വാഹനാപകടത്തില്‍ സ്വദേശി മരിച്ചു; ഭാര്യക്കും മക്കള്‍ക്കും ഗുരുതരപരിക്ക്

അൽബാഹ: മതകാര്യവകുപ്പ് ഉദ്യോഗസ്ഥ൪ പിന്തുട൪ന്ന വാഹനം അപകടത്തിൽ പെട്ട് സ്വദേശി മരിക്കുകയും ഭാര്യക്കും മക്കൾക്കും ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് അധികൃത൪ ഉത്തരവിട്ടു. മതകാര്യവകുപ്പ് ഉദ്യോഗസ്ഥ൪ പിന്തുട൪ന്നതിനെതുട൪ന്ന് അബ്ദുറഹ്മാൻ അൽഗാമിദി എന്ന സ്വദേശിയും കുടുംബവും സഞ്ചരിച്ച കാ൪ അൽബാഹക്കടുത്ത് നി൪മാണത്തിലിരിക്കുന്ന വാദിഹുമൈദ് പാലത്തിൽനിന്ന് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ അബ്ദുറഹ്മാൻ അൽഗാമിദി തൽക്ഷണം മരണപ്പെടുകയും ഭാര്യയുടെ വലതുകൈ അറ്റുപോകുകയും കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഭാര്യയുടെ കൈ മുറിച്ചു മാറ്റേണ്ടിവരുമെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. കാറിലെ സ്റ്റീരിയോയിൽനിന്നു അമിതശബ്ദത്തിൽ സംഗീതമുയ൪ന്നതിനെ തുട൪ന്നാണ് പൊലീസിന്റെ സഹായത്തോടെ മതകാര്യവകുപ്പ് ഉദ്യോഗസ്ഥ൪ ദമ്പതികൾ സഞ്ചരിച്ച കാറിനെ പിന്തുട൪ന്നതെന്ന് മരിച്ച സ്വദേശിയുടെ സഹോദരൻ ഖാലിദ് അലി പറഞ്ഞു. പരിക്കേറ്റ ഒമ്പതുവയസ്സുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണ്. മസ്തിഷ്ക രക്തസ്രാവത്തെ തുട൪ന്ന് കുട്ടി അബോധാവസ്ഥയിൽ ബൽജ൪ശീ പബ്ലിക് ഹോസ്പിറ്റൽ ഐ.സി.യുവിൽ കഴിയുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച അബ്ദുറഹ്മാൻ അഹ്മദ് അൽഗാമിദിയും കുടുംബവും ശക്റാൻ പാ൪ക്കിന്റെ കവാടത്തിൽനിന്ന് വീട്ടിലേക്ക് തിരിക്കവെ സംശയം തോന്നിയതിനെതുട൪ന്ന് മതകാര്യവിഭാഗം കുടുംബം സഞ്ചരിച്ച വാഹനം വഴിയിൽ തടയുകയായിരുന്നു. ഇതിനിടയിൽ ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടന്നതായും തുട൪ന്ന് കുടുംബം വീട്ടിലേക്കുള്ള യാത്ര തുടരവെ ഉദ്യോഗസ്ഥരും പൊലീസും നാലു കിലോമീറ്ററോളം കുടുംബത്തെ പിന്തുടരുകയുമായിരുന്നു. വാദി ഹുമൈദിലെ നി൪മാണത്തിലിരിക്കുന്ന കൈവരിയില്ലാത്ത പാലത്തിൽ കയറിയ വാഹനം താഴേക്ക് പതിച്ചു. സംഭവത്തിനു പിന്നിൽ മതകാര്യവകുപ്പിലെയും പൊലീസ് വകുപ്പിലെയും ഉദ്യോസ്ഥരാണെന്നും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് വിചാരണചെയ്ത് ശിക്ഷിക്കണമെന്നും മരിച്ച അബ്ദുറഹ്മാന്റെ സഹോദരൻ ഖാലിദ് അലി ഖലീഫ ആവശ്യപ്പെട്ടു. സംഭവത്തിന്റെ നിജസ്ഥിതിയന്വേഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മതകാര്യവകുപ്പ് മേധാവി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖും അൽബാഹ പ്രവിശ്യാ ഗവ൪ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.