മുത്തുവാരല്‍ ഉത്സവം: മിനുക്കുപണികള്‍ക്കായി കപ്പലുകള്‍ നീറ്റിലിറക്കി

കുവൈത്ത് സിറ്റി: പാരമ്പര്യത്തിൻെറ ഓ൪മ്മ പുതുക്കുന്നതിൻെറ ഭാഗമായി സംഘടിപ്പിക്കുന്ന മുത്തുവാരൽ ഉത്സവത്തിൽ പങ്കെടുക്കുന്ന കപ്പലുകളെ മോടി പിടിപ്പിക്കുന്ന ചടങ്ങുകൾക്ക് ആവേശകരമായ തുടക്കം.
കുവൈത്ത് സീ സ്പോ൪ട്സ് ക്ളബിലെ പുരാവസ്തു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് പരമ്പരാഗത രീതിയിൽ കപ്പലുകളുടെ കേടുപാട് തീ൪ക്കലും എണ്ണ മിനുക്കലും ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് തുടക്കമായത്. 24ാമത് മുത്തുവാരൽ ഉത്സവം ആഗസ്റ്റ് 23 മുതൽ 30 വരെ തീയതികളിലാണ് അരങ്ങേറുന്നത്.
സാധാരണ ജൂലൈ മധ്യത്തോടെ സംഘടിപ്പിച്ചുവന്നിരുന്ന ഉത്സവം ഇടക്ക് റമദാൻ വരുന്നതിനാൽ ആഗസ്റ്റ് അവസാനത്തിലേക്ക് മാറ്റുകയായിരുന്നു. ഉത്സവത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്ട്രേഷൻ ജൂൺ 16നാണ് ആരംഭിച്ചത്.
എട്ട് കപ്പലുകളാണ് ഇക്കുറി മുത്തുവാരൽ ഉത്സവത്തിൽ പങ്കെടുക്കുന്നത്. ഇവ൪ക്കുള്ള പരിശീലന പരിപാടികൾ കഴിഞ്ഞ മാസം 30ന് ആരംഭിച്ചിരുന്നു. ടീമംഗങ്ങളുടെ കുടുംബക്കാരും കൂട്ടുകാരും കടപ്പുറത്ത് ഒത്തുകൂടുന്ന ഈ ദിനങ്ങൾ പാട്ടും കൂത്തുമായി പരമ്പരാഗത ആഘോഷത്തിൻെറ നാളുകൾ കൂടിയാവും. തുട൪ന്ന് ഈമാസം 14ന് പത്തൊമ്പതാമത് റിഖ കപ്പലോട്ട മത്സരം അരങ്ങേറും.
കുവൈത്ത് എയ൪ലൈൻസിൻെറ മേൽനോട്ടത്തിൽ നടക്കുന്ന ഈ മത്സരത്തിൽ മുത്തുവാരൽ ഉത്സവത്തിന് തയാറെടുക്കുന്ന എല്ലാ കപ്പലുകളും അണിചേരും. എണ്ണക്ക് മുമ്പുള്ള കാലത്ത് കുവൈത്തികളുടെ മുഖ്യവരുമാന സ്രോതസ്സ് തീരക്കടലിൽ നിന്ന് അവ൪ മുങ്ങിയെടുത്ത്  വിൽപന നടത്തിയിരുന്ന മുത്തുകളായിരുന്നു. എണ്ണയുടെ കണ്ടുപിടിത്തത്തിന് ശേഷമുണ്ടായ കുതിപ്പിൽ എല്ലാവരാലും മറന്നുതുടങ്ങിയ പാരമ്പര്യ തൊഴിൽ ഉത്സവമാക്കി ആഘോഷിക്കാൻ തുടങ്ങിയത് രണ്ടു പതിറ്റാണ്ട് മുമ്പ് അന്നത്തെ അമീറായിരുന്ന ശൈഖ് ജാബിറിൻെറ കാലത്താണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.