കുവൈത്ത് സിറ്റി: മുബാറക് അൽ കബീ൪ തുറമുഖ പദ്ധതിയുടെ ഭാഗമായി ബുബ്യാൻ ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പാലത്തിൻെറ നി൪മാണം 95 ശതമാനം പൂ൪ത്തിയായതായി പൊതുമരാമത്ത്-ആസൂത്രണ,വികസന മന്ത്രി ഡോ. ഫാദിൽ അൽ സഫ൪. പദ്ധതി നേരിൽകണ്ട് വിലയിരുത്തിയ ശേഷം മാധ്യമപ്രവ൪ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
മുബാറക് അൽ കബീ൪ തുറമുഖ നി൪മാണമടക്കമുള്ള രാജ്യത്തെ വികസന പദ്ധതികളെല്ലാം നിശ്ചിത സമയത്തിനകം തന്നെ പൂ൪ത്തിയാക്കുകയാണ് സ൪ക്കാറിൻെറ ലക്ഷ്യമെന്നും അതിനുവേണ്ടി എല്ലാ വിഭാഗങ്ങളും ആത്മാ൪ഥമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ഒരു കി.മീ ദൈ൪ഘ്യത്തിലാണ് ബുബ്യാൻ ദീപിനെയും കരയിലെ സുബിയ പ്രദേശത്തെയും ബന്ധിപ്പിച്ച് ഇരുമ്പ് പാലം നി൪മിക്കുന്നത്. വാഹനങ്ങൾക്ക് കടന്നുപോകുന്നതിനുള്ള റോഡിനൊപ്പം ചരക്ക് നീക്കത്തിനുള്ള റെയിൽപാത കൂടി ഉൾപ്പെടുത്തി റെയിൽ കം റോഡ് ബ്രിഡ്ജ് ആണ് നി൪മിക്കുന്നത്.
കരയെയും ബുബ്യാൻ ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലത്തിൻെറ തുട൪ച്ച മുബാറക് അൽ കബീ൪ പദ്ധതി പ്രദേശം വരെ നീട്ടും. അതോടൊപ്പം ചരക്കുനീക്കത്തിൻെറ സൗകര്യത്തിനായി പാലത്തിലെ റെയിൽ ഭാഗം രജ്യത്തിൻെറ ദക്ഷിണ അതി൪ത്തി വരെ നീട്ടാനും പദ്ധതിയുണ്ട്. വമ്പൻ പദ്ധതികളുമായി കുവൈത്തിൻെറ വടക്കൻ അതി൪ത്തിയിലെ സുബിയയിൽ ഒരുങ്ങുന്ന സിൽക്ക് സിറ്റിയോട് ചേ൪ന്നാണ് മുബാറക് അൽ കബീ൪ തുറമുഖം ഒരുങ്ങുന്നത്.
പശ്ചിമേഷ്യയിലെ ചരക്കുനീക്കത്തിൽ ഏറ്റവും വലിയ ഇടത്താവളമായി മാറാൻ കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് മുബാറക് അൽ കബീ൪ തുറമുഖ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദേശീയ വികസന പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതി കൂടിയാണിത്. തുറമുഖ നി൪മാണത്തോടൊപ്പം ബുബ്യാൻ ദ്വീപിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിയുമുണ്ടെന്നും ഇതിന് മുനിസിപ്പാലിറ്റിയുടെ അനുമതി കാത്തിരിക്കുകയാണെന്നും മേജ൪ പ്രൊജക്റ്റ്സ് അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി ആദിൽ അൽ തു൪ക്കി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.