സിറിയ: പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍ തീവ്രശ്രമത്തില്‍-മന്ത്രി

ദോഹ: സിറിയയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ ഖത്ത൪ തീവ്രശ്രമം തന്നെ നടത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ രാജ്യത്തിന്റെ നിലപാടും പ്രവ൪ത്തനങ്ങളും ഒന്നുതന്നെയാണെന്നും വിദേശകാര്യ അസിസ്റ്റന്റ് മന്ത്രി അലി ബിൻ ഫഹദ് അൽ ഹാജ്രി പറഞ്ഞഞു. റിട്സ് കാൾട്ടൺ ഹോട്ടലിൽ സിറിയയെ സംബന്ധിച്ച അന്താരാഷ്ട്ര പ്രവ൪ത്തകസമിതിയുടെ മൂന്നാമത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിരാത നടപടികൾക്ക് സിറിയൻ ഭരണകൂടം ഖത്തറിന്റെ സാമ്പത്തിക വ്യവസ്ഥയെ ചൂഷണം ചെയ്യുന്നില്ലെന്നും ഫ്രണ്ട്സ് ഓഫ് ദി സിറിയ പ്യൂപ്പിൾ ഗ്രൂപ്പിലെ രാജ്യങ്ങൾ ഏ൪പ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവാതിലിലൂടെ മറികടക്കുന്നില്ലെന്നും ഉറപ്പാക്കാൻ ഖത്ത൪ നടപടികളെടുത്തിട്ടുണ്ടെന്ന് അൽ ഹാജ്രി പറഞ്ഞു. ഖത്തറിന്റെ ഇത്തരം ശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ നി൪ലോഭമായ പിന്തുണയും സഹകരണവും ലഭിച്ചിട്ടുണ്ട്. ലക്ഷ്യം നേടാൻ ഈ പിന്തുണ നി൪ണായകമാണ്. സിറിയൻ ജനതയെ കൊന്നൊടുക്കുകയും അടിച്ചമ൪ത്തുകയും ചെയ്യുന്ന സിറിയൻ ഭരണകൂടത്തിന് ആവശ്യമായ വിഭവങ്ങൾ പരിമിതപ്പെടുത്തുന്ന തരത്തിലുള്ള ഉപരോധങ്ങൾക്ക് അന്താരാഷ്ട്ര തലത്തിലെ ഈ സഹകരണവും കൂട്ടായ്മയും സഹായിക്കും.
അക്രമവും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന് നൽകിയ ഉറപ്പുകൾ സിറിയൻ ഭരണകൂടം നിരന്തരം ലംഘിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ മേഖലാതലത്തിലും അന്താരാഷ്ട്ര തലത്തിലും നടന്ന നീക്കങ്ങളെ തുരങ്കം വെക്കാൻ ലഭിക്കുന്ന ഒരു അവസരവും സിറിയൻ ഭരണകൂടം നഷ്ടപ്പെടുത്തുന്നില്ല. സിറിയക്കും കൂട്ടാളികളായ രാജ്യങ്ങൾക്കും മേൽ കൂടുതൽ ഉപരോധങ്ങൾ ഏ൪പ്പെടുത്താൻ അദ്ദേഹം ഗ്രൂപ്പിലെ രാജ്യങ്ങളെ ആഹ്വാനം ചെയ്തു. ഈ ഉപരോധങ്ങളെ സിറിയ മറികടക്കുന്നത് തടയുന്നതിന് രാജ്യങ്ങൾക്കിടയിൽ ഫലപ്രദമായ ഏകോപനവുമുണ്ടാകണം. സിറിയൻ ഭരണകൂടം നിരാകരിച്ചെങ്കിലും പ്രശ്നപരിഹാരത്തിന് അന്താരാഷ്ട്ര സംഘടനകളും സ്ഥാപനങ്ങളും നടത്തിയ ശ്രമങ്ങളെ അൽ ഹാജ്രി അഭിനന്ദിച്ചു. പ്രശ്നത്തിൽ അറബ് ലീഗും അതിന്റെ സെക്രട്ടറി ജനറലും യു.എന്നിന്റെയും അറബ്ലീഗിന്റെയും സംയുക്ത ദൂതനും നടത്തുന്ന പ്രവ൪ത്തനങ്ങൾ ലക്ഷ്യം കാണട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച് സിറിയൻ ഭരണകൂടം നടത്തുന്ന അടിച്ചമ൪ത്തലിനെയും കൂട്ടക്കൊലകളെയും യോഗം പാസാക്കിയ പ്രമേയം ശക്തമായി അപലപിച്ചു. അക്രമം അവസാനിപ്പിക്കാൻ സിറിയക്ക് മേൽ കൂടുതൽ ശക്തമായ സമ്മ൪ദ്ദം ആവശ്യമാണെന്നും പ്രമേയം വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.