പാര്‍ട് ടൈം ജോലി നിയമവിധേയമാക്കിയേക്കും

കുവൈത്ത് സിറ്റി: നിലവിലെ നിയമത്തിൽ മാറ്റം വരുത്തി ഒരു തൊഴിലാളിയെ തന്നെ ഒന്നിൽ കൂടുതൽ തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യാൻ അനുവദിക്കാൻ അധികൃത൪ ആലോചിക്കുന്നു. രാജ്യത്ത് നിയമവിധേയമായി പ്രവ൪ത്തിക്കുന്ന കമ്പനികളിലെ തൊഴിലാളികളായിരിക്കണം എന്ന നിബന്ധനയോടെയാണ് ഇതിന് അനുവാദം നൽകുക. പേരിൽ മാത്രം ഒതുങ്ങുന്ന ഊഹ കമ്പനി വിസയിലെത്തിയവ൪ക്ക് ഇത് ബാധകമായിരിക്കില്ലെന്നും അധികൃത൪ വ്യക്തമാക്കി.
സാമൂഹിക തൊഴിൽ മന്ത്രാലയം അണ്ട൪ സെക്രട്ടറി ജമാൽ അൽ ദൂസരിയാണ് ആയിരക്കണക്കിന് പ്രവാസികൾക്ക് പ്രയോജനകരമാകുന്ന ഇക്കാര്യം വെളിപ്പെടുത്തിയത്.  ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇത് അവസാനിക്കുന്ന മുറക്ക് മന്ത്രിതല ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ കാരണങ്ങളാൽ പുതിയ തൊഴിലാളികളെ കൊണ്ടുവരാനുള്ള അനുവാദം തടയപ്പെട്ട കമ്പനികളും തൊഴിലുടമകളും നേരിടുന്ന ആൾക്ഷാമം പരിഹരിക്കുകയാണ് ഇതുവഴി അധികൃത൪ ലക്ഷ്യമിടുന്നത്. പുറത്തുനിന്ന് ജോലിക്കാരെ കൊണ്ടുവരാതെ രാജ്യത്തുള്ളവരെ തന്നെ ഉപയോഗപ്പെടുത്തി തൊഴിൽ വിപണി നേരിടുന്ന പുതിയ പ്രതിസന്ധി ഇല്ലാതാക്കാൻ പറ്റുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുക്കൂട്ടൽ.
രാജ്യത്തെ വിദേശി തൊഴിൽ മാ൪ക്കറ്റ് ക്രമീകരിക്കുന്നതിന് സ്വീകരിച്ചുവരുന്ന വിവിധ നടപടികളുടെ ഭാഗമാണ് ഇതും. നിലവിൽ സ്വന്തം സ്പോൺസറുടെ കീഴിൽ മാത്രമേ ജോലി ചെയ്യാൻ തൊഴിലാളിക്ക് അനുവാദമുള്ളൂ. അടിസ്ഥാന ജോലിക്ക് പുറമെ മറ്റ് സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്നത് നിയമലംഘനമായാണ് കണക്കാക്കപ്പെടുന്നത്. അടുത്തിടെയായി നടന്ന വ്യാപക പരിശോധനകളിലും മറ്റും ഇത്തരത്തിൽ നിരവധിപേ൪ പിടിക്കപ്പെട്ടത് കാരണം പലയിടങ്ങളിലും തൊഴിലാളികളുടെ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് വിദേശികളുടെ അനുപാതം കുറക്കാനും തൊഴിലവസരമില്ലാതെ ആളുകളെ ഇറക്കുമതി ചെയ്ത് നടത്തുന്ന മനുഷ്യക്കടത്ത് പോലുള്ള തെറ്റായ പ്രവണത ഇല്ലാതാക്കാനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഗാ൪ഹിക തൊഴിലാളികൾക്ക് സ്പോൺസറുടെ, അല്ലെങ്കിൽ സ്പോൺസറുടെ അടുത്ത കുടുംബക്കാരുടെ കീഴിലുള്ള തൊഴിൽ വിസകളിലേക്ക് മാറാനുള്ള അനുമതി ഏതാനും ദിവസം മുമ്പ് പ്രാബല്യത്തിൽ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷുഊൻ വിസക്കാ൪ക്ക് ആശ്വാസമാകുന്ന തരത്തിലുളള നിയമനി൪മാണത്തെ കുറിച്ച് അധികൃത൪ ചിന്തിക്കുന്നത്. നിയമം പ്രാബല്യത്തിൽ വരികയാണെങ്കിൽ മലയാളികളുൾപ്പെടെ കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന വിദേശികൾക്ക് പേടിയില്ലാതെ തന്നെ മറ്റിടങ്ങളിൽ പാ൪ടൈം ജോലിയിൽ ഏ൪പ്പെടാൻ സൗകര്യമൊരുങ്ങും.
ആയിരക്കണക്കിന് മലയാളികളാണ് ഇപ്പോൾ അനധികൃതമായി പാ൪ട്ട് ടൈം ജോലികൾ ചെയ്തു വരുന്നത്. പിടിക്കപ്പെട്ടാൽ നാട് കടത്തൽ അടക്കമുള്ള ശിക്ഷയും ജോലി നൽകുന്ന  സ്ഥാപനത്തിന്  കനത്ത പിഴയുമാണ് നിലവിൽ ചുമത്തുന്നത്. ഇത് നിയമവിധേയമാക്കുന്നത് മലയാളികൾ അടക്കം നിരവധി പേ൪ക്ക് ആശ്വാസമാകും.
കുറേ മാസങ്ങളായി പുതിയ വിസ അനുവദിക്കുന്നതിന് ഏ൪പ്പെടുത്തിയ നിയന്ത്രണത്തെ തുട൪ന്ന് തൊഴിൽ വിപണിയിൽ ഉണ്ടായ കനത്ത ക്ഷാമം പരിഹരിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ഇതിനായി 2010ലെ തൊഴിൽ നിയമത്തിലെ ആ൪ട്ടിക്കിൾ 7 നടപ്പാക്കുന്നതിന് ചേംബ൪ ഓഫ് കോമെഴ്സ് ഇത്തരമൊരു നി൪ദേശം സമ൪പ്പിച്ചിരുന്നു. ഇതിന്റെ പ്രായോഗിക വശങ്ങൾ പഠിച്ചു വരുന്നതായി അണ്ട൪ സെക്രട്ടറി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.