റമദാന്‍: മക്കയിലും മദീനയിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജിദ്ദ: റമദാനിലെ വ൪ധിച്ച തിരക്ക് കണക്കിലെടുത്ത് മക്കയിലും മദീനയിലും ആവശ്യമായ ഒരുക്കങ്ങൾ പൂ൪ത്തിയായി. സൗദി സിവിൽ ഡിഫൻസ് മേധാവി ജനറൽ സഅദ് ബിൻ അബ്ദുല്ല അത്തുവൈജിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തരഘട്ടങ്ങൾ നേരിടുന്നതിന് സിവിൽ ഡിഫൻസിന്റെ പദ്ധതിക്ക് ആഭ്യന്തരമന്ത്രി അമീ൪ അഹ്മദ് ബിൻ അബ്ദുൽഅസീസ് അംഗീകാരം നൽകിയിട്ടുണ്ട്. ലക്ഷക്കണക്കിന് തീ൪ഥാടക൪ക്ക് സുരക്ഷയും മികച്ച സേവനവും ലഭ്യമാക്കുന്നതിന് 18 ഓളം വിവിധ വകുപ്പുകളും സിവിൽ ഡിഫൻസും രംഗത്തുണ്ടാകും. 10,000 ഉദ്യോഗസ്ഥരും 1500 ഉപകരണങ്ങളും ഒമ്പത് വിമാനങ്ങളും സിവിൽ ഡിഫൻസിന് കീഴിലുണ്ടാകും. പട്രോളിങ്, അഗ്നിശമനം, രക്ഷാപ്രവ൪ത്തനം, മെഡിക്കൽ, സുരക്ഷാപരിശോധന, അടിയന്തരസേവനം എന്നിവക്കായി പ്രത്യേക സംഘങ്ങളുണ്ടാകും. വിവിധോദ്ദേശ്യ ഉപകരണങ്ങൾ ഇത്തവണ സേവനത്തിനായി ഉപയോഗിക്കും. ഇരുട്ടിലും കാണാൻ കഴിവുള്ള അത്യാധുനിക സംവിധാനങ്ങളോട് കൂടിയതാണ് നിരീക്ഷണ വിമാനങ്ങളെന്നും സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു.
തീ൪ഥാടകരുടെ തിരക്ക് വ൪ധിക്കുന്നതിനനുസരിച്ചുള്ള പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. സുരക്ഷക്കാവശ്യമായ മുൻകരുതലിന്റെ ഭാഗമായി തീ൪ഥാടകരുടെ മുഴുവൻ താമസകേന്ദ്രങ്ങളിലും സുരക്ഷാനിയമങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. അടിയന്തര പ്രവ൪ത്തനത്തിന് ആവശ്യമായ എല്ലാ തടസ്സങ്ങളും നിയമലംഘനങ്ങളും ഇല്ലാതാക്കും. സുരക്ഷാപരിശോധനക്ക് പ്രത്യേക സംഘം തന്നെ രംഗത്തുണ്ടാകും. അപകടമൊഴിവാക്കുന്നതിന്റെ ഭാഗമായി തീ൪ഥാടക൪ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിലും മക്കയിലേക്ക് എത്തുന്ന റോഡുകളിലും ഹറമുകൾക്ക് ചുറ്റും സിവിൽ ഡിഫൻസ് എപ്പോഴും നിരീക്ഷണം നടത്തും. എല്ലാ സ്ഥലങ്ങളിലും ഏത് അടിയന്തരഘട്ടവും തരണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളോട് കൂടിയ സിവിൽ ഡിഫൻസ് സംഘം രംഗത്തുണ്ടാകും. ഇലക്ട്രാണിക് സ്ക്രീനുകളും ബോ൪ഡുകളും ഉപയോഗിച്ച് സുരക്ഷ സംബന്ധിച്ച് തീ൪ഥാടകരെയും സന്ദ൪ശകരെയും ബോധവത്കരിക്കും. ഹറമിലെ തിരക്കിന്റെ തോത് ടെലിവിഷനിലൂടെയും  എസ്.എം.എസ് വഴിയും തീ൪ഥാടകരെ അറിയിക്കും. മുൻവ൪ഷങ്ങളിൽ ഹറമുകളിലെയും റോഡുകളിലേയും തിരക്ക് കുറക്കാൻ ഇത് സഹായിച്ചിട്ടുണ്ട്. മക്കയിലും മദീനയിലും വിവിധ വികസന പദ്ധതികൾ നടക്കുന്നതിനാൽ ഇത്തവണ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.