‘ഇന്‍ക്രഡിബിള്‍ ഇന്‍വെസ്റ്റ്മെന്‍റ് റോഡ് ഷോ’ തുടങ്ങി

റിയാദ്: പുതിയ ഉദാരീകരണനയങ്ങൾ പരിചയപ്പെടുത്തി വിദേശ നിക്ഷേപകരെ ആക൪ഷിക്കാൻ ഇന്ത്യ അഞ്ചു ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ‘ഇന്ത്യ: ഇൻക്രഡിബിൾ ഇൻവെസ്റ്റ്മെൻറ് ഡെസ്റ്റിനേഷൻ’ റോഡ്ഷോക്ക് റിയാദിൽ തുടക്കം. റോഡ് ഷോയുടെ ഭാഗമായ നിക്ഷേപക സമ്മേളനം ഞായറാഴ്ച ഉലയ്യ അൽ ഫൈസലിയ ഹോട്ടലിലെ പ്രിൻസ് സുൽത്താൻ ഗ്രാൻറ് ഹാളിൽ ഇന്ത്യൻ അംബാസഡ൪ ഹാമിദലി റാവു ഉദ്ഘാടനം ചെയ്തു. ഡച്ച് ബാങ്കിൻെറ സഹകരണത്തോടെ ഇന്ത്യ ഗവൺമെൻറ് സംഘടിപ്പിക്കുന്ന റോഡ് ഷോക്കുവേണ്ടി സൗദി അറേബ്യ, ദുബൈ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ പര്യടനം നടത്തുന്ന ഉന്നതതല സംഘത്തെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറി ആ൪. ഗോപാലനാണ് നയിക്കുന്നത്. അഡീഷണൽ സെക്രട്ടറി പ്രധാൻ, കേന്ദ്ര റവന്യൂ വകുപ്പ് ഡയറക്ട൪ ആശിഷ് കുമാ൪, റിസ൪വ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധി ആദിത്യ ഗൈഹ, സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് ബോ൪ഡ് ഓഫ് ഇന്ത്യ (സെബി) പ്രതിനിധി മധുസൂദനൻ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവ൪. രാവിലെ 9.45ന് തുടങ്ങിയ സമ്മേളനത്തെ ആദ്യം അഭിസംബോധന ചെയ്ത കേന്ദ്ര ധനകാര്യ സെക്രട്ടറി ആ൪. ഗോപാലൻ വിദേശ നിക്ഷേപകരെ ആക൪ഷിക്കാൻ ഇന്ത്യ പുതുതായി അവതരിപ്പിച്ച ‘ക്വാളിഫൈഡ് ഫോറിൻ ഇൻവെസ്റ്റ൪’ പദ്ധതിയും വിദേശ നിക്ഷേപക ഉദാരീകരണ നയങ്ങളും വിശദീകരിച്ചു. ഇന്ത്യൻ സമ്പദ്ഘടനയിലെ അവസരങ്ങളെന്ന വിഷയത്തിൽ ഡച്ച് ബാങ്ക് ഡയറക്ട൪ ആനന്ദ് രംഗരാജൻ പ്രസൻേറഷൻ നടത്തി. നൂറിലേറെ സൗദി നിക്ഷേപകരും വിദേശ ഇന്ത്യക്കാരും സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മനോഹ൪ റാം, വാണിജ്യ വിഭാഗം ഫസ്റ്റ് സെക്രട്ടറി അശോക് വാര്യ൪, പൊളിറ്റിക്കൽ ആൻറ് പ്രസ് വിഭാഗം സെക്രട്ടറി സുരീന്ദ൪ ഭഗത്ത്, വെൽഫെയ൪ വിങ് സെക്രട്ടറി ഡോ. മുഹമ്മദ് അലീം എന്നിവ൪ നേതൃത്വം നൽകി. ജിയോജിത് ബി.എൻ.പി പാരിബാസ് എം.ഡി സി.ജെ ജോ൪ജ് നന്ദി പറഞ്ഞു. തിങ്കളാഴ്ച ദുബൈയിൽ റോഡ് ഷോ നടക്കും. മസ്കത്തിൽ ചൊവ്വാഴ്ചയും കുവൈത്തിൽ ബുധനാഴ്ചയും ബഹ്റൈനിൽ വ്യാഴാഴ്ചയുമാണ് പരിപാടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.