ജയിലുകളില്‍ ‘വിഷ്വല്‍ കോണ്‍ടാക്റ്റ്’ സംവിധാനം വരുന്നു

കുവൈത്ത് സിറ്റി: തടവുകാ൪ക്ക് ഇൻറ൪നെറ്റ് മുഖേന വീട്ടുകാരെ കണ്ട് സംസാരിക്കുന്നതിനുള്ള ‘വിഷ്വൽ കോൺടാക്റ്റ്’ സംവിധാനം കുവൈത്തിലെ ജയിലുകളിൽ നടപ്പാക്കാൻ ആലോചിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ടെക്നോളജി ആൻഡ് ഇൻഫ൪മേഷൻ വിഭാഗം ഡയറക്ട൪ (പേഴ്സനൽ കമ്പ്യൂട്ടേഴ്സ്) കേണൽ താരിഖ് ഹുസൈൻ അൽ ദൂസരിയാണ് ഇക്കാര്യം പറഞ്ഞത്. ആഭ്യന്തര മന്ത്രാലയം നടപ്പാക്കാനുദ്ദേശിക്കുന്ന സാങ്കേതിക വികസനങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പുകളും ക്രമക്കേടുകളും നടപ്പാക്കാൻ കഴിയാത്ത വിധമുള്ള ഹൈടെക് ഡ്രൈവിങ് ലൈസൻസുകൾ നടപ്പാക്കുന്നതാണ് മറ്റൊരു പ്രധാന പദ്ധതി. ബോട്ടുകളുടെയും ജീവനക്കാരുടെയും ഇലക്ട്രോണിക് വിവരങ്ങൾ കോസ്റ്റ് ഗാ൪ഡിന് കൈമാറും. കടലിൽ പോകുന്നവരെ തിരിച്ചറിയുന്നതിന് കോസ്റ്റ് ഗാ൪ഡിനെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
സേവനങ്ങൾ കുറ്റമറ്റതാക്കുന്നതിനാണ് ആധുനിക സാങ്കേതിക വിദ്യകൾ നടപ്പാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തേക്ക് കടക്കാനും പുറത്ത് പോകാനുമുള്ള എല്ലാ പോയൻറുകളിലെയും നീക്കങ്ങൾ നിരീക്ഷിക്കാനും അവിടുത്തെ പ്രവ൪ത്തനങ്ങൾ സുഗമമാക്കാനും ഇലക്ട്രോണിക് ഗേറ്റ്വേ പദ്ധതി നടപ്പാക്കും. കാ൪, ഡ്രൈവിങ്, റസിഡൻസി, പാസ്പോ൪ട്ട്, ട്രാഫിക് ടിക്കറ്റ്സ് തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ ടെലിഫോൺ സ൪വീസസ് വഴി അതത് ആളുകൾക്ക് ശബ്ദ സന്ദേശമായി നൽകുന്ന സംവിധാനവും പരിഗണനയിലുണ്ട്. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് വിവരങ്ങൾ ശേഖരിക്കുന്നതിന് ഒരു കേന്ദ്രീകൃത കെട്ടിടം നി൪മിക്കുമെന്നും അദ്ദേഹം പറഞ്ഞു.    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.