ബിദൂനി പ്രകടനത്തെ ശക്തമായി നേരിടും

കുവൈത്ത് സിറ്റി: രാജ്യത്ത് ബിദൂനികളുൾപ്പെടെ മതിയായ രേഖകളില്ലാതെ താമസിച്ച് വരുന്നവ൪ സംഘടിപ്പിക്കുന്ന പ്രകടനങ്ങളെ ശക്തമായി നേരിടാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
ജനങ്ങളുടെ ജീവിതത്തിനും രാജ്യത്തിന്റെ സുരക്ഷക്കും ഭംഗം വരുത്തുന്ന നിലയിൽ അനധികൃത താമസക്കാ൪ നടത്തുന്ന പ്രകടനം, പ്രക്ഷോഭം, പണിമുടക്ക് പോലുള്ളവ ഒരു നിലക്കും അനുവദിക്കില്ലെന്നും നിയമത്തെ വെല്ലുവിളിച്ച് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവരെ ശക്തമായി നേരിടുമെന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ വാ൪ത്താകുറിപ്പിൽ പറഞ്ഞു.
രാജ്യത്തെ വിദേശികൾക്കും ബിദൂനികൾക്കും മാന്യമായ നിലയിൽ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും സ്വാതന്ത്രൃമുണ്ട്. തങ്ങളുടെ കാര്യങ്ങൾ നിയമപരമായ നിലയിൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിന് നിലവിലെ സൗകര്യം ഉപയോഗപ്പെടുത്താതെ തെരുവിലിറങ്ങുന്നത് രാജ്യത്തോടുള്ള വെല്ലുവിളിയാണ്.
അത്തരം സംഭവങ്ങളെ ആ നിലക്ക് തന്നെ കണ്ട് നേരിടുന്നതോടൊപ്പം നിയമം ലംഘിച്ച് പ്രകടനവും പ്രക്ഷോഭവും നടത്തുന്നവ൪ രണ്ട് വ൪ഷത്തിൽ കുറയാത്ത തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അധികൃത൪ മുന്നറിയിപ്പ് നൽകി.
ആയിരം ദീനാ൪ പിഴയും ഇതോടൊപ്പം ഒടുക്കേണ്ടിവരും. പൊതുസ്ഥലത്തല്ലാതെ ഓഡിറ്റോറിയം പോലുള്ള ഇടങ്ങളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നവ൪ക്കും ഇത് ബാധകമാണ്.
അതേസമയം, രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിൽ അഞ്ച് അല്ലെങ്കിൽ അതിൽ കൂടുതൽ ആളുകൾ ഒരുമിച്ചുകൂടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ പിടികൂടുന്നതിന് പൊലീസിന് അനുവാദം നൽകുന്ന തരത്തിൽ നിയമത്തിൽ ഭേദഗതിവരുത്തിയതായി മന്ത്രാലയം അറിയിച്ചു. ഇത്തരം സന്ദ൪ഭങ്ങളിൽ പിരിഞ്ഞുപോകാനുള്ള സുരക്ഷാ വിഭാഗത്തിന്റെ നി൪ദേശം അവഗണിക്കുന്നവ൪ക്കെതിരെ ഒരു വ൪ഷം തടവും നൂറ് ദീനാ൪ പിഴയും ചുമത്താൻ ഇതുമായി ബന്ധപ്പെട്ട നിയമ ഭേദഗതി അനുശാസിക്കുന്നുണ്ട്.
ജഹ്റക്കടുത്ത് തൈമയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി പൗരത്വമുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ബിദൂനികൾ സംഘടിപ്പിച്ച പ്രകടനമാണ് ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുക്കാൻ ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിച്ചത്.  
ഉത്തരവിലൂടെ പ്രകടനം നിരോധിച്ചിട്ടും പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും പ്രകടനം നടക്കുകയും അത് അക്രമാസക്തമാവുകയും ചെയ്തിരുന്നു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് അന്ന് ലാത്തിചാ൪ജും കണ്ണീ൪ വാതക പ്രയോഗവും നടത്തേണ്ടി വന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.