ്റി: ഭക്തിയുടെ നിറവാ൪ന്ന ആദ്യ റമദാൻ വ്രതത്തെ കുവൈത്തിലെ വിശ്വാസി സമൂഹം ആദരപൂ൪വം വരവേറ്റു. വിശുദ്ധ മാസത്തിലെ ആദ്യദിനം ജുമുഅ നമസ്കാരം കൊണ്ട് അനുഗ്രഹീതമായ വെള്ളിയാഴ്ചയായതിൻെറ ആഹ്ളാദം എങ്ങും പ്രകടമായിരുന്നു. പുണ്യദിനങ്ങളുടെ തുടക്കവും വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയതിൻെറ ആത്മഹ൪ഷത്തിലാണ് വിശ്വാസി സമൂഹം വിശുദ്ധ മാസത്തിൻെറ ആദ്യദിനത്തെ വരവേറ്റത്. മരുഭൂമിയിലെ കത്തുന്ന ചൂടിനെ വ്രത വിശുദ്ധിയുടെ കുളിര് കൊണ്ട് നേരിട്ട് റമദാനിലെ ആദ്യ വെള്ളിയാഴ്ച വിശ്വാസികൾ പള്ളികളെ ഭക്തിസാന്ദ്രമാക്കി.
ഖു൪ആൻ പാരായണം ചെയ്തും മന്ത്രങ്ങൾ ഉരുവിട്ടും ആദ്യദിനത്തിൽ പരമാവധി പുണ്യം കരഗതമാക്കാൻ വിശ്വാസികൾ മത്സരിച്ചു. പള്ളികൾ നേരത്തെ തന്നെ ജനനിബിഢമായി. ചിലയിടങ്ങളിലെങ്കിലും പള്ളികൾ നിറഞ്ഞ് റോഡുകളിലാണ് വൈകിയെത്തിയവ൪ക്ക് നമസ്കരിക്കാൻ ഇടം കിട്ടിയത്.
പുണ്യങ്ങളുടെ പൂക്കാലമാണ് റമദാനെന്നും പരമാവധി ദൈവപ്രീതി നേടിയെടുക്കാൻ പരിശ്രമിക്കണമെന്നും വിവിധ പള്ളികളിൽ നടന്ന ജുമുഅ പ്രസംഗങ്ങളിൽ ഇമാമുമാ൪ ആഹ്വാനം ചെയ്തു. നിരന്തര പ്രാ൪ഥനകളോടെ വിശ്വാസി ലോകം കാത്തിരുന്ന വിശുദ്ധ റമദാൻ അനുഗ്രഹങ്ങളുടെ നിറവസന്തമായി സമാഗതമായിരിക്കുന്നു. പുണ്യം തേടുന്ന സുമനസ്സുകൾക്കിത് സുകൃതങ്ങളുടെ ദിനരാത്രങ്ങളാണ്. ഹൃത്തടം സ്ഫുടം ചെയ്തെടുക്കാനും പ്രപഞ്ചനാഥൻെറ പൊരുത്തം നേടാനും കരുതിവെപ്പിൻെറ ധന്യ രാപ്പകലുകളാണ് ഇനിയുള്ളത്.  ‘അനുഗ്രഹീതമായ റമദാൻ മാസം നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു. അതിൽ വ്രതമനുഷ്ഠിക്കൽ അല്ലാഹു നിങ്ങൾക്ക് നി൪ബന്ധമാക്കി. ഈമാസം ആകാശ കവാടങ്ങൾ തുറക്കപ്പെടും.
നരക കവാടങ്ങൾ അടക്കപ്പെടും. പിശാചുക്കൾ ബന്ധനസ്ഥരാകും. ആയിരം മാസങ്ങളേക്കാൾ പുണ്യമേറിയ ഒരു രാവുണ്ടതിൽ. അതിൻെറ പുണ്യം നഷ്ടപ്പെടുത്തിയവൻ നിശ്ചയം നഷ്ടപ്പെടുത്തിയവൻ തന്നെ’ എന്ന പ്രവാചക വചനം മുഴുവൻ വിശ്വാസികൾക്കും പ്രചോദനമാകണമെന്നും ഇമാമുമാ൪ ഖുതുബയിൽ ഉണ൪ത്തി.
റമദാൻെറ തേട്ടം മുഴുവൻ ഉൾക്കൊണ്ട് ശിഷ്ടകാലം വിശുദ്ധ ജീവിതം നയിക്കാൻ വിശ്വാസികൾ തയാറാകണം. മനുഷ്യസഹജമായ കാരണങ്ങളാൽ തെറ്റുകളും കുറ്റങ്ങളും ചെയ്തു പോയവ൪ക്ക് അതിൽനിന്ന് ഹൃദയ ശുദ്ധി നേടാനുള്ള അവസരമാണ് റമദാൻ ഒരുക്കുന്നത്. വികാര വിചാരങ്ങളെ നിയന്ത്രിക്കാതെയും പഞ്ചേന്ദ്രിയങ്ങളെ അടക്കി നി൪ത്താതെയും ഭക്ഷണ-പാനീയങ്ങൾ മാത്രം ഒഴിവാക്കുന്നതിൽ കാര്യമില്ലെന്നും ഇപ്പറഞ്ഞതിനെയെല്ലാം പിടിച്ചുനി൪ത്താനുള്ള ശ്രമത്തിൻെറ പേരാണ് വ്രതമെന്നും ഇമാമുമാ൪ വിശ്വാസികളെ ഓ൪മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.