നിതാഖാത്ത്: കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം തള്ളി

റിയാദ്: നിതാഖാത്ത് പദ്ധതിയനുസരിച്ച് സ്വദേശി അനുപാതം പൂ൪ത്തീകരിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ചില വൻകിട കമ്പനികളുടെ അഭ്യ൪ഥന തൊഴിൽ മന്ത്രാലയം തള്ളി. നിതാഖാത്ത് വ്യവസ്ഥപ്രകാരം ഓരോ കമ്പനിയും നിശ്ചിത അനുപാതം സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂ൪ത്തിയാക്കുന്നതിന് മന്ത്രാലയം ഓരോ കാറ്റഗറിക്കും പ്രത്യേകം സമയമനുവദിച്ചിരുന്നു. എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂ൪ത്തീകരിക്കാൻ കഴിയാതെ വന്ന സ്ഥാപനങ്ങൾ സമയപരിധി കഴിഞ്ഞതോടെ മഞ്ഞ, ചുവപ്പ് വിഭാഗങ്ങളിലുൾപ്പെടുകയും അവക്ക് മന്ത്രാലയ സേവനങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തു. തൊഴിലാളികളുടെ ലേബ൪ കാ൪ഡ്, ഇഖാമ എന്നിവ പുതുക്കൽ, പുതിയ തൊഴിൽവിസകൾ അനുവദിക്കൽ, പുതിയ തൊഴിലാളികളുടെ സ്പോൺസ൪ഷിപ്പ് തുടങ്ങിയ പല സേവനങ്ങളും നിയമാനുസൃതം പൂ൪ത്തീകരിക്കാൻ സാധ്യമാകാതെ വന്നത് പല കമ്പനികളുടെയും പ്രവ൪ത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചില വൻകിട കമ്പനികൾ സ്വദേശിവത്കരണ സമയപരിധി നീട്ടിത്തരികയോ ചില തസ്തികകളിൽ പ്രത്യേക ഇളവനുവദിക്കുകയോ വേണമെന്ന ആവശ്യവുമായി മന്ത്രാലയത്തെ സമീപിച്ചത്. നിതാഖാത്ത് പദ്ധതിയനുസരിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ സ്വദേശി അനുപാതം പൂ൪ത്തീകരിക്കാത്ത സ്ഥാപനങ്ങൾ എത്രയും വേഗം നടപടിക്രമങ്ങൾ പൂ൪ത്തീകരിക്കണമെന്നും കൂടതുൽ സമയപരിധി അനുവദിക്കാനോ വ്യവസ്ഥയിൽ ഇളവനുവദിക്കാനോ സാധ്യമല്ളെന്നുമാണ് മന്ത്രാലയം കമ്പനികളെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ നവംബ൪ 23 മുതലാണ് നിതാഖാത്ത് പദ്ധതി പ്രാബല്യത്തിൽ വന്നത്. മന്ത്രാലയത്തിൻെറ നിലപാട് ക൪ശനമായതോടെ കമ്പനികൾ നിശ്ചിത സ്വദേശി അനുപാതം പൂ൪ത്തീകരിക്കാൻ നി൪ബന്ധിതമായിരിക്കുകയാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.