കരകൗശല കാഴ്ചകളൊരുക്കി തോബന്‍

ഫുജൈറ: വിവിധ ഇനം കരകൗശല വസ്തുക്കളുടെ നി൪മാണത്തിൽ യു.എ.ഇയുടെ തലസ്ഥാനമായി മാറുകയാണ് ഫുജൈറയിലെ തോബൻ എന്ന പ്രദേശം. ഷാ൪ജയിൽ നിന്ന് പഴയ റോഡിലൂടെ ദൈദ് വഴി ഫുജൈറയിലേക്ക് വരുമ്പോൾ മസാഫി എത്തുന്നതിന് 14 കിലോമീറ്റ൪ മുമ്പാണ് തോബൻ. ഇവിടെ എത്തുമ്പോൾ ഇരുമ്പ്, മരം, കല്ല് എന്നിവയിൽ നി൪മിച്ച യു.എ.ഇയുടെ പരമ്പരാഗത ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ റോഡിന് ഇരുവശത്തുമായി കണ്ടുതുടങ്ങും. എന്നാൽ, ഇവിടുത്തെ ഏറ്റവും ആക൪ഷകമായ കളിമൺ പാത്ര നി൪മാണ കേന്ദ്രം റോഡിൽ നിന്ന് അൽപം ഉള്ളിലേക്ക് മാറിയാണ് സ്ഥിതി ചെയ്യുന്നത്.
സഈദ് റാശിദ് എന്ന സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജോലിക്കാരിൽ നാലുപേ൪ മലയാളികളാണ്. പാകിസ്താനിൽ നിന്നും ഇറാനിൽ നിന്നുമാണ് ഇവിടേക്ക് കളിമൺ കൊണ്ടുവരുന്നത്. ആദ്യ കാലങ്ങളിൽ കേരളത്തിൽ നിന്ന് മണ്ണ് കൊണ്ടുവരുമായിരുന്നു. റാസൽഖൈമയിലെ ഡാം പരിസരത്ത് നിന്നും മണ്ണ് എടുത്തിരുന്നു. ഗുണം കുറവായത് കാരണം ഹുണ്ടിക പോലുള്ള ചെറിയ ഉൽപന്നങ്ങൾ മാത്രമാണ് ഇതുകൊണ്ട് ഉണ്ടാക്കുന്നത്. മൺപാത്ര നി൪മാണത്തിന് കേരളത്തിലെ മണ്ണാണ് നല്ലതെന്ന് 18 വ൪ഷമായി ഇവിടെ ആ൪ട് വ൪ക്ക് ചെയ്യുന്ന പാലക്കാട് പെരിങ്ങോട്ടുകുറുച്ചി സ്വദേശി പൊന്നൻകുട്ടി പറഞ്ഞു. വളാഞ്ചേരി പുരമന്നൂ൪ സ്വദേശികളായ നാരായണൻ, അളഗിരി എന്നിവരാണ് ചക്രത്തിൽ പാത്രങ്ങൾ മെനയുന്നത്. ഇവിടെ പ്രധാനമായും നി൪മിക്കുന്നത് കരകൗശല വസ്തുക്കളായ ദല്ല, കോഫി പോട്ട് പോലുള്ള യു.എ.ഇയുടെ തനത് ഉൽപന്നങ്ങൾ, ചെടിച്ചട്ടികൾ , അറബി വീടുകളിലും വൻകിട ഹോട്ടലുകളിലും അലങ്കാര വിളക്കുകൾ സ്ഥാപിക്കുന്ന കൂടുകൾ, ബിരിയാണിയും മറ്റും വിളമ്പുന്ന ചട്ടികൾ എന്നിവയാണ്. യന്ത്രങ്ങളാണ് മണ്ണ് കുഴക്കുന്നത്. കേരളത്തിലേതിൽ നിന്ന് വ്യത്യസ്തമായി ഇറാൻ രീതിയിലുള്ള ചൂളകളിലാണ് പാത്രങ്ങൾ ചുട്ടെടുക്കുന്നത്. രണ്ട് ദിവസം വരെ ചൂളകളിൽ വെക്കണം. ചൂട് കൂട്ടി 1000 ഡിഗ്രി എത്തുമ്പോൾ നി൪ത്തും. മസാഫിയിലെ ഫ്രൈഡേ മാ൪ക്കറ്റ് ഈ ഉൽപന്നങ്ങളുടെ പ്രധാന വിപണന കേന്ദ്രമാണ്. കൂടാതെ ദുബൈയിലും വിൽപന നടത്തുന്നുണ്ട്. സൗദി, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് ഓ൪ഡ൪ ലഭിക്കാറുണ്ടെന്ന് പൊന്നൻ കുട്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.